ലോകമെമ്പാടുമുള്ള മലയാളികളുടെ കണ്ണും കാതും ഇപ്പോള്‍ നിലമ്പൂര്‍ നിയമസഭാ മണ്ഡലത്തിലാണ്. ആവേശോജ്വലമായ ഒരു ജനാധിപത്യപ്പോരാട്ടത്തിന് അവിടെ മുന്നണികള്‍ അങ്കം കുറിച്ചു കഴിഞ്ഞു. കോണ്‍ഗ്രസിനെയും സി.പി.എമ്മിനെയും വെല്ലുവിളിച്ച് സ്വതന്ത്ര വേഷം കെട്ടുന്ന പി.വി അന്‍വര്‍ (കത്രിക), കോണ്‍ഗ്രസിന്റെ ആര്യാടന്‍ ഷൗക്കത്ത് (കൈപ്പത്തി), സി.പി.എമ്മിന്റെ എം സ്വരാജ് (അരിവാള്‍ ചുറ്റിക നക്ഷത്രം), ബി.ജെ.പിയുടെ അഡ്വ. മോഹന്‍ ജോര്‍ജ് (താമര) എന്നിവര്‍ പ്രധാന സ്ഥാനാര്‍ത്ഥികളായി ഗോദയില്‍ ഏറ്റു മുട്ടുമ്പോള്‍ ഫലമറിയാന്‍ അധികം ദിവസം കാത്തിരിക്കേണ്ടിവരില്ല.
പിന്‍വലിച്ചതും തള്ളിയതുമായ നാമനിര്‍ദേശ പത്രികകള്‍ തീര്‍ത്ത് മത്സര രംഗത്തുള്ളത് 10 പേരാണ്. ഇതില്‍ ആറ് സ്ഥാനാര്‍ത്ഥികളും സ്വതന്ത്രരായാണ് മത്സരിക്കുന്നത്. വരുന്ന 19-ന് നിലമ്പൂരിലെ സമ്മതിദായകര്‍ പോളിങ് ബൂത്തുകളിലെത്തും. 23-നാണ് കേരളക്കര കാത്തിരിക്കുന്ന വോട്ടെണ്ണല്‍. സി.പി.എം സ്വതന്ത്രനായി രണ്ടുവട്ടം ഇവിടെ മല്‍സരിച്ച് വിജയിച്ച പി.വി അന്‍വര്‍ മുഖ്യമന്ത്രി പിണറായി വിജയനോടും സി.പി.എമ്മിനോടും ഇടഞ്ഞ് രാജിവച്ച പശ്ചാത്തലത്തിലാണ് നിലമ്പൂരില്‍ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.
എന്നാല്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന അന്‍വറിന്റെ യു.ഡി.എഫ് പ്രവേശനം പൊലിഞ്ഞതിന്റെ പേരില്‍ കോണ്‍ഗ്രസ് നേതാക്കളെ വെല്ലുവിളിച്ചുകൊണ്ടാണ് അദ്ദേഹം സ്വതന്ത്രനായി മല്‍സരിത്തുന്നത്. തന്റെ ജയമല്ല, സിപി.എമ്മിന്റെ തോല്‍വിയാണ് അന്‍വര്‍ ആഗ്രഗിക്കുന്നത്. എന്നാല്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയെയും അദ്ദേഹം എതിര്‍ക്കുന്നു. അന്‍വര്‍ ഇവിടെ എന്തായാലും ജയിക്കാന്‍ പോകുന്നില്ല. ഭരണവിരുദ്ധ വികാരവും കൂടി കണക്കിലെടുത്ത് എണ്ണയൊഴിച്ച യന്ത്രം പോലെ പ്രവര്‍ത്തിച്ചാല്‍ കോണ്‍ഗ്രസിന്റെ ആര്യാടന്‍ ഷൗക്കത്തിന് കൊടിപാറിക്കാം. സി.പി.എമ്മിന്റെ എം സ്വരാജ് മികച്ച സ്ഥാനാര്‍ത്ഥിയാണ്.
ഇടതുമുന്നണി പിടിച്ചെടുത്ത യു.ഡി.എഫിന്റെ ഉരുക്ക് ഉരുക്ക് കോട്ടയാണ് നിലമ്പൂര്‍. നിലമ്പൂര്‍ താലൂക്കിലെ നിലമ്പൂര്‍ നഗരസഭയും അമരമ്പലം, ചുങ്കത്തറ, എടക്കര, കരുളായി, മൂത്തേടം, പോത്തുകല്‍, വഴിക്കടവ് എന്നീ ഗ്രാമപഞ്ചായത്തുകളും ഉള്‍പ്പെടുന്നതാണ് നിലമ്പൂര്‍ നിയമസഭാ മണ്ഡലം 1967-ല്‍ നടന്ന ആദ്യ തിരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ വീശിയത് ചുവപ്പ് കാറ്റായിരുന്നു. കെ കുഞ്ഞാലിയിലൂടെ മണ്ഡലം ഇടതിനൊപ്പം നിന്നു. എന്നാല്‍ 69-ല്‍ കുഞ്ഞാലിയുടെ അരുംകൊലയ്ക്കാണ് മണ്ഡലം സാക്ഷിയായത്. നിലമ്പൂരിന്റെ ആദ്യ എം.എല്‍.എ വെടിയേറ്റ് മരിച്ചതിനെ തുടര്‍ന്ന് 1970-ല്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ മണ്ഡലം ഇടതിനെ കൈവിട്ടു.
അന്ന് കോണ്‍ഗ്രസിന്റെ എം.പി ഗംഗാധരനെ സ്വീകരിച്ച മണ്ഡലം ’77-ലും ’80-ലും യു.ഡി.എഫിമെ തുണച്ചു. എന്നാല്‍ ’82-ല്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി ആര്യാടന്‍ മുഹമ്മദിനെ പരാജയപ്പെടുത്തിയ സി.പി.എമ്മിന്റെ ടി.കെ ഹംസ മണ്ഡലം വീണ്ടും ചുവപ്പിച്ചു. 1987 മുതല്‍ കോണ്‍ഗ്രസിന്റെ വിജയ കുതിപ്പിനാണ് മണ്ഡലം സാക്ഷ്യം വഹിച്ചത്. ’87 മുതല്‍ 2011 വരെ ആറ് തവണ തുടര്‍ച്ചയായി മണ്ഡലത്തില്‍ വിജയക്കൊടി പാറിച്ചത് ആര്യാടന്‍ മുഹമ്മദാണ്. 1977-ലും 1980-ലും ആര്യാടനായിരുന്നു നിലമ്പൂരിന്റെ പ്രതിനിധി. എന്നാല്‍ 2016-ല്‍ കാര്യങ്ങള്‍ അപ്രതീക്ഷിതമായി മാറി മറിഞ്ഞു.
കേരളമൊട്ടാകെ ആഞ്ഞടിച്ച ഇടത് തരംഗത്തില്‍ നിലമ്പൂരിലും വലിയ അടിയൊഴുക്കുകള്‍ ഉണ്ടായി. ഉറച്ച കോട്ടയില്‍ പോരിനിറങ്ങിയ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയും ആര്യാടന്‍ മുഹമ്മദിന്റെ മകനുമായ ആര്യാടന്‍ ഷൗക്കത്തിന് അടിതെറ്റി. ഇടത് സ്വതന്ത്രന്‍ പി.വി അന്‍വറിലൂടെ മണ്ഡലം ഇടതിന് സ്വന്തമായി. 2021-ലും അന്‍വര്‍ മണ്ഡലം കാത്തു. പതിറ്റാണ്ടുകള്‍ക്ക് ശേഷം പിടിച്ചെടുത്ത മണ്ഡലം കൈവിട്ട് കളയാന്‍ ഇടതിനൊട്ടുമാവില്ല. തങ്ങളെ വെല്ലുവിളിച്ച് പുറത്തുപോയ അന്‍വറിനെ മുട്ടുകുത്തിക്കുന്നതില്‍ കുറഞ്ഞൊന്നും ഇടതു ക്യാമ്പ്, പ്രത്യേകിച്ച് സി.പി.എം ചിന്തിക്കുന്നുമില്ല.
ഇനിയാണ് യഥാര്‍ത്ഥ പോര്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് നടക്കുന്ന നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് ഫലം എന്തായിരിക്കും..? കേരളത്തിലെ മൂന്ന് മുന്നണികളും രാഷ്ട്രീയപ്പാര്‍ട്ടികളും കൂട്ടലും കിഴിക്കലും തുടങ്ങിക്കഴിഞ്ഞു. ബി.ജെ.പിക്ക് നിലമ്പൂരില്‍ എന്തെങ്കിലും നേട്ടമുണ്ടാക്കാന്‍ കഴിയുമോ..? 2016-ല്‍ 11,504 വോട്ടുകള്‍ നേടിയ ബി.ജെ.പിയുടെ പ്രകടനം 2021-ല്‍ 8,595 വോട്ടുകളില്‍ ഒതുങ്ങി. ഉപതിരഞ്ഞെടുപ്പില്‍ രാജീവ് ചന്ദ്രശേഖര്‍ എന്ന ടെക്‌നോക്രാറ്റായ ബി.ജെ.പി പ്രസിഡന്റിന്റെ റോളും അപ്രസക്തമല്ല.
Nilambur by election campaign in full swing