ആയോധന കലകളുടെ നേർകാഴ്ചകളുമായി ‘ഓതിരം 2025’ ഹ്യൂസ്റ്റൺ സ്റ്റാഫോർഡിൽ

ആയോധന കലകളുടെ നേർകാഴ്ചകളുമായി ‘ഓതിരം 2025’ ഹ്യൂസ്റ്റൺ സ്റ്റാഫോർഡിൽ

സുരേന്ദ്രൻ നായർ

ഹ്യൂസ്റ്റൺ: കേരളത്തിന്റെ പരമ്പരാഗത ആയോധന കലയും ലോകത്തെ സകല കായികാഭ്യാസമുറകളുടെയും മൂലസ്ഥാനവുമായ കളരിവിദ്യയും കരാട്ടെയുടെ കരുത്തും പരിചയപ്പെടുത്തുന്ന ‘ഓതിരം 2025’ എന്ന പ്രദർശന ശില്പശാല ഒക്ടോബർ 5-ന് ഹ്യൂസ്റ്റൺ സ്റ്റാഫോർഡ് സിറ്റി സിവിക് സെന്ററിൽ പൊതുജനങ്ങൾക്കായി സംഘടിപ്പിക്കുന്നു.

കഴിഞ്ഞ നാല് വർഷങ്ങൾക്ക് മുൻപ് ഹ്യൂസ്റ്റണിൽ ആരംഭിച്ച അമേരിക്കയിലെ ആദ്യത്തെ കളരി പരിശീലന കേന്ദ്രമായ ദിവാൻ കളരി സംഘമാണ് വിസ്മയകരമായ ഈ പ്രദർശന പരിപാടി ആദ്യമായി ഈ പ്രവാസലോകത്ത് അവതരിപ്പിക്കുന്നത്. അത്യപൂർവമായ മെയ്‌വഴക്കത്തിലൂടെ നിമിഷമാത്രം കൊണ്ട് ശത്രുവിനെ നിലംപരിശാക്കുന്ന മികച്ച ആയോധനമുറയായ ഓതിരത്തെ പരിചയപ്പെടുത്തുന്നത് ദിവാൻ കളരിയുടെ ആശാനും അമരക്കാരനുമായ രാജുമോൻ നാരായണനാണ്.

കായിക കേരളത്തിന്റെ തനത് ആയോധന മാർഗ്ഗമായ കളരിയും അതിന്റെ തന്നെ വകഭേദമായ കരാട്ടെയും കൂടുതൽ ജനങ്ങളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ‘ഓതിരം 2025’ സംഘടിപ്പിക്കുന്നത്. അതിന്റെ നാന്ദി കുറിക്കുന്ന കിക്കോഫ് മീറ്റിംഗ് ജൂലൈ 11 വെള്ളിയാഴ്ച വൈകുന്നേരം 7-ന് മിസ്സോറി സിറ്റിയിലുള്ള അപ്‌ന ബസാർ ഓഡിറ്റോറിയത്തിൽ നടത്തുന്നു. ‘ഓതിരം 2025’-ന് പിന്തുണ നൽകാനും ആ സന്ദേശം ജനങ്ങളിലെത്തിക്കാനും ജൂലൈ 11-ലെ കിക്കോഫ് കൂട്ടായ്മയിൽ എല്ലാ കായിക പ്രേമികളെയും അഭ്യുദയകാംക്ഷികളെയും സ്വാഗതം ചെയ്യുന്നതായി ദിവാൻ കളരിക്ക് വേണ്ടി ആശാൻ രാജുമോനും സംഘാടകരും അറിയിക്കുന്നു.

വളരെ ചെറിയ പ്രായത്തിൽ കളരി അഭ്യാസം തുടങ്ങിയ രാജുമോൻ തുളുനാടൻ രീതിയും തെക്കൻ ശൈലിയും ഒരേപോലെ സ്വായത്തമാക്കിയിട്ടുണ്ട്. തഞ്ചാവൂർ ദിവാകരൻ കുരുക്കളുടെ ശിഷ്യത്വത്തിലാണ് തുളുനാടനെന്ന വടക്കൻ ശൈലി നന്നേ ചെറുപ്പത്തിൽ തന്നെ രാജുമോൻ പരിശീലിച്ചു തുടങ്ങിയത്.

മറ്റു ശൈലികളിൽ സൗന്ദര്യാത്മക ചലനങ്ങൾക്കും പോരാട്ട ശേഷിക്കും പ്രാധാന്യം നൽകുമ്പോൾ, തുളുനാടൻ ശൈലി ഫലപ്രദമായ ആത്മരക്ഷാ രീതികൾക്കാണ് പ്രാമുഖ്യം നൽകുന്നത്. താരതമ്യേന ആചാര ഘടകങ്ങൾ കുറഞ്ഞ ഈ ശൈലിയിൽ ചെറിയ ആയുധങ്ങളും ചുവടുകളും വടിവുകളുമുൾക്കൊള്ളുന്ന പ്രതിരോധ പദ്ധതികളാണ് മുഖ്യ പാഠ്യവിഷയങ്ങൾ. മലബാറിലും തെക്കൻ കന്നടയിലും ഏറെ ജനപ്രിയമാണ് തുളുനാടൻ ശൈലി.

ദിലീപ് കുരുക്കളുടെ കീഴിൽ തെക്കൻ കേരളത്തിന്റെയും തമിഴ്‌നാടിന്റെയും സമ്പ്രദായമായ തെക്കൻ കളരിയിലും ആശാൻ അഭ്യാസം പൂർത്തിയാക്കിയിട്ടുണ്ട്. തെക്കൻ കളരിക്ക് അടിമുറ പ്രാധാന്യമേറിയതാണ്. വെറും കൈകൾ കൊണ്ടുള്ള തടകളും പൂട്ടുകളും വേഗതയേറിയ ചുവടുകളിലൂടെയുള്ള മർമ്മ പ്രയോഗങ്ങളും തെക്കൻ ശൈലിയുടെ പ്രത്യേകതകളാണ്. അതുകൊണ്ട് തന്നെയാണ് ഈ സമ്പ്രദായത്തെ കളരിപ്പയറ്റ് എന്ന് വിശേഷിപ്പിക്കുന്നതും.

ആയുർവേദം അനുശാസിക്കും പ്രകാരം മനുഷ്യ ശരീരത്തിലെ മർമ്മ സ്ഥാനങ്ങൾ പഠിച്ച് പ്രയോഗത്തിലാക്കി അനായാസേന ശത്രുവിനെ പ്രതിരോധത്തിലാക്കുന്ന ഈ രീതി ഇന്ന് കൂടുതൽ പ്രചാരം നേടി വരുന്നു. സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ വർധിച്ചു വരുന്ന ഇക്കാലത്ത് സ്വയം പ്രതിരോധത്തിന് പെൺകുട്ടികൾക്ക് വളരെ പ്രയോജനപ്രദമാണെന്നതും ഈ രീതിയുടെ സ്വീകാര്യത വർധിപ്പിക്കുന്നു. കേരളത്തിൽ പ്രചുരപ്രചാരം ലഭിച്ച മർമ്മ ചികിത്സ തെക്കൻ വിദ്യയുടെ ഒരു ഭാഗമായി പല കളരി സംഘങ്ങളും പഠിപ്പിച്ചുവരുന്നുണ്ട്.

ദീർഘകാലത്തെ കളരി അഭ്യാസത്തോടൊപ്പം കരാട്ടെയിൽ ബ്ലാക്ക് ബെൽറ്റ് നേടിയിട്ടുള്ള രാജുമോന്റെ നേതൃത്വത്തിൽ ദിവാൻ കളരിയിൽ കരാട്ടെ പരിശീലനവും നൽകി വരുന്നു. കളരിയും കരാട്ടെയും പരസ്പര പൂരകമാകുന്ന ഒരു നവീന പാഠ്യപദ്ധതിയും ദിവാൻ കളരി നടപ്പിലാക്കി വരുന്നുണ്ട്.

ആയോധനവിദ്യകളുടെ പഠനവും പരിശീലനവും പലവിധ ജീവിതശൈലീ രോഗങ്ങളെ പ്രതിരോധിക്കാനും വരുതിയിലാക്കാനും പലർക്കും വഴിയൊരുക്കുന്നു. അതിനാൽ തന്നെ ചുരുങ്ങിയ കാലം കൊണ്ട് പ്രായഭേദമന്യേ ഒരു വലിയ ശിഷ്യസമ്പത്തിനെ നേടാൻ രാജുമോന് കഴിഞ്ഞിട്ടുണ്ട്.

‘Othiram 2025’ to feature martial arts in Houston Stafford

Share Email
LATEST
More Articles
Top