പഹല്‍ഗാമിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ചൊവ്വാഴ്ച മുതല്‍ ഘട്ടം ഘട്ടമായി തുറക്കും

പഹല്‍ഗാമിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ചൊവ്വാഴ്ച മുതല്‍ ഘട്ടം ഘട്ടമായി തുറക്കും

പഹല്‍ഗാം: ഭീകരാക്രമണത്തില്‍ 26 പേര്‍ കൊല്ലപ്പെട്ടതിന് ശേഷം അടച്ചിട്ടിരുന്ന പഹല്‍ഗാമിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ചൊവ്വാഴ്ച മുതല്‍ ഘട്ടം ഘട്ടമായി തുറക്കാന്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ ഉത്തരവിട്ടിരിക്കുന്നു. ഏപ്രില്‍ 22-ന് നടന്ന ആ ഭീകരാക്രമണം കശ്മീരിന്റെ ടൂറിസം മേഖലയ്ക്ക് കനത്ത ആഘാതമായിരുന്നു. ഭൂരിഭാഗം പേരും വിനോദസഞ്ചാരികളായിരുന്നതിനാല്‍, സുരക്ഷാ മുന്‍കരുതലുകളുടെ ഭാഗമായി താഴ്വരയിലെ ഡസന്‍ കണക്കിന് പൂന്തോട്ടങ്ങളും പാര്‍ക്കുകളും ഉള്‍പ്പെടെ മിക്ക വിനോദസഞ്ചാര കേന്ദ്രങ്ങളും അടച്ചിടുകയായിരുന്നു. പഹല്‍ഗാമിന് സമീപമുള്ള ബൈസാരന്‍ പുല്‍മേടില്‍ ആയിരുന്നു ഭീകരര്‍ ലക്ഷ്യമിട്ട ആക്രമണങ്ങള്‍ നടത്തിയത്.

ബേതാബ് വാലി, പഹല്‍ഗാം മാര്‍ക്കറ്റിലെ പാര്‍ക്കുകള്‍, വെരിനാഗ് ഗാര്‍ഡന്‍, കോക്കര്‍നാഗ് ഗാര്‍ഡന്‍, അച്ചാബല്‍ ഗാര്‍ഡന്‍ എന്നിവയാണ് ജൂണ്‍ 17 മുതല്‍ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കുന്നത്. ഇത് കശ്മീരിലെ ടൂറിസം മേഖലയ്ക്ക് പുതിയ ഉണര്‍വ് നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അടച്ചിടലിനെ തുടര്‍ന്ന് കശ്മീര്‍ താഴ്വരയിലെ ടൂറിസം മേഖലയെ മാത്രമല്ല, ജമ്മുവിലെ മാ വൈഷ്‌ണോ ദേവി ക്ഷേത്രത്തിലേക്കുള്ള തീര്‍ത്ഥാടനത്തെയും ഭീകരാക്രമണം സാരമായി ബാധിച്ചിരുന്നു.

കശ്മീരിന്റെ കിഴക്ക് ഭാഗത്തായി അനന്ത്‌നാഗ് ജില്ലയില്‍ സ്ഥിതി ചെയ്യുന്ന മനോഹരമായ ഒരു ഹില്‍ സ്റ്റേഷനാണ് പഹല്‍ഗാം. ഷെഷ്‌നാഗ് നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ പ്രദേശം ട്രെക്കിങ്ങിനും മനോഹരമായ പ്രകൃതി സൗന്ദര്യത്തിനും പേരുകേട്ടതാണ്. ബേതാബ് വാലി പഹല്‍ഗാമിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്നാണ്. പ്രശസ്ത ബോളിവുഡ് ചിത്രം ‘ബേതാബ്’ ഇവിടെ ചിത്രീകരിച്ചതിനാലാണ് ഈ താഴ്വരയ്ക്ക് ഈ പേര് ലഭിച്ചത്.

പൈന്‍ മരങ്ങള്‍ നിറഞ്ഞ താഴ്വരകളും സ്ഫടികസമാനമായ നദികളും ഇവിടുത്തെ പ്രധാന ആകര്‍ഷണങ്ങളാണ്. കൂടാതെ ചന്ദന്‍വാരി, അരു വാലി, ബൈസാരന്‍ തുടങ്ങിയ സ്ഥലങ്ങളും പഹല്‍ഗാമിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളാണ്. ഭീകരാക്രമണത്തിന് ശേഷം അടച്ചിട്ടിരുന്ന ഈ സ്ഥലങ്ങള്‍ വീണ്ടും തുറക്കുന്നത് സഞ്ചാരികള്‍ക്ക് ഏറെ ആവേശമാകും.

Pahalgam reopens key tourist spots after terror attack

Share Email
LATEST
More Articles
Top