നിലമ്പൂരില്‍ വിധിയെഴുതി സമ്മതിദായകര്‍; 74.02 ശതമാനം പോളിങ്, 23-ന് വോട്ടെണ്ണല്‍

നിലമ്പൂരില്‍ വിധിയെഴുതി സമ്മതിദായകര്‍; 74.02 ശതമാനം പോളിങ്, 23-ന് വോട്ടെണ്ണല്‍

മലപ്പുറം: നിലമ്പൂര്‍: അത്യന്തം വാശിയേറിയ നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ 74.02 ശതമാനത്തിലേറെ പേര്‍ വോട്ട് രേഖപ്പെടുത്തിയെന്നാണ് ഒടുവിലത്തെ കണക്ക്. അന്തിമകണക്ക് താമസിയാതെ തിരഞ്ഞെടുപ്പ് കമ്മിഷന്‍ പുറത്തുവിടും. നിലമ്പൂരിന്റെ പുതിയ ജനപ്രതിനിധി ആരെന്ന് 23-ാം തീയതി തിങ്കളാഴ്ച അറിയാം.

രാവിലെ ഏഴ് മണിക്ക് ആരംഭിച്ച പോളിംഗ് വൈകീട്ട് ആറ് മണിക്കാണ് അവസാനിച്ചത്. മികച്ച പോല്‍ഗ് ആണ് എല്ലാ പഞ്ചായത്തുകളിലും രേഖപ്പെടുത്തിയിരിക്കുന്നത്. ഉച്ചയ്ക്ക് മുമ്പ് തന്നെ ഭൂരിഭാഗം വോട്ടര്‍മാരും പോല്‍ഗ് ബൂത്തിലെത്തി സമ്മതിദാനാവകാശം വിനിയോഗിച്ചു. മണ്ഡലത്തില്‍ മഴ ഭീഷണിയാവുമോ എന്നാണ് ആശങ്ക ഉണ്ടായെങ്കിലും അതെല്ലാം അസ്ഥാനത്താക്കിയായിരുന്നു വോട്ടര്‍മാര്‍ എത്തിയത്.

വാശിയേറിയ പ്രചരണവും ആവേശം കൊട്ടിക്കയറിയ കൊട്ടിക്കലാശവും വോട്ടര്‍മാരില്‍ സ്വാധീനിച്ചെന്ന ചോദ്യത്തിന് ഉത്തരം നല്‍കുന്നതാണ് പോളിംഗ് കണക്കുകള്‍. ഔദ്യോഗിക പോളിംഗ് ശതമാനം ഇന്ന് രാത്രിയോടെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിടും. എല്‍.ഡി.എഫിനായി എം സ്വരാജ്, യു.ഡി.എഫിനായി ആര്യാടന്‍ ഷൗക്കത്ത്, എന്‍.ഡി.എയ്ക്കായി മോഹന്‍ ജോര്‍ജ്, സ്വതന്ത്രനായി പി.വി അന്‍വര്‍ എന്നിവരായിരുന്നു നിലമ്പൂരില്‍ നിന്ന് ജനവിധി തേടിയ പ്രമുഖ സ്ഥാനാര്‍ത്ഥികള്‍.

ജയം ഉറപ്പെന്ന് എം സ്വരാജ് പ്രതികരിച്ചു. വോട്ടിംഗ് ശതമാനം ഉയര്‍ന്നത് വിജയപ്രതീക്ഷ കുറയ്ക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. തികഞ്ഞ ആത്മവിശ്വാസമെന്ന് ആര്യാടന്‍ ഷൗക്കത്ത് പ്രതികരിച്ചു. വിജയം സുനിശ്ചിതമെന്നും പോളിംഗ് ശതമാനം കൂടിയത് തനിക്ക് അനുകൂലമെന്നും പി.വി അന്‍വര്‍ പറഞ്ഞു. പിണറായിസത്തിന് എതിരായ വിധിഎഴുതായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം ഹോം വോട്ടിങിന് അനുമതി ലഭിച്ച 1254 പേര്‍ക്കുള്ള വോട്ടെടുപ്പ് ജൂണ്‍ 16-ന് പൂര്‍ത്തിയായിരുന്നു. ഉപതിരഞ്ഞെടുപ്പിനായി 59 പുതിയ പോളിംഗ് സ്റ്റേഷനുകള്‍ ഉള്‍പ്പെടെ ആകെ 263 പോളിംഗ് സ്റ്റേഷനുകളാണ് സജ്ജീകരിച്ചിരുന്നത്. റിസര്‍വ് ഉള്‍പ്പെടെ 315 വോട്ടിങ് യന്ത്രങ്ങളും 341 വിവിപാറ്റുകളും വോട്ടെടുപ്പിനായി ഉപയോഗിച്ചു. നിലമ്പൂരിന് പുറമെ ഗുജറാത്തിലെ കാഡി, വിസവദര്‍ സീറ്റുകളിലും പഞ്ചാബിലെ ലുധിയാന, പശ്ചിമ ബംഗാളിലെ കാളിഗഞ്ച് തുടങ്ങിയ സീറ്റുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പും ഇന്ന് നടന്നു.

Nilambur by election above 70 % polling-counting on 23rd

Share Email
LATEST
More Articles
Top