pulimoottil

ഹണിമൂണ്‍ കൊലപാതകം: ഭര്‍ത്താവിനെ കൊല്ലാന്‍ ഭാര്യയും കാമുകനും ഗൂഢാലോചന നടത്തി

ഹണിമൂണ്‍ കൊലപാതകം: ഭര്‍ത്താവിനെ കൊല്ലാന്‍ ഭാര്യയും കാമുകനും ഗൂഢാലോചന നടത്തി

ഷില്ലോങ്: മേഘാലയയില്‍ ഹണിമൂണിനിടെ ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ ഭാര്യയും കാമുകനും ചേര്‍ന്ന് ഗൂഢാലോചന നടത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. രാജ രഘുവംശിയുടേയും സോനം രഘുവംശിയുടേയും വിവാഹം കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ രാജ രഘുവംശിയെ കൊലപ്പെടുത്താന്‍ സോനത്തിന്റെ ആണ്‍സുഹൃത്തായ 21 കാരനായ രാജ് കുശ്വാഹ പദ്ധതിയിട്ടിരുന്നതായി റിപ്പോര്‍ട്ട്. സോനം നല്‍കിയ ലൊക്കേഷന്‍ വിവരങ്ങളുടെ സഹായത്താലാണ് ക്വട്ടേഷന്‍ സംഘം രാജ രഘുവംശിയെ കൊല്ലാനായി എത്തിയത്.

ദമ്പതികളെ തിരഞ്ഞ് പൊലീസ് മേഘാലയിലെത്തിയപ്പോഴും രാജ് കുശ്വാഹ ഇന്‍ഡോറില്‍ തന്നെ ഉണ്ടായിരുന്നുവെന്ന് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അന്വേഷണത്തിന്റെ ഭാഗമായി സോനത്തിന്റെ വീട്ടിലെത്തിയപ്പോഴും രാജ് അവിടെയുണ്ടായിരുന്നുവെന്നും പൊലീസ് പറയുന്നു. രാജ രഘുവംശിയുടെ മൃതദേഹം കര്‍മങ്ങള്‍ക്കായി കൊണ്ടുവന്നപ്പോഴും രാജ് കുടുംബാംഗങ്ങളോടൊപ്പം ഉണ്ടായിരുന്നതായാണ് പൊലീസ് നല്‍കുന്ന വിവരം.

രാജയെ ദൂരയുള്ള സ്ഥലത്ത് വെച്ച് കൊലപ്പെടുത്തിയിട്ട് ആളൊഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിക്കാനായിരുന്നു രാജ് പദ്ധതിയിട്ടത്. കുറ്റകൃത്യം നടന്ന സമയം താന്‍ മറ്റൊരിടത്തായിരുന്നു എന്ന് സ്ഥാപിക്കാനായിട്ടാണ് പ്രതി സോനത്തിന്റെ കുടുംബത്തോടൊപ്പം പൊലീസിന് മുന്നില്‍ വന്നത്. ശേഷം അവിടെ നിന്നും ഇന്‍ഡോറിലേക്ക് പോവുകയായിരുന്നു. കൊലപാതകം നടത്തുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പ് സോനവും രാജുവുമായി ഫോണിലൂടെ ബന്ധപ്പെട്ടിരുന്നുവെന്നും പൊലീസ് പറഞ്ഞു.

മെയ് 11 ഇന്‍ഡോറില്‍ വെച്ചാണ് രാജ രഘുവംശിയും സോനവും വിവാഹിതരാകുന്നത്. മെയ് 20-ന് ദമ്പതികള്‍ ഹണിമൂണിനായി ഷില്ലോങ്ങിലേക്ക് പോവുകയായിരുന്നു. മെയ് 21-ന് ഷില്ലോങ്ങിലെത്തിയ രാജയെയും സോനത്തിനെയും മെയ് 23-നാണ് കാണാതാവുന്നത്. ദമ്പതികളെ കാണാതായതായി റിപ്പോര്‍ട്ട് ലഭിച്ചതിനെത്തുടര്‍ന്ന് തിരച്ചില്‍ നടത്തുകയും തുടര്‍ന്ന് ജൂണ്‍ 2-ന് മധ്യപ്രദേശ് സ്വദേശികളായ ദമ്പതികളില്‍ ഭര്‍ത്താവിന്റെ മൃതദേഹം ഒരു മലയിടുക്കില്‍ കണ്ടെത്തുകയുമായിരുന്നു.

Meghalaya honeymoon murder case was preplanned

Share Email
LATEST excelnclexrn
More Articles
Top