ജോലി സ്ഥലത്ത് ദീര്‍ഘനേരം ഇരിക്കുന്നതും നില്‍ക്കുന്നതും നല്ലതല്ല; ഇടവിട്ട് നടക്കണമെന്ന് പഠനം

ജോലി സ്ഥലത്ത് ദീര്‍ഘനേരം ഇരിക്കുന്നതും നില്‍ക്കുന്നതും നല്ലതല്ല; ഇടവിട്ട് നടക്കണമെന്ന് പഠനം

ദിവസവും അരമണിക്കൂറെങ്കിലും നടക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണെന്നും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുമെന്നും അടുത്തുനടന്ന ചില ഗവേഷണങ്ങൾ വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ ഓഫീസില്‍ ജോലിയുമായി ബന്ധപ്പെട്ട് ദീര്‍ഘനേരം ഇരിക്കുന്നതും നില്‍ക്കുന്നതും ആരോഗ്യത്തെ ബാധിക്കുമെന്ന് വ്യക്തമാക്കുകയാണ് പുതിയ പഠനം. 1000 പേരെ ഉള്‍പ്പെടുത്തിയാണ് പഠനം നടന്നത്. ഇതില്‍ 730 ഇരട്ടകളും ഉള്‍പ്പെടുന്നു. ദീര്‍ഘനേരം ഒരേയിരിപ്പ് ഇരിക്കുന്നതും ഹൃദയസംബന്ധമായ അസുഖങ്ങളും ഉയര്‍ന്ന ബിഎംഐ(Body Mass Index) തമ്മില്‍ ബന്ധമുണ്ടെന്നാണ് പഠനത്തില്‍ വ്യക്തമാക്കുന്നത്. ഒരേയിരിപ്പ് ഇരിക്കാതെ ഇടയ്ക്ക് എഴുന്നേറ്റ് നടക്കണമെന്നും ഗവേഷകർ പറഞ്ഞു. 20 മിനിറ്റ് നേരത്തെ മിതമായ ദൈനംദിന വ്യായാമങ്ങള്‍ പോലും നീണ്ട ഇരിപ്പിന്റെ ആരോഗ്യപ്രത്യാഘാതങ്ങള്‍ നികത്താന്‍ പര്യാപ്തമല്ലെന്ന് പഠനത്തില്‍ കണ്ടെത്തി.

ദിവസം ദീര്‍ഘനേരമിരിക്കുന്നത് കുറയ്ക്കാനും കഠിനമായ ശാരീരിക വ്യായാമങ്ങളും പ്രവര്‍ത്തനങ്ങളും വര്‍ധിപ്പിക്കാനും പഠനത്തിന് നേതൃത്വം നല്‍കിയ പ്രൊഫസര്‍ ചന്ദ്ര റെയ്‌നോള്‍ഡ്‌സ് പറഞ്ഞു. അകാല വാര്‍ധക്യം തടയാനും ഈ സമീപനം ആവശ്യമാണെന്നും അദ്ദേഹം വിവരിച്ചു. കോവിഡ് 19ന് ശേഷം മടിപിടിച്ചുള്ള ഇരിപ്പ് സാധാരണമായതിനാല്‍ ദീര്‍ഘനേരം ഇരിക്കുന്നതിലെ ആരോഗ്യപ്രത്യാഘാതങ്ങളാണ് സംഘം പഠനവിധേയമാക്കിയത്. റിവര്‍സൈഡിലെ കാലിഫോര്‍ണിയ സര്‍വകലാശാലയിലെ പിഎച്ച്ഡി വിദ്യാർത്ഥിയായ റയാന്‍ ബ്രൂല്‍മാനും റെയ്‌നോള്‍ഡിനൊപ്പം പഠനത്തില്‍ പങ്കാളിയായി.

മാത്യു അഹമ്മദിയുടെ നേതൃത്വത്തില്‍ ഓസ്‌ട്രേലിയന്‍, ഡച്ച് ഗവേഷകര്‍ നടത്തിയ മറ്റൊരു പഠനത്തില്‍ നിന്നുള്ള കണ്ടുപിടിത്തങ്ങളും പുതിയ ഗവേഷണത്തിന് പ്രയോജനപ്പെടുത്തി. യുകെ ബയോബാങ്കിലുള്ള 83,000 പേരുടെ വിവരങ്ങൾ പരിശോധിച്ചാണ് മാത്യു അഹമ്മദിയും സംഘവും റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഇരിക്കുന്നതിനെ അപേക്ഷിച്ച് ദീര്‍ഘനേരം നില്‍ക്കുന്നത് കാര്യമായ ആരോഗ്യനേട്ടങ്ങള്‍ നല്‍കുന്നില്ലെന്ന് അവര്‍ കണ്ടെത്തി.

ദീര്‍ഘനേരം നില്‍ക്കുന്നത് രക്തചംക്രമണവുമായി ബന്ധപ്പെട്ട രോഗങ്ങള്‍ വര്‍ധിപ്പിക്കുമെന്നും അവര്‍ കണ്ടെത്തി. ദിവസേന രണ്ട് മണിക്കൂറില്‍ കൂടുതല്‍ നില്‍ക്കുന്നത് രക്തചംക്രമണ രോഗസാധ്യത 11 ശതമാനം വര്‍ധിപ്പിക്കുന്നു. അതേസമയം, പത്ത് മണിക്കൂറിലധികം ഇരിക്കുന്ന ഓരോ മണിക്കൂറിലും അപകടസാധ്യത 26 ശതമാനമാണ് വര്‍ധിക്കുന്നതെന്ന് ബിസിനസ് ഇന്‍സൈഡറിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

എല്ലാ ദിവസവും പതിവായുള്ളതും, ഊര്‍ജസ്വലമായ വ്യായാമങ്ങള്‍ ആവശ്യമാണെന്ന് രണ്ട് പഠനങ്ങളും അടിവരയിടുന്നു. അതേസമയം, ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ കുറയ്ക്കുന്നതിന് ഇരിക്കുന്ന സമയത്തില്‍ കുറവുവരുത്തണമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. ഹ്രസ്വമായ നടത്തം പോലെയുള്ള കാര്യങ്ങള്‍ ചെയ്യുന്നത് ദീര്‍ഘനേരമുള്ള ഇരിപ്പിന്റെ ശരീരിക ആഘാതത്തെ ചെറുക്കുകയും ചെയ്യും.

ചെറുപ്പകാലത്തുതന്നെ ആരോഗ്യകരമായ പരിശീലനങ്ങള്‍ നടത്തുന്ന ദീര്‍ഘകാല ഫലങ്ങള്‍ നല്‍കും. ദീര്‍ഘകാലാടിസ്ഥാനത്തില്‍ ആരോഗ്യത്തിന് ഗുണം ചെയ്യുന്ന ശീലങ്ങള്‍ ചെറുപ്പത്തിലേ കെട്ടിപ്പടുക്കണമെന്നും റെയ്‌നോള്‍ഡ്‌സ് ചൂണ്ടിക്കാട്ടി. ചെറുപ്പക്കാരായവര്‍ ഇത്തരം ശീലങ്ങള്‍ അവഗണിക്കുന്നതാണ് പതിവാണെന്നും അത് മൂലം വാര്‍ധക്യത്തില്‍ ആരോഗ്യപ്രശ്‌നങ്ങല്‍ അധികരിക്കുമെന്നും ബ്രൂല്‍മാന്‍ ചൂണ്ടിക്കാട്ടി.”എപ്പോഴും ചലിച്ചുകൊണ്ടിരിക്കുന്നവരില്‍ അപകടസാധ്യതകള്‍ കുറവാണ്. എന്നാല്‍, അവര്‍ ഇരിക്കുമ്പോള്‍ ആരോഗ്യത്തെ ബാധിക്കുന്നു. ദീര്‍ഘനേരം ഇരിക്കുമ്പോള്‍ ശരീരത്തിന്റെ താഴെയുള്ള ഭാഗങ്ങളില്‍ രക്തം ശേഖരിക്കപ്പെടുന്നു,” മാത്യു അഹമ്മദി പറഞ്ഞു.

കായിക പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ പുനഃപരിശോധിക്കുന്നതിന് ആരോഗ്യപ്രവര്‍ത്തകരെയും നയരൂപീകരണ വിദഗ്ധരെയും ഈ കണ്ടെത്തലുകള്‍ സഹായിക്കുമെന്ന് കരുതുന്നു. ദീര്‍ഘനേരം ഇരിക്കുന്നതും ശരീരത്തിന്റെ നിഷ്‌ക്രിയത്വവുമായി ബന്ധപ്പെട്ട അപകടസാധ്യതകള്‍ കുറയ്ക്കുന്നതിനും ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കാനും ഇത് അവരെ സഹായിക്കുന്നു.

prolonged sitting in workplace

Share Email
Top