അയോധ്യയിലെ ശ്രീരാമ ക്ഷേത്രത്തിൽ രാം ദർബാറിന്റെ പ്രാണ പ്രതിഷ്ഠ: ‘രാജാവായ രാമനെ’ പ്രതിഷ്ഠിച്ചു

അയോധ്യയിലെ ശ്രീരാമ ക്ഷേത്രത്തിൽ രാം ദർബാറിന്റെ പ്രാണ പ്രതിഷ്ഠ: ‘രാജാവായ രാമനെ’ പ്രതിഷ്ഠിച്ചു

ലഖ്‌നൗ: അയോധ്യയിലെ ശ്രീരാമ ക്ഷേത്രത്തിൽ നിർമിച്ച രാം ദർബാറിന്റെ പ്രാണ പ്രതിഷ്ഠ ചടങ്ങിന് ആയിരങ്ങൾ സാക്ഷിയായി. രാജാവായ ശ്രീരാമന്റെ രൂപമാണ് ജൂൺ 5 വ്യാഴാഴ്ച പ്രതിഷ്ഠിച്ചത്. ഇതോടൊപ്പം പുതുതായി നിർമ്മിച്ച എട്ട് ക്ഷേത്രങ്ങളിലും ഉപദേവതകളെയും പ്രതിഷ്ഠിച്ചു. വ്യാഴാഴ്ച നടന്ന ചടങ്ങിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉൾപ്പെടെയുള്ളവർ പങ്കെടുത്തു.

ക്ഷേത്രത്തിലെ രണ്ടാമത്തെ പ്രധാന ചടങ്ങാണ് 5 വ്യാഴാഴ്ച നടന്നത്. ആദ്യത്തേത് 2024 ജനുവരി 22 ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിൽ നടന്ന രാം ലല്ലയുടെ പ്രതിഷ്ഠയായിരുന്നു. ഹിന്ദു കലണ്ടറിലെ ഏറ്റവും ശുഭകരമായ നിമിഷങ്ങളിലൊന്നായി കണക്കാക്കപ്പെടുന്ന ‘അഭിജിത് മുഹൂർത്ത’ വേളയിലാണ് ജൂൺ 5 വ്യാഴാഴ്ച ചടങ്ങ് നടന്നത്.

ഗംഗാ ദസറയോടനുബന്ധിച്ചാണ് ചടങ്ങ് നടന്നത്. ഗംഗാ ദസറയിൽ നടത്തുന്ന ഏതൊരു ശുഭകർമ്മവും പലമടങ്ങ് ഫലങ്ങൾ നൽകുമെന്ന് തീയതിയുടെ പ്രാധാന്യം വിശദീകരിച്ചുകൊണ്ട് അയോധ്യ ആസ്ഥാനമായുള്ള ജ്യോതിഷിയായ പണ്ഡിറ്റ് കൽക്കി റാം പറഞ്ഞു. അതുകൊണ്ടായിരിക്കാം രാജാരാമന്റെ പ്രതിഷ്ഠയ്ക്കായി രാമക്ഷേത്ര ട്രസ്റ്റ് ഈ ദിവസം തെരഞ്ഞെടുത്തതെന്ന് കരുതുന്നതായും കൽക്കി റാം പറഞ്ഞു.

രാവിലെ 6:30 ന് ‘യജ്ഞ മണ്ഡപത്തിൽ’ പ്രാർത്ഥനയോടെയാണ് ദേവന്മാരുടെ പ്രതിഷ്ഠാചടങ്ങുകൾ ആരംഭിച്ചത്. തുടർന്ന് രാവിലെ 9 മണിക്ക് ഹോമം നടന്നു. അത് ഒരു മണിക്കൂർ നേരം നീണ്ടുനിന്നു. തുടർന്ന് എല്ലാ ക്ഷേത്ര ശ്രീകോവിലിലും ഒരേസമയം പ്രതിഷ്ഠാ ചടങ്ങുകൾ ആരംഭിച്ചു.

രാജാവായ ശ്രീരാമന്റെ രൂപമായ രാം ദർബാറായിരുന്നു കേന്ദ്ര പ്രതിഷ്ഠ. ശേഷാവതാരം, വടക്കുകിഴക്ക് മൂലയിൽ ശിവൻ, തെക്കുകിഴക്ക് (അഗ്‌നി) മൂലയിൽ ഗണപതി, ക്ഷേത്രത്തിന്റെ തെക്കുഭാഗത്ത് ഹനുമാൻ, തെക്ക് പടിഞ്ഞാറ് മൂലയിൽ സൂര്യൻ (സൂര്യദേവൻ), വടക്ക് പടിഞ്ഞാറ് മൂലയിൽ ഭഗവതി, വടക്കുഭാഗത്ത് അന്നപൂർണ്ണ ദേവി എന്നിവയാണ് മറ്റു പ്രതിഷ്ഠകൾ.

യോഗി ആദിത്യനാഥ് രാമക്ഷേത്രത്തിൽ പ്രാർത്ഥന നടത്തി. രാംലല്ല പ്രതിഷ്ഠയുള്ള ശ്രീകോവിലിന്റെ മുകൾനിലയിലാണ് രാം ദർബാർ. ഒന്നാം നിലയിലെ രാം ദർബാറിൽ ദർശനം നടത്തിയ ശേഷം തൊട്ടടുത്തുള്ള ഹനുമാൻ ക്ഷേത്രത്തിലേക്ക് പോയി. അവിടെയും ദർശനം നടത്തിയ ശേഷമാണ് യുപി മുഖ്യമന്ത്രി മടങ്ങിയത്.

‘ഇന്ന്, ശ്രീരാമന്റെ ജന്മഭൂമിയായ അയോധ്യാധാമിൽ, ശ്രീരാമ ജന്മഭൂമി ക്ഷേത്രത്തിന്റെ ഒന്നാം നിലയിലെ രാം ദർബാർ ഉൾപ്പെടെ എട്ട് ക്ഷേത്രങ്ങളിൽ വിഗ്രഹങ്ങളുടെ പ്രാണപ്രതിഷ്ഠയ്ക്കായി സംഘടിപ്പിച്ച ചടങ്ങിന് സാക്ഷ്യം വഹിക്കാനുള്ള മഹാഭാഗ്യം എനിക്ക് ലഭിച്ചു’ യോഗി ആദിത്യനാഥ് എക്‌സിൽ കുറിച്ചു.

രാജ്യമെമ്പാടുമുള്ള പണ്ഡിത ബ്രാഹ്മണരുടെ പങ്കാളിത്തത്തോടെ വേദപാരമ്പര്യങ്ങൾക്കനുസൃതമായാണ് ചടങ്ങുകൾ നടത്തിയതെന്ന് രാമക്ഷേത്ര ട്രസ്റ്റി അനിൽ മിശ്ര പിടിഐയോട് പറഞ്ഞു.

Ram Darbar's Prana Pratishtha installed in Ayodhya's Shri Ram Temple: 'King Ram' installed

Share Email
Top