വാഷിങ്ടൺ: ഇറാനിലെ ഫോർദോ ആണവ കേന്ദ്രത്തിൽ നടന്ന ആക്രമണത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് യുഎസ് സൈന്യം. ‘ഓപ്പറേഷൻ മിഡ്‌നൈറ്റ് ഹാമർ’ എന്ന് പേരിട്ട ദൗത്യത്തിന് പിന്നിലെ രഹസ്യ ആസൂത്രണവും ബി2 വിമാനങ്ങൾ ഉപയോഗിച്ചുള്ള ബോംബാക്രമണവും ഉൾപ്പെടെയുള്ള കാര്യങ്ങൾ ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് ചെയർമാൻ ജനറൽ ഡാൻ കെയ്ൻ വെളിപ്പെടുത്തി.
ജൂൺ 22ന് നടന്ന ആക്രമണത്തിൽ, 30,000 പൗണ്ട് ഭാരമുള്ള കൂറ്റൻ ബങ്കർ ബസ്റ്റർ ബോംബ് ഇറാനിൽ പൊട്ടിത്തെറിക്കുന്നത് കണ്ടതിന് ശേഷം ഒരു പൈലറ്റ് പറഞ്ഞതായി കെയ്ൻ ഉദ്ധരിച്ചു: ”കണ്ടിട്ടുള്ളതിൽവെച്ച് ഏറ്റവും തിളക്കമുള്ള സ്‌ഫോടനം, പകൽ വെളിച്ചം പോലെ തോന്നി.’ ദൗത്യം കഴിഞ്ഞ് തിരിച്ചെത്തുമോ എന്ന് ഉറപ്പില്ലാതെയാണ് യുഎസ് സൈനികർ പറന്നുയർന്നതെന്നും, അവർ തിരിച്ചെത്തിയപ്പോൾ വൈകാരിക നിമിഷങ്ങളുണ്ടായെന്നും കെയ്ൻ കൂട്ടിച്ചേർത്തു. ഇറാനിലെ ഫോർദോ, നതാൻസ്, ഇസ്ഫഹാൻ എന്നിവിടങ്ങളിലെ പ്രധാന ആണവ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടാണ് യുഎസ് ‘ഓപ്പറേഷൻ മിഡ്‌നൈറ്റ് ഹാമർ’ നടത്തിയത്.
ആക്രമണത്തിന്റെ വിശദാംശങ്ങൾ: ഭൂമിക്കടിയിൽ ആഴത്തിൽ നിർമ്മിച്ച ഫോർദോ ആണവ നിലയത്തിന് രണ്ട് പ്രവേശന വഴികളുണ്ടായിരുന്നതായി യുഎസ് സൈന്യം അവകാശപ്പെടുന്നു. ഓരോ പാതയ്ക്കും മൂന്ന് ഷാഫ്റ്റുകളുണ്ടായിരുന്നു; ഒരു പ്രധാന ഷാഫ്റ്റിന് ഇരുവശത്തും രണ്ട് ചെറിയ ഷാഫ്റ്റുകൾ. ആക്രമണത്തിന് ദിവസങ്ങൾക്ക് മുൻപ് ഇറാൻ ഈ ഷാഫ്റ്റുകൾക്ക് മുകളിൽ കോൺക്രീറ്റ് സ്ലാബുകൾ സ്ഥാപിച്ചിരുന്നു. വർഷങ്ങൾ നീണ്ട പരീക്ഷണങ്ങളിലൂടെയാണ് ആക്രമണ പദ്ധതിക്ക് അന്തിമ രൂപം നൽകിയതെന്ന് ജനറൽ കെയ്ൻ വിശദീകരിച്ചു.
ദീർഘകാല നിരീക്ഷണവും ആയുധ വികസനവും: ഡിഫൻസ് ത്രെട്ട് റിഡക്ഷൻ ഏജൻസിയിലെ പേര് വെളിപ്പെടുത്താത്ത രണ്ട് ഉദ്യോഗസ്ഥർ 15 വർഷത്തിലേറെയായി ഫോർദോ ആണവ കേന്ദ്രത്തെക്കുറിച്ച് പഠിച്ചു. 2009ൽ, ഉദ്യോഗസ്ഥരെ ഇറാനിയൻ പർവതനിരകളിലെ പ്രധാന നിർമ്മാണങ്ങളുടെ ചിത്രങ്ങൾ കാണിക്കുകയും കൂടുതൽ വിവരങ്ങൾ വിശകലനത്തിനായി കൈമാറുകയും ചെയ്തു. ഈ ഉദ്യോഗസ്ഥർ വർഷങ്ങളോളം ഈ സ്ഥലവും കേന്ദ്രത്തിന്റെ പ്രവർത്തനങ്ങളും നിരീക്ഷിച്ചു.
ആണവ കേന്ദ്രം നശിപ്പിക്കാൻ ശേഷിയുള്ള ആയുധം അന്ന് അമേരിക്കയുടെ പക്കൽ ഉണ്ടായിരുന്നില്ലെന്നും, അങ്ങനെയാണ് ജിബിയു57 ബങ്കർബസ്റ്റർ ബോംബ് പരീക്ഷിക്കാൻ തീരുമാനിച്ചതെന്നും കെയ്ൻ പറഞ്ഞു. ജൂണിൽ, പ്രസിഡന്റ് ട്രംപിൽനിന്ന് ദൗത്യം നടപ്പിലാക്കാനുള്ള ഉത്തരവ് ലഭിച്ചതോടെയാണ് ‘ഓപ്പറേഷൻ മിഡ്‌നൈറ്റ് ഹാമർ’ ആരംഭിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
Operation Midnight Hammer’ at Iran’s Fordow Nuclear Site: US Releases New Information