മെസിയും അര്‍ജന്റീന ടീമും ഒക്ടോബറില്‍ കേരളത്തിലെത്തുമെന്ന് കായിക മന്ത്രിയുടെ ഉറപ്പ്‌

മെസിയും അര്‍ജന്റീന ടീമും ഒക്ടോബറില്‍ കേരളത്തിലെത്തുമെന്ന് കായിക മന്ത്രിയുടെ ഉറപ്പ്‌

തിരുവനന്തപുരം: അര്‍ജന്റീന ഫുട്‌ബോള്‍ ടീം ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ കേരളത്തിലെത്തുമെന്ന് കായിക മന്ത്രി വി. അബ്ദുറഹ്‌മാന്‍ അറിയിച്ചു. ടീമിനെ കൊണ്ടുവരുന്നതിനായി സ്‌പോണ്‍സര്‍മാര്‍ പണം അടച്ചതായും അര്‍ജന്റീന ടീം മാനേജ്‌മെന്റ് കേരളത്തിലെത്തിയ ശേഷം മറ്റ് കാര്യങ്ങള്‍ തീരുമാനിക്കുമെന്നും മന്ത്രി വ്യക്തമാക്കി. കഴിഞ്ഞ ദിവസം ഫേസ്ബുക്ക് പോസ്റ്റിലൂടെ മെസിയും അര്‍ജന്റീനയും കേരളത്തിലെത്തുമെന്ന് മന്ത്രി സൂചന നല്‍കിയിരുന്നു.

അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനും കേരള സര്‍ക്കാരും സംയുക്തമായി മത്സരങ്ങളുടെ ഷെഡ്യൂള്‍ പ്രഖ്യാപിക്കും. മത്സരങ്ങള്‍ക്ക് പ്രഥമ പരിഗണന തിരുവനന്തപുരത്തിനായിരിക്കുമെന്നും കൊച്ചിയും പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു. സ്റ്റേഡിയം സജ്ജമാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നേരത്തെ അര്‍ജന്റീനയുടെ കേരള സന്ദര്‍ശനം ഒഴിവാക്കിയെന്ന വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഒക്ടോബറില്‍ മെസി കേരളത്തിലെത്തുമെന്നാണ് മന്ത്രി മുന്‍പ് പറഞ്ഞിരുന്നത്.

2022-ല്‍ ഖത്തറില്‍ നടന്ന ലോകകപ്പില്‍ കിരീടം നേടിയ അര്‍ജന്റീന ടീമിന് കേരളത്തില്‍ നിന്ന് ലഭിച്ച വലിയ പിന്തുണയ്ക്ക് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ നന്ദി അറിയിച്ചിരുന്നു. ഇതിനുപിന്നാലെ കേരള സര്‍ക്കാര്‍ അര്‍ജന്റീന ടീമിനെ കേരളത്തിലേക്ക് ക്ഷണിക്കുകയും അതിനായുള്ള ശ്രമങ്ങള്‍ ആരംഭിക്കുകയും ചെയ്തു. സൂപ്പര്‍ താരങ്ങളടങ്ങിയ ടീമിനെ ഇന്ത്യയിലെത്തിക്കുന്നതിനുള്ള ഭീമമായ ചെലവ് സര്‍ക്കാരിന് മുന്നിലുണ്ടായിരുന്നു.

റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനി അര്‍ജന്റീനയെ എത്തിക്കാന്‍ കരാര്‍ ഒപ്പിട്ടെങ്കിലും, കരാര്‍ ഒപ്പിട്ട് 45 ദിവസത്തിനകം പകുതി തുക നല്‍കണമെന്ന വ്യവസ്ഥ പാലിച്ചില്ലെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. തുടര്‍ന്ന് അര്‍ജന്റീന ടീമിന്റെ ഈ വര്‍ഷത്തെ സൗഹൃദ മത്സരങ്ങളുടെ സമയക്രമം പുറത്തുവന്നതോടെ ടീം ഈ വര്‍ഷം ഇന്ത്യയിലേക്കില്ലെന്ന് ഉറപ്പായിരുന്നു. ഒക്ടോബറില്‍ ചൈനയില്‍ രണ്ട് മത്സരങ്ങള്‍ കളിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ ടീം എത്തുമെന്ന് കായികമന്ത്രി ഇപ്പോള്‍ വ്യക്തമാക്കിയത്.

Messi and Argentina team expected in Kerala by October

Share Email
Top