കണ്ണീര്‍ മഴയത്ത് മലയാളി നേഴ്‌സ് രഞ്ജിതയ്ക്ക് യാത്രാമൊഴി; സ്വപ്ന വീട്ടില്‍ അന്ത്യനിദ്ര

കണ്ണീര്‍ മഴയത്ത് മലയാളി നേഴ്‌സ് രഞ്ജിതയ്ക്ക് യാത്രാമൊഴി; സ്വപ്ന വീട്ടില്‍ അന്ത്യനിദ്ര

പത്തനംതിട്ട: ആതുര ശുശ്രൂഷ നിയോഗമാക്കി പ്രവാസ ജീവിതം നയിക്കെ അകാലത്തില്‍ പൊലിഞ്ഞ മലയാളി നേഴ്‌സ് രഞ്ജിത ഗോപകുമാരന്റെ ഭൗതിക ശരീരം നെഞ്ചുലഞ്ഞ നിമിഷങ്ങളില്‍ സംസ്‌കരിച്ചു. ഇന്ന് വൈകീട്ട് 5-ന് രഞ്ജിത അമ്മയ്ക്കും മക്കള്‍ക്കുമൊപ്പം സ്വസ്ഥമായി ജീവിക്കാന്‍ കൊടിച്ച പണിതീരാത്ത വീടിന്റെ വളപ്പിലാണ് അന്ത്യവിശ്രമ സ്ഥലമൊരുക്കിയത്. ഒരു നാടിന്റെ മുഴുവന്‍ തേങ്ങല്‍ അവിടെ പ്രതിധ്വനിച്ചു. വന്‍ ജനാവലിയുടെ സാന്നിധ്യത്തിലായിരുന്നു അന്ത്യകര്‍മങ്ങള്‍.

ഇന്ന് രാവിലെ 7.15-ന് തിരുവനന്തപുരം വിമാനത്തവളത്തില്‍ വച്ച് മന്ത്രി വി ശിവന്‍കുട്ടിയാണ് മൃതദേഹം ഏറ്റുവാങ്ങിയത്. തുടര്‍ന്ന് മന്ത്രിമാരായ വി ശിവന്‍കുട്ടി, ജി.ആര്‍ അനില്‍ എന്നിവര്‍ സംസ്ഥാന സര്‍ക്കാരിനു വേണ്ടി അന്തിമോപചാരം അര്‍പ്പിച്ചു. സി.പി.എം ജനറല്‍ സെക്രട്ടറി എം.എ ബേബി, സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍, കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ബി.ജെ.പി നേതാവ് എസ് സുരേഷ് തുടങ്ങിയവര്‍ വിമാനത്താവളത്തിലെത്തി അന്തിമോപചാരം അര്‍പ്പിച്ചു.

തുടര്‍ന്ന് സ്വദേശമായ പത്തനംതിട്ടയിലേയ്ക്ക് കൊണ്ടുപോയ മൃതദേഹം രാവിലെ 10 മണിക്ക് പുല്ലാട് ശ്രീ വിവേകാനന്ദ ഹൈസ്‌കൂളില്‍ പൊതുദര്‍ശനത്തിന് വയ്ക്കുകയും ഉച്ചയ്ക്ക് 1.30-ന് തന്റെ സ്വപ്നമായ വീട്ടിലേക്ക് എത്തിക്കുകയുമായിരുന്നു. മന്ത്രിമാരായ വി.എന്‍ വാസവന്‍, സജി ചെറിയാന്‍ തുടങ്ങിയവര്‍ അന്ത്യാപചാരമര്‍പ്പിച്ചു.

അഹമ്മദാബാദി വിമാനാപകടത്തില്‍ മരിച്ച രഞ്ജിതയുടെ മൃതദേഹം ദിവസങ്ങല്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ കഴിഞ്ഞ ദിവസമാണ് ഡി.എന്‍.എ പരിശോധനയിലൂടെ തിരിച്ചറിഞ്ഞത്. അമ്മ തുളസിയുടെ ഡി.എന്‍.എ സാമ്പിളുമായാണ് രഞ്ജിതയുടെ ഡി.എന്‍.എ പൊരുത്തപ്പെട്ടത്.

ജീവിത പ്രതിസന്ധികള്‍ക്കിടെ സ്വന്തം പ്രയത്‌നം കൊണ്ട് പണിതുയര്‍ത്തിയ പുതിയ വീട്ടിലേക്ക് മാറാന്‍ ഒരുങ്ങുന്നതിനിടെയാണ് വിധി രഞ്ജിതയുടെ ജീവന്‍ കവര്‍ന്നത്. യു.കെയില്‍ നേഴ്സായിരുന്നു രഞ്ജിത. വര്‍ഷങ്ങളോളം ഗള്‍ഫ് രാജ്യങ്ങളിലും ജോലി ചെയ്തിരുന്നു. അതിനിടെ, പി.എസ്.സി വഴി സര്‍ക്കാര്‍ സര്‍വീസില്‍ ജോലി ലഭിച്ചു. അഞ്ചു വര്‍ഷം മുമ്പ് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ലഭിച്ച ജോലിയില്‍ നിന്ന് അവധിയെടുത്താണ് രഞ്ജിത വിദേശത്തേക്ക് പോയത്.

അവധി പുതുക്കുന്നതിന്റെ ഭാഗമായാണ് ലണ്ടനില്‍ നിന്ന് കേവലം അഞ്ചു ദിവസത്തെ അവധിക്കായി നാട്ടിലെത്തിയത്. ചെങ്ങന്നൂരില്‍ നിന്ന് ട്രെയിന്‍ മാര്‍ഗം ചെന്നൈയില്‍ എത്തിയ രഞ്ജിത തുടര്‍ന്ന് കണക്റ്റിങ് ഫ്‌ളൈറ്റില്‍ അഹമ്മദാബാദിലെത്തി. അവിടെ നിന്ന് ലണ്ടനിലേക്ക് എയര്‍ ഇന്ത്യ വിമാനത്തില്‍ പോകുമ്പോഴാണ് രാജ്യം കണ്ട ഏറ്റവും വലിയ വിമാന ദുരന്തം ഉണ്ടായതും രഞ്ജിത കൊല്ലപ്പെടുന്നതും

വീടിന്റെ പണി പൂര്‍ത്തിയാകുന്നതോടെ പ്രവാസ ജീവിതം മതിയാക്കി സര്‍ക്കാര്‍ ജോലിയില്‍ തിരികെ കയറാനായിരുന്നു രഞ്ജിതയുടെ തീരുമാനം. ആശിച്ചു പണിപൂര്‍ത്തിയാക്കിയ വീടിന്റെ ഗൃഹപ്രവേശം പോലും കാണാനാകാതെയാണ് രഞ്ജിത മടങ്ങുന്നത്. വൃദ്ധയായ അമ്മ തുളസി, ചെറിയ കുട്ടികളായ ഇന്ദുചൂഡന്‍, ഇതിക എന്നീ മക്കളാണ് വീട്ടില്‍ രഞ്ജിതയ്ക്കുള്ളത്. മകന്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ്, മകള്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയും. രണ്ട് സഹോദരന്‍മാരുമുണ്ട്.

അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ 270 പേര്‍ മരിച്ചിട്ടുണ്ടെന്നാണ് സര്‍ക്കാരിന്റെ ഔദ്യോഗിക കണക്കുകള്‍. ഡിഎന്‍എ പരിശോധയില്‍ 231 ശരീരങ്ങള്‍ തിരിച്ചറിഞ്ഞിട്ടും രഞ്ജിതയുടെ മൃതദേഹം തിരിച്ചറിയാന്‍ നേരത്തെ കഴിഞ്ഞിരുന്നില്ല. ഇന്ന് പുറത്തുവന്ന പരിശോധന ഫലങ്ങളോടെ 251 പേരെ തിരിച്ചറിഞ്ഞു. അതില്‍ 245 പേരുടെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറുകയും ചെയ്തു. വിമാനത്തില്‍ 242 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഒരു യാത്രക്കാരന്‍ മാത്രമാണ് അത്ഭുകരമായി രക്ഷപ്പെട്ടത്.

Nurse Ranjitha’s dead body laid to rest at Pullad home

Share Email
Top