swayamvara
pulimoottil

റഫാല്‍ യുദ്ധവിമാന ഭാഗം ഇന്ത്യയില്‍ നിര്‍മിക്കാന്‍ ഫ്രഞ്ച്‌ കമ്പനിയുമായി കരാര്‍

റഫാല്‍ യുദ്ധവിമാന ഭാഗം ഇന്ത്യയില്‍ നിര്‍മിക്കാന്‍ ഫ്രഞ്ച്‌ കമ്പനിയുമായി കരാര്‍

ന്യൂഡല്‍ഹി: ഫ്രഞ്ച് യുദ്ധവിമാനമായ റഫാലിന്റെ ഭാഗം ഇന്ത്യയില്‍ നിര്‍മിക്കുന്നത് സംബന്ധിച്ച് ദസോ ഏവിയേഷനും ടാറ്റാ അഡ്വാന്‍സ്ഡ് സിസ്റ്റം ലിമിറ്റഡും തമ്മില്‍ കരാര്‍ ഒപ്പിട്ടു. റഫാലിന്റെ ഫ്യൂസെലേജ് നിര്‍മാണത്തിനായാണ് ഇരുകമ്പനികളും തമ്മില്‍ കരാറായത്. ഇന്ത്യയിലേക്കുള്ള വിതരണ ശൃംഖല ശക്തിപ്പെടുത്താന്‍ ഇതിലൂടെ ദസ്സോയ്ക്ക് സാധിക്കും. 110 മള്‍ട്ടിറോള്‍ യുദ്ധവിമാനങ്ങള്‍ വാങ്ങാനുള്ള വമ്പന്‍ കരാര്‍ പ്രതിരോധ മന്ത്രാലയത്തിന്റെ പരിഗണനയിലാണ്. ഇതില്‍ കരാര്‍ ദസ്സോയ്ക്ക് ലഭിച്ചാല്‍ ഇന്ത്യയില്‍ നിര്‍മാണം ആരംഭിക്കാനുള്ള സാധ്യതയ്ക്കും ഈ കരാര്‍ വേഗം കൂട്ടും.

ഇതാദ്യമായാണ് റഫാലിന്റെ ഫ്യൂസെലേജ് ഫ്രാന്‍സിന് പുറത്ത് ഒരു രാജ്യത്തിലും നിര്‍മിക്കാനൊരുങ്ങുന്നത്. ഹൈദരാബാദിലായിരിക്കും റഫാലിന്റെ ഫ്യൂസെലേജ് നിര്‍മിക്കാനുള്ള പ്ലാന്റ് സജ്ജമാക്കുക. 2028ല്‍ ആദ്യത്തെ ഫ്യൂസെലേജ് നിര്‍മിച്ച് പുറത്തിറക്കും. മാസം രണ്ട് ഫ്യൂസെലേജ് വീതം നിര്‍മിക്കാനാകുന്ന ശേഷിയിലാണ് പ്ലാന്റ് സ്ഥാപിക്കുന്നത്. ഇന്ത്യയുടെ മള്‍ട്ടിറോള്‍ യുദ്ധവിമാന ഇടപാടില്‍ സാധ്യത കല്‍പ്പിക്കപ്പെടുന്ന വിമാനം കൂടിയാണ് റഫാല്‍. ഇതിനിടെയാണ് ഇന്ത്യയില്‍ വിമാനത്തിന്റെ പ്രധാന ഭാഗങ്ങള്‍ നിര്‍മിക്കാനുള്ള കരാര്‍ യാഥാര്‍ഥ്യമാകുന്നത്.

2020 മെയ് മാസത്തിലാണ് ആദ്യ റഫാല്‍ വിമാനം ഫ്രാന്‍സില്‍ നിന്ന് ഇന്ത്യയിലെത്തിയത്. ഒരു വിമാനത്തിന് ആദ്യം നിശ്ചയിച്ച വില 570 കോടി രൂപയാണ്. പക്ഷെ ഇത് ഇന്ത്യക്ക് ആവശ്യമായ യുദ്ധസജ്ജീകരണങ്ങളും ഉപകരണങ്ങളും ഇല്ലാത്ത റഫാലിന്റെ അടിസ്ഥാന വിലയാണ്. പൂര്‍ണ യുദ്ധസജ്ജമായ ഒരു റഫാലിന്റെ വില 1670 കോടി രൂപയാണ്.

ലേ, ലഡാക്ക്, എന്നീ സ്ഥലങ്ങള്‍ ഉള്‍പ്പെടെ സമുദ്ര നിരപ്പില്‍ നിന്ന് വളരെ ഉയരത്തില്‍ ഉള്ള പ്രദേശങ്ങളില്‍ നിന്ന് പറന്നുയരാനുള്ള എഞ്ചിന്‍ കരുത്ത്. ശത്രുവിന്റെ സ്ഥാനങ്ങള്‍ ഫല പ്രദമായി കണ്ടെത്താന്‍ സഹായിക്കുന്ന ഇസ്രയേല്‍ നിര്‍മ്മിത അത്യാധുനിക സെന്‍സറുകള്‍. രണ്ടര ടണ്‍ ഭാരം ഉള്ള ബ്രഹ്‌മോസ് ഉള്‍പ്പെടെയുള്ള ഭാരം കൂടിയ മിസൈലുകള്‍ വഹിക്കാനുള്ള ശേഷി. വായുവില്‍ നിന്ന് വായുവിലേക്കും കരയിലേക്കും ആക്രമണം നടത്താന്‍ പറ്റിയ മിസൈലുകള്‍ വഹിക്കാനുള്ള ശേഷി തുടങ്ങിയ കാര്യങ്ങളാണ് റഫാലിനെപ്പറ്റി ഇന്ത്യ ആവശ്യപ്പെട്ടത്.

rafale fighter jet fuselage will make in india

Share Email
LATEST excelnclexrn
More Articles
Top