തിരുവനന്തപുരം: ലോക പ്രശസ്ത മഹാവിഷ്ണുക്ഷേത്രമായ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ 275 വര്‍ഷത്തിന് ശേഷം നടന്ന മഹാ കുംഭാഭിഷേക ചടങ്ങുകള്‍ ഭക്തര്‍ക്ക് അപൂര്‍വ സായൂജ്യമായി. ക്ഷേത്ര ശ്രീകോവിലിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയതിനെത്തുടര്‍ന്നാണ് മഹാ കുംഭാഭിഷേകം നടത്തിയത്. ഇന്ന് രാവിലെ 7.40-നും 8.40-നും ഇടയ്ക്ക് മുഖ്യതന്ത്രി ഗോവിന്ദന്‍ നമ്പൂതിരിപ്പാടിന്റെ മുഖ്യകാര്‍മ്മികത്തിലാണ് ചടങ്ങുകള്‍ നടന്നത്. ക്ഷേത്രത്തിലെ ഭഗവാന്റെ ഒറ്റക്കല്‍ മണ്ഡപത്തിന്റെയും ഗര്‍ഭ ഗൃഹത്തിന്റെയും പൂര്‍ണ തോതിലുള്ള സ്തൂപികാ പ്രതിഷ്ഠയാണ് മഹാ കുംഭാഭിഷേകം.
2017 ല്‍ സുപ്രീം കോടതി നിയമിച്ച വിദഗ്ദ്ധ സമിതിയുടെ നിര്‍ദ്ദേശപ്രകാരമാണ് പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. കോവിഡ് ഉള്‍പ്പെടെയുള്ള കാരണങ്ങളാല്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ വളരെയധികം നീണ്ടു പോയിരുന്നു. തുടര്‍ന്ന് 2021 മുതല്‍ ഘട്ടം ഘട്ടമായുള്ള നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയാണ് പദ്ധതി പൂര്‍ത്തീകരിച്ചത്.
ശ്രീ പത്മനാഭസ്വാമി എന്നാല്‍ തിരുവനന്തപുരം ദേശത്തിന്റെ അധിപന്‍ എന്നാണ് വിശ്വാസം. തിരുവതാംകൂറിന്റെ മുഴുവന്‍ ദേശദേവതയാണ് ശ്രീ പത്മനാഭസ്വാമി. ശ്രീ പത്മനാഭസ്വാമിയുടെ സാന്നിധ്യത്തിനുണ്ടാകുന്ന വൃദ്ധിക്ഷയങ്ങള്‍ ദേശത്തിന്റെ വൃദ്ധിക്ഷയങ്ങളായി ഭവിക്കും. പത്മനാഭസ്വാമിയുടെ സാന്നിധ്യത്തിന് ന്യൂനതകള്‍ സംഭവിച്ചാല്‍ ദേശത്തിനും ആ ന്യൂനതകള്‍ ഉണ്ടാകുമെന്നാണ് വിശ്വാസം. ഈ ന്യൂനതകള്‍ പരിഹരിച്ച് ഐശ്വര്യം കൊണ്ടുവരികയെന്ന ലക്ഷ്യത്തോടെയാണ് പത്മനാഭസ്വാമി ക്ഷേത്രത്തില്‍ മഹാ കുംഭാഭിഷേകം നടത്തിയത്.
Maha Kumbhabishekam in Sree Padmanabhaswamy Temple after 275 years