വാഷിങ്ടൻ: യുഎസ് സേനയുടെ 250–ാം വാർഷികാഘോഷത്തിന്റെ ഭാഗമായുള്ള പരേഡ് ആരംഭിക്കാനിരിക്കെ, ന്യൂയോർക്ക് മുതൽ ലൊസാഞ്ചലസ് വരെയുള്ള പ്രമുഖ നഗരങ്ങളിൽ പ്രതിഷേധ മാർച്ച്. ആയിരക്കണക്കിന് ആളുകളാണ് മാർച്ചിൽ പങ്കെടുക്കുന്നത്. ജനുവരിയിൽ യുഎസ് പ്രസിഡന്റായി ഡോണൾഡ് ട്രംപ് രണ്ടാമതും ഭരണത്തിലേറിയതിനു ശേഷമുള്ള ഏറ്റവും വലിയ പ്രതിഷേധത്തിനാണ് രാജ്യം സാക്ഷ്യം വഹിക്കുന്നത്. യുഎസിൽ അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താനുള്ള നടപടികൾക്കെതിരെ ദിവസങ്ങൾക്കു മുൻപ് ലൊസാഞ്ചലസിൽ ആരംഭിച്ച പ്രക്ഷോഭമാണ് യുഎസ് സേനയുടെ 250–ാം വാർഷികദിനത്തിൽ രാജ്യവ്യാപക പ്രതിഷേധ മാർച്ചിന് വഴിമാറിയത്.
അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താനുള്ള നടപടികൾക്കെതിരെ പ്രക്ഷോഭം തുടരുന്ന ലൊസാഞ്ചലസിൽ 4000 നാഷനൽ ഗാർഡുകളെയും 700 മറീനുകളെയും (യുഎസ് നാവികസേനയുടെ ഭാഗമായ മറീനുകൾ കരയിലും വെള്ളത്തിലും ഒരുപോലെ യുദ്ധം ചെയ്യാൻ കഴിവുള്ള കമാൻഡോ വിഭാഗം) ട്രംപ് വിന്യസിച്ചിരുന്നു.
Protest marches against Trump in major cities from New York to Los Angeles as US military celebrates 250th anniversary