രാഷ്ട്രപതി ഭരണത്തിൽ മണിപ്പൂരിൽ സമാധാനം; അഞ്ചുമാസമായി അക്രമങ്ങളില്ല

രാഷ്ട്രപതി ഭരണത്തിൽ മണിപ്പൂരിൽ സമാധാനം; അഞ്ചുമാസമായി അക്രമങ്ങളില്ല

ഇംഫാൽ: രാഷ്ട്രപതി ഭരണത്തിൻ കീഴിലുള്ള മണിപ്പൂരിൽ കുറ്റകൃത്യങ്ങൾ ഗണ്യമായി കുറഞ്ഞതായി റിപ്പോർട്ട്. അക്രമ സംഭവങ്ങളിലെ മരണങ്ങളും പരിക്കുകളും വംശീയ അതിക്രമങ്ങളും കുത്തനെ കുറഞ്ഞു. കൂടാതെ, ആയുധങ്ങളും ലഹരിക്കടത്തും പിടികൂടുന്നത് വർധിച്ചതായും അധികൃതർ അവകാശപ്പെടുന്നു.

വംശീയ കലാപം പരിഹരിക്കുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടതിനെ തുടർന്നാണ് കഴിഞ്ഞ ഫെബ്രുവരിയിൽ മണിപ്പൂരിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയത്. 2023 മേയിലാണ് മെയ്തി, കുക്കി വിഭാഗങ്ങൾ തമ്മിൽ കലാപം തുടങ്ങിയത്. ഒരു വർഷത്തോളം നീണ്ട അതിക്രമങ്ങൾ അവസാനിപ്പിക്കാനാകാതെ ബിരേൻ സിങ് നയിച്ച ബിജെപി സർക്കാരിനെ മാറ്റി കേന്ദ്രം രാഷ്ട്രപതി ഭരണത്തിന് ശുപാർശ ചെയ്യുകയായിരുന്നു.

രാഷ്ട്രപതി ഭരണം നിലവിൽ വന്നതിന് പിന്നാലെ സംസ്ഥാനത്തെ പോലീസ്, അസം റൈഫിൾസ്, കേന്ദ്രസേനകൾ എന്നിവയുടെ നിരന്തരമായ ഇടപെടലിനെ തുടർന്ന് വലിയ തോതിൽ ആയുധങ്ങൾ പിടിച്ചെടുത്തു. കലാപത്തിൽ പങ്കുള്ള ഇരുവിഭാഗങ്ങളിലുമുള്ള തീവ്രസംഘടനകളുടെ നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെ മെയ്തി, കുക്കി സംഘടനകൾ അക്രമങ്ങളിൽ നിന്ന് പിന്മാറി.

രാഷ്ട്രപതി ഭരണം വന്നതിനുശേഷം പ്രധാനമായും ഒരു അക്രമസംഭവം മാത്രമേ റിപ്പോർട്ട് ചെയ്തിട്ടുള്ളൂ. കലാപം തുടങ്ങിയ 2023 മേയ് മാസം മുതൽ രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ച 2025 ഫെബ്രുവരി വരെയുള്ള സമയത്ത് 260 വലിയ ആക്രമണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.

ഫെബ്രുവരി 13 മുതൽ ജൂൺ 26 വരെയുള്ള സമയങ്ങളിൽ ഒരിടത്തുപോലും തീവെപ്പോ അതിക്രമങ്ങളോ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. അതേസമയം, ലഹരിവേട്ട വർധിച്ചിട്ടുമുണ്ട്. മണിപ്പൂർ പോലീസും അസം റൈഫിൾസും ചേർന്ന് വലിയ തോതിലാണ് ലഹരിമാഫിയയെ അടിച്ചമർത്താനുള്ള ശ്രമങ്ങൾ നടത്തുന്നത്. ഇതുവരെ 84 പേർ ലഹരിവസ്തുക്കളുമായി പിടിയിലായി. ഇതുവരെ 24.4 കിലോ ഹെറോയിൻ, 25.7 കിലോ ബ്രൗൺ ഷുഗർ, 31.8 കിലോ ഒപ്പിയം, 379 കിലോ കഞ്ചാവ് എന്നിവയാണ് പിടികൂടിയത്.

വംശീയകലാപത്തിനിടെ പോലീസിന്റെ 6020 ആയുധങ്ങളാണ് കൊള്ളയടിക്കപ്പെട്ടത്. ഇതിൽ 2390 ആയുധങ്ങൾ മാത്രമേ തിരികെ പിടിക്കാനായിട്ടുള്ളൂ. ബാക്കിയുള്ളവ കണ്ടെത്തുന്നതിൽ വലിയ പ്രതിസന്ധി പോലീസ് നേരിടുന്നുണ്ട്. ഇതുവരെ 548 അനധികൃത ബങ്കറുകൾ അസം റൈഫിൾസ് തകർത്തു. ഇതിനിടെ വസ്തുതർക്കങ്ങളും കുടുംബ കലഹങ്ങളും പരിഹരിക്കാനെന്ന പേരിൽ മുമ്പ് അടിച്ചമർത്തപ്പെടുകയോ നിരോധിക്കപ്പെടുകയോ ചെയ്ത ചില ഭീകരവാദ സംഘടനകൾ സംസ്ഥാനത്ത് വീണ്ടും തലയുയർത്തിത്തുടങ്ങുന്നതായും റിപ്പോർട്ടിൽ പറയുന്നുണ്ട്. ഇത്തരത്തിലുള്ള ഏതാനും പേരെ ഈയിടെ മണിപ്പൂർ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

Peace in Manipur under President’s rule; no violence for five months

Share Email
Top