ലോസ് ഏഞ്ചൽസ്: ലോസ് ഏഞ്ചല്‍സില്‍ നടന്ന കുടിയേറ്റ വിരുദ്ധ പ്രക്ഷോഭത്തിനിടെ ആപ്പിള്‍ സ്റ്റോറുകള്‍ കൊള്ളയടിച്ചെന്ന് പരാതി. മുഖം മൂടിയെത്തിയാണ് ആളുകള്‍ സ്റ്റോറുകളില്‍ കവര്‍ച്ച നടത്തിയത്. അനധികൃത കുടിയേറ്റക്കാരെ തിരഞ്ഞുപിടിക്കാന്‍ ട്രംപ് സര്‍ക്കാര്‍ നടപടി കടുപ്പിച്ചതിനെതിരായാണ് പ്രക്ഷോഭം നടന്നത്. ഇതിന്‍റെ മറവിലാണ് നഗരത്തിലെങ്ങും വ്യാപക അക്രമം നടന്നത്.
ആപ്പിള്‍ സ്റ്റോറുകളുടെ വിന്‍ഡോ ഗ്ലാസുകള്‍ തകര്‍ത്താണ് അകത്തുകയറിയത്. കെട്ടിടത്തിന്‍റെ ചുമരുകളില്‍ പെയിന്‍റ് പൂശുകയും ചെയ്തിട്ടുണ്ട്. ആപ്പിള്‍ സ്റ്റോറുകള്‍ക്ക് പുറമെ അഡിഡാസ് സ്റ്റോര്‍, മെഡിക്കല്‍ ഷോപ്പുകള്‍, മെഡിസിനല്‍ കഞ്ചാവ് വില്‍ക്കുന്ന സ്റ്റോറുകള്‍, ആഭരണശാലകള്‍ എന്നിവയും പൂര്‍ണമായും കൊള്ളയടിച്ച നിലയിലാണ്. ആപ്പിള്‍ സ്റ്റോറില്‍ കവര്‍ച്ച നടത്തിയ സംഭവത്തില്‍ ഒരു സ്ത്രീയെ അറസ്റ്റ് ചെയ്തതായി ലോസ് ഏയ്ഞ്ചല്‍സ് പൊലീസും സ്ഥിരീകരിച്ചു. രണ്ടുപേര്‍ കൂടി കസ്റ്റഡിയിലായെന്നാണ് വിവരം.
അതേസമയം, അക്രമസംഭവങ്ങളില്‍ ഇതുവരെ എത്രപേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. നേരത്തെ നടന്ന പ്രതിഷേധ പ്രകടനങ്ങളില്‍ 50 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം, അക്രമസംഭവങ്ങളില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കണമെന്നും ഇത്തരം സംഭവങ്ങള്‍ കുടിയേറ്റക്കാരെ ദ്രോഹിക്കാന്‍ മാത്രമേ വഴിവയ്ക്കുകയുള്ളൂവെന്നും ലോസ് എയ്ഞ്ചല്‍സ് മേയര്‍ പറഞ്ഞു.
അതിനിടെ, ലോസ് ഏയ്ഞ്ചല്‍സിലെ പ്രക്ഷോഭം അടിച്ചമര്‍ത്താന്‍ 700 പട്ടാളക്കാരെ ട്രംപ് നിയോഗിച്ചു. ക്രമസമാധാന നില പാലിക്കാന്‍ പ്രസിഡന്‍റിനുള്ള പ്രത്യോകാധികാരം ഉപയോഗിച്ചാണ് ഈ നീക്കം. അതേസമയം, പട്ടാളത്തെ ഇറക്കിയ ട്രംപിന്‍റെ നടപടിക്കെതിരെ സംസ്ഥാനം കടുത്ത പ്രതിഷേധം അറിയിച്ചിട്ടുണ്ട്. അത്യപൂര്‍വമായ സന്ദര്‍ഭങ്ങളില്‍ മാത്രമാണ് യുഎസ് സൈന്യത്തെ യുഎസിനുള്ളില്‍ തന്നെ ഇത്തരത്തില്‍ വിന്യസിക്കാറുള്ളത്. സംസ്ഥാനത്തിന്റെ അധികാരങ്ങള്‍ക്ക് മേലുള്ള കടന്നുകയറ്റമാണിതെന്നും ഇതത്ര നിസാരമായി കാണേണ്ടതല്ലെന്നും നിരീക്ഷകര്‍ വിലയിരുത്തുന്നു. അത്യന്തം അപകടകരമായ അധികാരപ്രയോഗമാണിതെന്നാണ് പ്രഫസര്‍ കോറി സ്കാക് പറയുന്നത്. അതേസമയം, പട്ടാളത്തെ നിയോഗിച്ചുവെന്നല്ലാതെ ഇവര്‍ എന്താണ് ചെയ്യേണ്ടതെന്ന് നിര്‍ദേശിച്ചിട്ടിവ്വെന്നും വാര്‍ത്തകള്‍ പുറത്തുവന്നിട്ടുണ്ട്. 60 ദിവസം കണക്കാക്കിയാണ് നിലവില്‍ സൈന്യത്തെ വിന്യസിച്ചിരിക്കുന്നതെന്നും ഇവരുടെ ഭക്ഷണത്തിനും താമസത്തിനും യാത്രയ്ക്കുമായി 134 മില്യണ്‍ യുഎസ് ഡോളര്‍ ചെലവാകുമെന്നുമാണ് പ്രതീക്ഷിക്കുന്നത്.
Masked men loot big-brand stores and marijuana stores during protests in Los Angeles