കൊച്ചി സ്മാർട്‌സിറ്റിയിൽ ആഗോള നിലവാരത്തിൽ നിർമിച്ച ‘ലുലു ഐടി ട്വിൻ ടവർ’ ഈ മാസം 28ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉൽഘാടനം ചെയ്യുന്നതോടെ കൊച്ചി കാത്തിരിക്കുന്നത് വലിയൊരു കുതിപ്പ്. മുഖ്യമന്ത്രിക്കു പുറമെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, മന്ത്രിമാർ, ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖരൻ തുടങ്ങിയവരടക്കം വലിയൊരു നിരയാണ് ഉൽഘാടന ചടങ്ങിൽ പങ്കെടുക്കുന്നത്. ടീകോം പിന്മാറിയതോടെ ഏറെക്കുറെ അടഞ്ഞുപോയെന്നു കരുതിയ കൊച്ചി സ്മാർട് സിറ്റിയുടെ വികസന സ്വപ്നങ്ങൾക്ക് ‘ലുലു ഐടി ട്വിൻ ടവറി’ന്റെ വരവ് ശാപമോക്ഷമാകുമെന്ന് പ്രതീക്ഷ.
35 ലക്ഷം ചതുരശ്ര അടിയിൽ ഏത് പഞ്ചനക്ഷത്ര ഹോട്ടലുകളോടും കിടപിടിക്കുന്ന സൗകര്യത്തിലാണ് ലുലുവിന്റെ ഇരട്ട ഐടി ടവറുകൾ ഉയർന്നിരിക്കുന്നത്. 25 ലക്ഷം ചതുരശ്ര അടിയാണ് വിവിധ ഐടി, ഐടി അനുബന്ധ നിക്ഷേപകർ തങ്ങളുടെ സംരംഭങ്ങൾ ആരംഭിക്കുക. 4500 കാറുകൾക്കുള്ള പാർക്കിങ്ങും വിശാലമായ ഫുഡ്‌കോർട്ടും അടക്കം ഒട്ടേറെ അനുബന്ധ സൗകര്യങ്ങളും ഇതിനൊപ്പം ഒരുങ്ങിയിട്ടുണ്ട്. തുടക്കത്തിൽ 2500 പേർക്കും കമ്പനികൾ എത്തുന്നതോടെ 30,000 പേർക്കും തൊഴിൽ ലഭിക്കുന്ന വിധത്തിലാണ് പദ്ധതി ക്രമീകരിച്ചിരിക്കുന്നത്.
ഐടി, ഐടി അനുബന്ധ മേഖലയിൽ കൊച്ചിയുടെ സാധ്യതകൾ നാൾക്കുനാൾ വർധിച്ചുവരുന്നതിന്റെ ലക്ഷണം കൂടിയാണ് പുതിയ ടവറിന്റെ ഉൽഘാടനം. 2016–22 സമയത്ത് 3 ലക്ഷം ചതുരശ്ര അടി ഓഫീസ് സ്‌പേസുകൾക്ക് വിട്ടുകൊടുക്കാൻ ഉണ്ടായിരുന്നത് എങ്കിൽ 2023ൽ 6 ലക്ഷം ചതുരശ്ര അടിയായും 2024ൽ 15 ലക്ഷം ചതുരശ്ര അടിയായും ഇത് വർധിച്ചിരുന്നു. അവിടേക്കാണ് 25 ലക്ഷം ചതുരശ്ര അടി കൂടി ലുലു ഗ്രൂപ്പ് കൂട്ടിച്ചേർക്കുന്നത്. ലുലു ഗ്രൂപ്പിന്റെ നേതൃത്വത്തിൽ ആഗോള കമ്പനികൾ അടക്കം വരികയും നിക്ഷേപ അന്തരീക്ഷം മാറുകയും ചെയ്താൽ സ്മാർട്‌സിറ്റിയിൽ ഇനിയും പുതിയ പദ്ധതികൾ വന്നേക്കും എന്ന പ്രതീക്ഷയും നിലനിൽക്കുന്നു.
Lulu IT Twin Tower: Chief Minister Pinarayi Vijayan to inaugurate on June 28