കാനഡയിലെ ജി-7 ഉച്ചകോടിയില്‍ നരേന്ദ്ര മോദി പങ്കെടുക്കില്ലെന്ന് സൂചന

കാനഡയിലെ ജി-7 ഉച്ചകോടിയില്‍ നരേന്ദ്ര മോദി പങ്കെടുക്കില്ലെന്ന് സൂചന

ന്യൂഡല്‍ഹി: ഈ മാസം കാനഡയില്‍ നടക്കുന്ന ജി-7 ഉച്ചകോടിയില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വിട്ടുനിന്നേക്കും. ഖാലിസ്ഥാന്‍ വിഘടനവാദി നേതാവ് ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തെത്തുടര്‍ന്ന് ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധത്തിലെ വിള്ളലുകള്‍ കണക്കിലെടുത്താണ് മോദി വിട്ടുനില്‍ക്കുന്നതെന്നാണ് സൂചന. കഴിഞ്ഞ വര്‍ഷങ്ങളില്‍ എല്ലാം തന്നെ ക്ഷണം സ്വീകരിച്ച നരേന്ദ്ര മോദി ഉച്ചകോടിയില്‍ പങ്കെടുത്തിരുന്നു.

എന്നാല്‍ ഇക്കുറി അതിന് സാധ്യത ഇല്ലെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ ആറ് വര്‍ഷങ്ങള്‍ക്ക് ഇടയില്‍ മോദി പങ്കെടുക്കാത്ത ആദ്യത്തെ ജി-7 ഉച്ചകോടിയ്ക്ക് ആവും കാനഡ സാക്ഷ്യം വഹിക്കുക. അതേസമയം, ഇന്ത്യയുമായി ശക്തമായ പങ്കാളിത്തം കെട്ടിപ്പടുക്കുന്നതില്‍ പുതുതായി തിരഞ്ഞെടുക്കപ്പെട്ട മാര്‍ക്ക് കാര്‍ണി സര്‍ക്കാര്‍ താല്‍പ്പര്യപ്പെടുന്നതായി കാനഡയുടെ വിദേശകാര്യ മന്ത്രി അങ്കിത ആനന്ദ് കനേഡിയന്‍ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.

ജൂണ്‍15 നും-17നും ഇടയില്‍ നടക്കുന്ന ഗ്രൂപ്പ് ഓഫ് 7 ഉച്ചകോടിക്ക് കാനഡ ആതിഥേയത്വം വഹിക്കും. ഈ വര്‍ഷം,ഏ7 നേതാക്കളുടെ വാര്‍ഷിക ഉച്ചകോടി ആല്‍ബര്‍ട്ടയിലെ കനനാസ്‌കിസിലാണ് നടക്കുന്നത്. യൂറോപ്യന്‍ യൂണിയന്‍, ഐഎംഎഫ്, ലോകബാങ്ക്, ഐക്യരാഷ്ട്രസഭ എന്നിവയ്ക്കൊപ്പം യു.എസ്, യുകെ, ജര്‍മ്മനി, ഫ്രാന്‍സ്, ഇറ്റലി, ജപ്പാന്‍, കാനഡ എന്നീ പ്രധാന വ്യാവസായിക രാജ്യങ്ങളും ഇതില്‍ പങ്കെടുക്കുന്നു.

ദക്ഷിണാഫ്രിക്ക, ഉക്രെയ്ന്‍, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങള്‍ അവരുടെ പങ്കാളിത്തം സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടുണ്ടെങ്കിലും ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്നത് സംബന്ധിച്ച് അനിശ്ചിതത്വം നിലനില്‍ക്കുന്നു. അതായത് നയതന്ത്ര സംഘര്‍ഷങ്ങള്‍ക്കിടയില്‍ പ്രധാനമന്ത്രി മോദി ഉച്ചകോടിക്കായി കാനഡ സന്ദര്‍ശിക്കുമോ എന്ന കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമൊന്നുമില്ല. ജി7 ഉച്ചകോടിയില്‍ പ്രധാനമന്ത്രി മോദി പങ്കെടുക്കുന്നതിനെക്കുറിച്ച് ‘ഒരു വിവരവുമില്ല’ എന്ന് ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം സമീപ ആഴ്ചകളില്‍ വ്യക്തമാക്കിയിരുന്നു.

Narendra Modi may not participate in G 7 summit at Canada

Share Email
LATEST
Top