ഓപ്പറേഷന്‍ സിന്ദൂർ: ജെയ്ഷെ മുഹമ്മദ്, ലഷ്‌കര്‍ താവളങ്ങള്‍ പൂർണമായും തകർന്നു, ഉപഗ്രഹ ചിത്രങ്ങൾ പുറത്ത്

ഓപ്പറേഷന്‍ സിന്ദൂർ: ജെയ്ഷെ മുഹമ്മദ്, ലഷ്‌കര്‍ താവളങ്ങള്‍ പൂർണമായും തകർന്നു, ഉപഗ്രഹ ചിത്രങ്ങൾ പുറത്ത്

ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിന്റെ ഭാഗമായി ഇന്ത്യ നടത്തിയ വ്യോമാക്രമണങ്ങളില്‍ പാക് അധീന കശ്മീരിലെ രണ്ട് പ്രധാന ഭീകരതാവളങ്ങള്‍ക്കുണ്ടായ നാശനഷ്ടം വെളിപ്പെടുത്തുന്ന വ്യക്തതയാര്‍ന്ന ഉപഗ്രഹചിത്രങ്ങള്‍ പുറത്തുവന്നു. ലക്ഷ്യമിട്ട ലക്ഷ്യങ്ങൾ കൃത്യമായി തകര്‍ത്തു എന്ന് തെളിയിക്കുന്നതാണ് പുതിയതായി ലഭിച്ചിരിക്കുന്ന ഹൈ റെസല്യൂഷന്‍ ചിത്രങ്ങള്‍. ഭീകരപരിശീലനകേന്ദ്രങ്ങള്‍ക്ക് നേരെ ഡ്രോണുകളാണ് ലക്ഷ്യമിട്ടതെന്നാണ് നിഗമനം. എന്‍ഡിടിവിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

കശ്മീരിലെ താംഗ്ധറില്‍ നിന്ന് 36 കിലോമീറ്റര്‍ അകലെയുള്ള മുസഫറാബാദിലെ സെയ്ദ്‌ന ബിലാല്‍ ക്യാമ്പ്, രജൗറിയില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെയുള്ള കോട്‌ലി ഗുല്‍പുര്‍ ക്യാമ്പ് എന്നീ ഭീകരതാവളങ്ങളുടെ ചിത്രങ്ങളാണ് ലഭിച്ചിരിക്കുന്നത്. മേയ് ഏഴിനാണ് രണ്ടിടത്തും ഇന്ത്യയുടെ ആക്രമണമുണ്ടായത്. ഏപ്രില്‍ 22 ന് നടന്ന പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്നാണ് പാകിസ്താനിലേയും പാക് അധീന കശ്മീരിലേയും ഭീകരതാവളങ്ങള്‍ ലക്ഷ്യമിട്ട് ഇന്ത്യ പ്രത്യാക്രമണം നടത്തിയത്.

പാക് അധീന കശ്മീരിന്റെ തലസ്ഥാനമായ മുസാഫര്‍ബാദിലെ സെയ്ദ്‌ന ബിലാല്‍ ക്യാമ്പ് ജെയ്‌ഷെ മുഹമ്മദ് ഭീകരരുടെ താവളമാണ്. ഭീകരസംഘത്തിലെത്തുന്നവര്‍ക്കുള്ള പരിശീലനകേന്ദ്രം കൂടിയാണിത്. ആയുധങ്ങളുടെയും സ്‌ഫോടകവസ്തുക്കളുടെയും പ്രയോഗം, വനപ്രദേശങ്ങളിലെ അതിജീവനം തുടങ്ങിയ കാര്യങ്ങളിലുള്ള പരിശീലനം ഇവിടെ നല്‍കിവരുന്നു. ആക്രമണത്തിനുമുന്‍പും ശേഷവുമുള്ള ഉപഗ്രഹചിത്രങ്ങള്‍ താരതമ്യപ്പെടുത്തിയാല്‍ ഈ ഭീകരതാവളത്തിന് കാര്യമായ കേടുപാട് സംഭവിച്ചുവെന്ന് വ്യക്തമാണ്‌. കെട്ടിടങ്ങളുടെ മേല്‍ക്കൂരയ്ക്കും ചുമരുകള്‍ക്കും കാര്യമായ തകരാറ് സംഭവിച്ചുള്ളതായി ചിത്രങ്ങള്‍ വ്യക്തമാക്കുന്നു.

സൈനികവൃത്തങ്ങള്‍ നല്‍കുന്ന വിവരമനുസരിച്ച് 2023 ജൂണില്‍ സയ്ദ്‌ന ബിലാല്‍ ക്യാമ്പിലേക്ക് പ്രത്യേകപരിശീലനത്തിനായി ഭീകരരെ അയച്ചിരുന്നു. നിയന്ത്രണരേഖയ്ക്ക് സമീപമുള്ള ഉറിയിലും കേരനിലും ഭീകരരെ വിന്യസിക്കാനും കഠുവയ്ക്കും റാമ്പനും ഇടയിലുള്ള റെയില്‍വെ പാലം തകര്‍ക്കാനും ഭീകരസംഘടന ലക്ഷ്യമിട്ടിരുന്നതായുള്ള വിവരം ലഭിച്ചതായി സൈനിക വൃത്തങ്ങള്‍ പറഞ്ഞു. പരിശീലനത്തിനുശേഷം ഈ ഭീകരരെ പാകിസ്താനിലെ പഞ്ചാബിലെത്തിച്ച് ആശയവിനിമയത്തിനുള്ള പ്രത്യേക പരിശീലനം നല്‍കുകയും ചെയ്തു.

പരിശീലനം പൂര്‍ത്തിയായതോടെ നാല് മുതല്‍ എട്ട് പേര്‍ വരെയുള്ള സംഘങ്ങളായി വിഭജിക്കപ്പെട്ട ഭീകരര്‍ അന്താരാഷ്ട്ര അതിര്‍ത്തിയിലൂടെ 2024 മാര്‍ച്ച് മുതല്‍ മേയ് വരെയുള്ള കാലയളവില്‍ ഇന്ത്യയിലേക്ക് പ്രവേശിക്കുകയും ചെയ്തു. കഴിഞ്ഞ കൊല്ലം ജമ്മുവിലുണ്ടായ ഭീകരാക്രമണങ്ങളില്‍ ഭൂരിഭാഗവും ഈ സംഘങ്ങള്‍ നടത്തിയതാണ്.

ജെയ്‌ഷെ മുഹമ്മദ് കമാന്‍ഡര്‍മാര്‍ക്ക് വേണ്ടി ക്യാമ്പിനുസമീപം അതിഥിമന്ദിരങ്ങളും പണിതിരുന്നു. പാക് ഭീകരസംഘടനകളുടെ കൃത്യമായ സ്ഥാനം കണ്ടെത്താന്‍ കാലങ്ങളായി ശ്രമിക്കുകയാണെന്നും എന്നാല്‍ കണ്ടെത്താന്‍ സാധിച്ചിരുന്നില്ലെന്നും പഹല്‍ഗാം ഭീകരാക്രമണം അതിനുവഴിയൊരുക്കിയെന്നും വിരമിച്ച ഉന്നത സൈനികോദ്യോഗസ്ഥന്‍ സതീഷ് ദുവ എന്‍ഡിടിവിയോട് പ്രതികരിച്ചു.

ഇപ്പോള്‍ ലഭിച്ചിരിക്കുന്ന മാക്‌സര്‍ ഉപഗ്രഹചിത്രങ്ങള്‍ ജര്‍മന്‍ വാര്‍ത്താ ഏജന്‍സിയായ ടിആര്‍ടി ഡച്ച് ആണ് പുറത്തുവിട്ടിരിക്കുന്നത്. രജൗറി-പൂഞ്ച്‌ മേഖലകളില്‍ ആക്രമണങ്ങള്‍ നടത്തിയിരുന്ന ലഷ്‌കറെ തൊയ്ബ ഭീകരസംഘടനയുടെ ബേസ് ക്യാമ്പായി കണക്കാക്കപ്പെടുന്നതാണ് കോട്‌ലിയിലെ ഗുല്‍പുര്‍ ക്യാമ്പ്. ഇവിടെ നിന്നുള്ളതാണ് രണ്ടാമത്തെ സെറ്റ് ചിത്രങ്ങള്‍. ഇവിടെയുള്ള കെട്ടിടങ്ങളുടെ മേല്‍ക്കൂരയ്ക്ക് സാരമായ കേടുപാട് സംഭവിച്ചതായി ചിത്രങ്ങളില്‍ കാണാം.

Operation Sindoor completely destroyed Jaish-e-Mohammed Lashkar bases

Share Email
Top