രാജസ്ഥാന്‍: വിസ നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് ഇന്ത്യയിലെത്താന്‍ ശ്രമിച്ച പാകിസ്താനില്‍ നിന്നുള്ള ദമ്പതികള്‍ ഥാര്‍ മരുഭൂമിയില്‍ ദാരുണമായി മരണംവരിച്ചു. സിന്ധ് പ്രവിശ്യയിലെ ഘോട്കി സ്വദേശികളായ രവി കുമാര്‍ (17)യും ഭാര്യ ശാന്തി (15)യും ആണു മരിച്ചത്. ദുരിതം സഹിച്ചവര്‍ പുതിയ ജീവിതത്തിനായുള്ള പരിശ്രമത്തിലാണ് മരണംവേട്ടായത്.
കടുത്ത നിര്‍ജലീകരണവും ചൂടുമാണ് മരണകാരണമെന്ന് പോലീസ് വ്യക്തമാക്കി. മൃതദേഹത്തിനരികിലായി കുടിക്കാനായി വെള്ളം കരുതിയിരുന്ന ജാറും കണ്ടെത്തിയിരുന്നു. മുഖത്തും ശരീരഭാഗങ്ങളിലും ഉണ്ടായ മുറിവുകള്‍ മരണവെപ്രാളത്തില്‍ സംഭവിച്ചതാണെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ തെളിഞ്ഞു.
നാലു മാസങ്ങള്‍ക്ക് മുമ്പാണ് രവികുമാറും ഭാര്യയും ഇന്ത്യന്‍ വിസയ്ക്ക് അപേക്ഷിച്ചത്. എന്നാല്‍, ഇന്ത്യ-പാക് ബന്ധം വഷളായതിനെത്തുര്‍ന്ന് വിസ അപേക്ഷ നിരസിക്കപ്പെട്ടു. തുടര്‍ന്നാണ്, ഇരുവരും അനധികൃതമായി അതിര്‍ത്തി കടക്കാന്‍ തീരുമാനിച്ചത്. രാജസ്ഥാനിലെ ജയ്‌സാല്‍മിറിനടുത്ത് വച്ച് ഉണ്ടായ കഠിനമായ നിര്‍ജലീകരണമാണ് മരണത്തിലേക്ക് വഴിവെച്ചത്. സര്‍ക്കാര്‍ മൃതദേഹങ്ങള്‍ വിട്ടുനല്‍കിയാല്‍ സ്വീകരിക്കാന്‍ തയ്യാറാണെന്ന് ജയ്‌സാല്‍മീറിലെ ബന്ധുക്കള്‍ അറിയിച്ചു.
എന്നാല്‍, മൃതദേഹങ്ങള്‍ക്കൊപ്പം പാകിസ്ഥാന്‍ തിരിച്ചറിയല്‍ക്കാര്‍ഡുകള്‍ കണ്ടെത്തിയത് സുരക്ഷാ ആശങ്കകള്‍ വര്‍ദ്ധിപ്പിച്ചതായി സുരക്ഷാസേന പറഞ്ഞു. പോലീസും വിവിധ സുരക്ഷാ ഏജന്‍സികളും സമഗ്രമായ അന്വേഷണം നടത്തുന്നുണ്ട്. നിയമനടപടികള്‍ പുരോഗമിക്കുകയാണെന്നും ഉദ്യോഗസ്ഥസംഘം അറിയിച്ചു.
pakisthan couple have died of thirst in thar desert