മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ജനങ്ങളില്‍ നിന്നും സംഭാവന തേടി മുന്‍ എം.എല്‍.എ പി.വി അന്‍വര്‍. ഫേസ്ബുക്കിലൂടെയായിരുന്നു പി.വി അന്‍വറിന്റെ അഭ്യര്‍ത്ഥന. എത്രയോ കോടി രൂപയുടെ സ്വത്ത് തനിക്കുണ്ടെന്നും എന്നാല്‍ ഒരു സെന്റ് ഭൂമി പോലും വില്ക്കാന് സാധിക്കാത്ത അവസ്ഥയാണെന്നും പറയുന്ന അന്‍വര്‍ മാനസിക അല്ലെങ്കില്‍ ധാര്‍മിക പിന്തുണ അര്‍പ്പിക്കാന്‍ നിലമ്പൂരിലെ വോട്ടര്‍മാര്‍ ഒരു പത്ത് രൂപ അല്ലെങ്കില്‍ ഒരു രൂപ അക്കൗണ്ടിലേക്ക് അയക്കണമെന്നും വീഡിയോയിലൂടെ അഭ്യര്‍ത്ഥിച്ചു.
”നമ്മുടെ നാടിനെ നശിപ്പിക്കുന്ന പിണറായിസത്തിനെതിരെ പോരാടിയതിന്റെ പേരില്‍ എല്ലാം നഷ്ടപ്പെട്ടവനാണ് ഞാന്‍. ഈ പോരാട്ടത്തില്‍ അധികാരവും ഭരണത്തണലും മാത്രമല്ല, ഇത്ര കാലം വിയര്‍പ്പൊഴുക്കി സമ്പാദിച്ചത് കൂടി നഷ്ടമായി. നിങ്ങള്‍ എനിക്ക് സംഭാവന നല്കുന്ന ഓരോ രൂപയും എനിക്കുള്ള ധാര്‍മിക പിന്തുണയായിട്ടാണ് കാണുന്നത്…” അന്‍വര്‍ പറഞ്ഞു.
”ഞാന്‍ ശബ്ദിച്ചത് മുഴുവന്‍ ഈ നാട്ടിലെ സാധാരണക്കാര്‍ക്ക് വേണ്ടിയാണ്, അവര്‍ പുറത്തു പറയാന്‍ ഭയപ്പെട്ട കാര്യങ്ങളാണ്. അവരുടെ പിന്തുണയിലും കരുത്തിലും മാത്രമാണ് എനിക്കീ പോരാട്ടം തുടരാന്‍ കഴിയുന്നത്. എന്റെ ജീവന് വരെ സുരക്ഷിതമല്ല എന്ന ഉത്തമ ബോധ്യത്തോട് കൂടിയാണ് ഈ പോരാട്ടത്തില്‍ ഞാനിറങ്ങി തിരിച്ചത്. തന്നെ ഒറ്റപ്പെടുത്തരുത്. ടി പി ചന്ദ്രശേഖരനെ ചെയ്തത് പോലെ വെട്ടിക്കൊലപ്പെടുത്തുന്നതില്‍ നിന്ന് എന്നെ രക്ഷപ്പെടുത്താനുള്ള ഉത്തരവാദിത്തം എന്നെ സ്നേഹിക്കുന്ന ജനങ്ങള്‍ക്കാണ്. അവരില്‍ വിശ്വാസം അര്‍പ്പിച്ചാണ് ഇറങ്ങുന്നത്…” അന്‍വര്‍ പറയുന്നു.
please contribute at least one rupee to contest-P.V Anwar