ന്യൂഡൽഹി: രാജ്യത്ത് കോവിഡ് കേസുകളിൽ വർധിച്ചുകൊണ്ടിരിക്കുകയാണ്. ചൊവ്വാഴ്ച രാവിലെ വരെയുള്ള കണക്കുകൾ പ്രകാരം 6815 സജീവ കോവിഡ് കേസുകളാണ് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 24 മണിക്കൂറിനിടെ 324 പുതിയ കോവിഡ് കേസുകളും മൂന്ന് മരണങ്ങളും റിപ്പോർട്ട് ചെയ്തു. കേരളം2053, ഗുജറാത്ത്1109, പശ്ചിമ ബെംഗാൾ 747, ഡൽഹി 691, മഹാരാഷ്ട്ര 631 എന്നിങ്ങനെയാണ് നിലവിലെ ഉയർന്ന കോവിഡ് നിരക്കുകൾ. ഇപ്പോഴത്തെ രോഗവ്യാപനത്തിന് പിന്നിൽ XFG എന്ന പുതിയ വകഭേദവും ഉണ്ടെന്നാണ് പുതിയ ഡേറ്റ വ്യക്തമാക്കുന്നത്.
അതേസമയം, കേരളത്തിൽ കൊവിഡ് കേസുകളിൽ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി വീണാ ജോർജ്. മറ്റ് രോഗമുള്ളവരും പ്രായമായവരും മുൻകരുതലിന്റെ ഭാഗമായി പൊതു ഇടങ്ങളിലും യാത്രകളിലും മാസ്‌ക് ധരിക്കണം.
സംസ്ഥാനത്ത് ഇതുവരെ നിലവിൽ 2,223 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. അതിൽ 96 പേരാണ് ചികിത്സയിലുള്ളത്. അവരിൽ ഭൂരിപക്ഷം പേരും മറ്റ് രോഗങ്ങളുള്ളവരാണ്. എറണാകുളം ജില്ലയിൽ 431 കേസുകളും കോട്ടയത്ത് 426 കേസുകളും തിരുവനന്തപുരത്ത് 365 കേസുകളുമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. രോഗലക്ഷണമുള്ളവർക്ക് കൊവിഡ് പരിശോധന നടത്താൻ എല്ലാ ആശുപത്രികൾക്കും നിർദേശം നൽകി. ആരോഗ്യമന്ത്രി വ്യക്തമാക്കി.
New variant behind Covid spread in India;
2,223 active Covid cases in Kerala