ഇരുപത്തിയഞ്ചാം വാർഷികം ആഘോഷിക്കുന്ന കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക (കെ.എച്ച്.എൻ.എ) സംഘടനയ്ക്ക് പുതിയ ദിശാബോധം നൽകാൻ നവനേതൃത്വം ഒരുങ്ങുന്നു. പരമ്പരാഗത ഹൈന്ദവാചാരങ്ങളെ മുറുകെ പിടിച്ചുകൊണ്ട് തന്നെ കാലാനുസൃതമായ മാറ്റങ്ങൾ ഉൾക്കൊള്ളാൻ ഈ നേതൃത്വം ലക്ഷ്യമിടുന്നു.
വേദിയുടെ പ്രൗഢിയിലും ആഘോഷാരവങ്ങളിലും നഷ്ടപ്പെട്ടുപോവുന്ന അടിസ്ഥാന മൂല്യങ്ങൾ പുതുതലമുറയ്ക്കായി സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടോടെയും അതിനുവേണ്ടി പ്രയത്‌നിക്കാനുള്ള മനസ്സുമായും ഒരു കൂട്ടം ആളുകളാണ് കെ.എച്ച്.എൻ.എയെ നയിക്കാൻ മുന്നോട്ടുവന്നിരിക്കുന്നത്.
കാലത്തിനൊപ്പം സഞ്ചരിച്ചവരുടെ പ്രവർത്തിപരിചയവും യുവത്വത്തിന്റെ പുത്തൻ ആശയങ്ങളും സംയോജിപ്പിച്ച് വലിയൊരു മാറ്റത്തിന് വഴിയൊരുക്കുക എന്നതാണ് ഈ കൂട്ടായ്മ മുന്നോട്ടുവെക്കുന്ന ദീർഘവീക്ഷണം.
സംഘടനാനുഭവവും പ്രവർത്തനക്ഷമതയുമുള്ള ആതിര സുരേഷാണ് 2025 2027 കാലയളവിൽ വലിയ മാറ്റങ്ങൾ മുന്നിൽക്കണ്ട് പ്രവർത്തിക്കുന്ന ഒരു കൂട്ടം ആളുകളുടെ പിന്തുണയോടെ സംഘടനയ്ക്ക് നേതൃത്വം നൽകാൻ ഒരുങ്ങുന്നത്. നിലവിൽ കെ.എച്ച്.എൻ.എയുടെ ജോയിന്റ് സെക്രട്ടറിയായും, കഴിഞ്ഞ നാല് വർഷമായി ‘മൈഥിലി മാ’ എന്ന അമ്മമാരുടെ കൂട്ടായ്മയ്ക്കും ‘ലോലിപോപ്പ്’ എന്ന കുട്ടികൾക്കായുള്ള പരിപാടിക്കും നേതൃത്വം നൽകുന്ന ആതിര സംഘടനയിലെ സജീവ സാന്നിധ്യമാണ്.
അമേരിക്കയിലെ എല്ലാ സംസ്ഥാനങ്ങളിൽ നിന്നുമുള്ള ഹൈന്ദവ സംഘടനാ പ്രതിനിധികളെയും ഉൾക്കൊണ്ടുകൊണ്ടുള്ള ഒരു നേതൃനിരയായിരിക്കും കെ.എച്ച്.എൻ.എയുടെ 2025 2027 പ്രവർത്തനങ്ങൾ മുന്നോട്ട് നയിക്കുന്നതെന്ന് ആതിര സുരേഷ് അറിയിച്ചിട്ടുണ്ട്.
കെ.എച്ച്.എൻ.എ എന്ന ഹൈന്ദവ സംഘടനയ്ക്കായി തന്റെ സമയം സമർപ്പിച്ച് ദീർഘകാലമായി പ്രവർത്തിച്ചുവരുന്ന ആതിര സുരേഷ് നേതൃത്വം ഏറ്റെടുക്കുന്നത് ഏറെ സന്തോഷകരമാണെന്ന് കാലിഫോർണിയ, ടെക്‌സാസ്, ന്യൂയോർക്ക്, ന്യൂജേഴ്‌സി, ഫ്‌ലോറിഡ, പെൻസിൽവേനിയ, ജോർജിയ തുടങ്ങിയ മലയാളികളുടെ നിറസാന്നിധ്യമുള്ള സംസ്ഥാനങ്ങളിലെ വിവിധ ഹൈന്ദവ സംഘടനകൾ വ്യക്തമാക്കിയതിനോടൊപ്പം പൂർണ്ണ പിന്തുണയും പ്രഖ്യാപിച്ചിട്ടുണ്ട്.
വ്യക്തികൾക്കതീതമായി ആശയങ്ങൾക്ക് പ്രാധാന്യം നൽകുന്ന ഈ കൂട്ടായ്മ കെ.എച്ച്.എൻ.എയുടെ ചരിത്രത്തിലേക്ക് തിളക്കമാർന്ന അധ്യായങ്ങൾ കൂട്ടിച്ചേർക്കാൻ ശക്തമായ ആസൂത്രണങ്ങൾ നടത്തിവരികയാണ്.
teamathira@gmail.com
New leadership is preparing to give a new direction to K. H. N. A.