ഒഡിഷയിൽ കന്യാസ്ത്രീയെ ബജ്റംഗ്ദൾ പ്രവർത്തകർ ട്രെയിനിൽനിന്ന് പിടിച്ചിറക്കി: വിചാരണ നടത്തി, ആക്രമിച്ചു

ഒഡിഷയിൽ കന്യാസ്ത്രീയെ ബജ്റംഗ്ദൾ പ്രവർത്തകർ ട്രെയിനിൽനിന്ന് പിടിച്ചിറക്കി: വിചാരണ നടത്തി, ആക്രമിച്ചു

ഭുവനേശ്വർ: ഒഡിഷയിൽ കന്യാസ്ത്രീയെ ബജ്റംഗ്ദൾ പ്രവർത്തകർ ട്രെയിനിൽനിന്ന് പിടിച്ചിറക്കി ആക്രമിച്ചു. മേയ് 31-ന് രാത്രിയിൽ രാജധാനി എക്സ്പ്രസിൽ സഞ്ചരിക്കുമ്പോഴായിരുന്നു സംഭവം. മതപരിവർത്തനം ആരോപിച്ചാണ് 29-കാരിയായ കന്യാസ്ത്രീയെ ആക്രമിച്ചത്.

ട്രെയിനിൽ കന്യാസ്ത്രീയോടൊപ്പം മറ്റു നാലുപേരും ഉണ്ടായിരുന്നു. കന്യാസ്ത്രീയുടെ പ്രായപൂർത്തിയാകാത്ത സഹോദരനും കൂടെ ഉണ്ടായിരുന്നു. ഇവരെ കണ്ട ബജ്റംഗ്ദൾ പ്രവർത്തകൾ, കന്യാസ്ത്രീ കുട്ടിക്കടത്തും മതപരിവർത്തനവും നടത്തുകയാണെന്നാരോപിച്ച് ബലം പ്രയോഗിച്ച് കോർബ സ്റ്റേഷനിൽ ഇറക്കുകയായിരുന്നു.

രാത്രി പതിനൊന്ന് മണിക്കായിരുന്നു സംഭവം. താൻ കന്യാസ്ത്രീയാണെന്നും കാലങ്ങളോളം കത്തോലിക്കാ സഭയുടെ വിശ്വാസിയാണെന്നും പറഞ്ഞ് ഐഡി കാർഡുകളടക്കം കാണിച്ചെങ്കിലും ബജ്റംഗ്ദൾ പ്രവർത്തകർ വെറുതെവിട്ടില്ലെന്നും ആൾക്കൂട്ട വിചാരണനടത്തിയെന്നുമാണ് പരാതി. പിന്നീട് പോലീസും മനുഷ്യാവകാശ പ്രവർത്തകരും ഇടപെട്ട് ഇവരെ രക്ഷപ്പെടുത്തുകയായിരുന്നു.

കഴിഞ്ഞ ദിവസം ഒഡിഷയിൽ തന്നെ മലയാളികളായ രണ്ട് വൈദികരെ അവരുടെ ആശ്രമത്തിൽ എത്തി അക്രമി സംഘം ആക്രമിച്ചിരുന്നു. ഗുരുതരമായി പരുക്കേറ്റ് രണ്ടു വൈദികർ കേരളത്തിൽ ആശുപത്രിയിൽ ചികിൽസയിലാണ്.

Share Email
Top