കർട്ടിൻ: ശാസ്ത്രജ്ഞരെ അത്ഭുതപ്പെടുത്തി താരാപഥത്തില്നിന്നുള്ള ശക്തമായ റേഡിയോ സിഗ്നല്‍. ഓസ്ട്രേലിയന്‍ സ്ക്വയര്‍ കിലോമീറ്റര്‍ അറേ പാത്ത്ഫൈന്‍ഡര്‍ (ആസ്കാപ്) ഉപയോഗിക്കുന്ന ശാസ്ത്രജ്ഞരാണ് 30 നാനോസെക്കന്‍ഡില്‍ താഴെ മാത്രം നീണ്ടുനിന്ന സിഗ്നല്‍ കണ്ടെത്തിയതെന്ന് ന്യൂ സയന്റിസ്റ്റ് റിപ്പോര്‍ട്ടുചെയ്തു. സിഗ്നല്‍ താരാപഥത്തില്‍ നിന്നാണ് എന്നതിനാല്‍ ഞെട്ടിപ്പോയെന്ന് ഓസ്ട്രേലിയയിലെ കര്ട്ടിന് സര്‍വ്വകലാശാലയിലെ ക്ലാന്‍സി ജെയിംസും സഹപ്രവര്‍ത്തകരും പറയുന്നു.
‘അവിശ്വസനീയമാംവിധം ശക്തമായ റേഡിയോ പള്‍സ് ആയിരുന്നു, അത് മറ്റെല്ലാറ്റിനെയും വളരെ കുറഞ്ഞ സമയത്തേക്ക് മറികടന്നു. സിഗ്നലിന്റെ ഉറവിടം അടുത്താണെങ്കില്‍ ഒപ്റ്റിക്കല്‍ ദൂരദര്‍ശിനികളിലൂടെ കണ്ടെത്താന്‍ കഴിയും എന്നതിനാല്‍ ആവേശഭരിതരായി’ -ക്ലാന്‍സി പറഞ്ഞു. പിന്നാലെ ശാസ്ത്രജ്ഞര്‍ ഉറവിടം പഠിക്കുകയും സിഗ്നല്‍ ഭൂമിയില്‍ നിന്ന് 20,000 കിലോമീറ്ററിനുള്ളില്‍ നിന്നാണെന്ന് കണ്ടെത്തുകയും ചെയ്തു. അറിയപ്പെടുന്ന ഉപഗ്രഹങ്ങളുടെ സ്ഥാനങ്ങളുമായി ഇതുമായി താരതമ്യം ചെയ്തതോടെ പള്‍സ് റിലേ 2 ഉപഗ്രഹത്തില്‍ നിന്നാണെന്ന് അവര്‍ കണ്ടെത്തി.
അന്‍പത് വര്‍ഷത്തിലേറെയായി പ്രവര്‍ത്തനരഹിതമായിരിക്കുന്ന ഉപഗ്രഹത്തില്നിന്നാണ് റേഡിയോ പള്‍സ് ലഭിച്ചിരിക്കുന്നത് എന്നതാണ് കൗതുകകരം. പരീക്ഷണാടിസ്ഥാനത്തില്‍ 1964-ല്‍ വിക്ഷേപിച്ച നാസയുടെ കമ്യൂണിക്കേഷന്‍ ഉപഗ്രഹമായിരുന്നു റിലേ 2. റിലേ 1, റിലേ 2 എന്നീ രണ്ട് ഉപഗ്രഹങ്ങള്‍ ഉള്‍പ്പെട്ട റിലേ പ്രോഗ്രാമിന്റെ ഭാഗമായിരുന്നു ഇത്. രണ്ട് ഉപഗ്രഹങ്ങള്‍ക്കും നാസയാണ് ധനസഹായം നല്‍കിയത്. 1965-ല്‍ ഇത് ഉപയോഗിക്കുന്നത് നിര്‍ത്തി. അതിലെ ഇലക്ട്രോണിക് ഉപകരണങ്ങള്‍ 1967-ഓടെ പൂര്‍ണ്ണമായും പ്രവര്‍ത്തനരഹിതമാകുകയും ചെയ്തു.
അഞ്ച് പതിറ്റാണ്ടിലേറെയായി ഉപഗ്രഹം പ്രവര്‍ത്തനരഹിതമായതിനാല്‍ ഒരു ബാഹ്യ ഘടകത്തില്‍ നിന്നാകാം സിഗ്നല്‍ വന്നതെന്ന് ശാസ്ത്രജ്ഞര്‍ വിലയിരുത്തുന്നു. ഉപഗ്രഹത്തിന്റെ സംവിധാനങ്ങള്‍ പെട്ടെന്ന് പ്രവര്ത്തിച്ചതുകൊണ്ടാവില്ല ഇങ്ങനെ സംഭവിച്ചത്. ഒരു ഇലക്ട്രോസ്റ്റാറ്റിക് ഡിസ്ചാര്‍ജ് അല്ലെങ്കില്‍ ഒരു മൈക്രോമെറ്റിയോറൈറ്റ് കൂട്ടിയിടി പോലുള്ള ഒരു ബാഹ്യസംഭവമോ ആകാം ഇതിന് കാരണമെന്നാണ് ശാസ്ത്രജ്ഞര്‍ കരുതുന്നത്.
ബഹിരാകാശത്തെ ഇലക്ട്രോസ്റ്റാറ്റിക് ഡിസ്ചാര്‍ജുകള്‍ വിലയിരുത്തുന്നതിന് ഈ സംഭവം നിര്‍ണായക വിവരങ്ങള്‍ നല്‍കിയേക്കാം എന്നാണ് ‘ പ്രതീക്ഷിക്കുന്നതെന്ന് യുകെയിലെ ബ്രിസ്റ്റോള്‍ സര്‍വ്വകലാശാലയിലെ കാരെന് ആപ്ലിന്‍ പറയുന്നു. ധാരാളം ബഹിരാകാശ അവശിഷ്ടങ്ങളും ഇലക്ട്രോസ്റ്റാറ്റിക് ഡിസ്ചാര്‍ജില്‍ (ESD) നിന്ന് പരിമിതമായ സംരക്ഷണം മാത്രമുള്ള ധാരാളം ചെറുതും, കുറഞ്ഞ ചെലവിലുള്ളതുമായ ഉപഗ്രഹങ്ങളും ഉള്ള സാഹചര്യത്തില്‍ ഇതിന് പ്രാധാന്യം ഏറെയാണെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു.
Radio pulse signals from a satellite that has been inactive for more than fifty years