തിരുവനന്തപുരം: കശുമാങ്ങയിൽ നിന്നും മദ്യം ഉത്പാദിപ്പിക്കുന്നതിനുള്ള അന്തിമാനുമതി കണ്ണൂർ പയ്യാവൂർ സർവീസ് സഹകരണ ബാങ്കിന് ലഭിച്ചു. അടുത്ത കശുവണ്ടി സീസണിൽ മദ്യം ഉത്പാദിപ്പിച്ച് വിപണിയിലെത്തിക്കും. ഡിസംബർ മുതൽ മേയ് വരെയാണ് സീസൺ. കശുവണ്ടിയിൽ നിന്ന് മാത്രമേ മദ്യം ഉത്പാദിപ്പിക്കാൻ ലൈസൻസ് അനുവദിക്കുന്നുള്ളു.
പ്രശസ്തമായ ഗോവൻ ഫെനിയിൽ നിന്ന് പ്രചോദനം ഉൾകൊണ്ടാണ് കണ്ണൂർ ഫെനി ഉത്പാദിപ്പിക്കാൻ ഒരുങ്ങുന്നത്. ജില്ലയിൽ നിന്നും സംഭരിക്കുന്ന കശുമാങ്ങ നീര് വാറ്റിയാണ് ഈ കേരളാ മോഡൽ വിപണിയിലെത്തിക്കുക. ഇതുമായി ബന്ധപ്പെട്ട ചട്ടം കഴിഞ്ഞ ദിവസം എക്‌സൈസ് വകുപ്പ് പുറത്തിറക്കി.
വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിലാണ് പദ്ധതി ഇപ്പോൾ യാഥാർത്ഥ്യമാകാൻ പോകുന്നത്. കശുമാങ്ങയിൽ നിന്ന് ഫെനി എന്ന ആശയവുമായി പയ്യാവൂർ സഹകരണ ബാങ്ക് 2016ലാണ് സർക്കാരിനെ സമീപിച്ചത്. പയ്യാവൂർ മേഖലയിൽ സമൃദ്ധമായി ലഭിക്കുന്ന കശുമാങ്ങ വാറ്റി തനത് മദ്യമാക്കി മാറ്റാനുള്ളതായിരുന്നു നിർദ്ദേശം.
പദ്ധതിക്ക് 2022ലാണ് സർക്കാർ ഔദ്യോഗികമായി അംഗീകാരം നൽകിയത്. എന്നാൽ, ചില നിയന്ത്രണങ്ങൾ കാരണം പദ്ധതി നിർത്തിവെച്ചു. മദ്യം നിർമിക്കുന്നതിനുള്ള ചട്ടം രൂപവത്കരിക്കുന്ന നിയമസഭാ സബ്ജക്ട് കമ്മിറ്റിയുടെ റിപ്പോർട്ട് അംഗീകരിക്കാൻ കാലതാമസം വന്നതാണ് പദ്ധതി വൈകിപ്പിച്ചത്.
ഇപ്പോൾ സബ്ജക്ട് കമ്മിറ്റി റിപ്പോർട്ട് അംഗീകരിക്കുകയും ധനകാര്യ വകുപ്പ് നികുതി നിരക്ക് നിശ്ചയിക്കുകയും ചെയ്തതോടെയാണ് പദ്ധതി യാഥാർത്ഥ്യമാകുന്നത്.
Feni; Liquor made from cashews will soon enter the Kerala market