അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് കലാശപ്പോരാട്ടം മഴ കൊണ്ടുപോകുമോ എന്ന ആശങ്ക. ഫൈനല്‍ മത്സരത്തിന്റെ വേദിയായ അഹമ്മദാബാദില്‍ ശക്തമായ മഴ പെയ്യുന്നത് ക്രിക്കറ്റ് പ്രേമികള്‍ നിരാശയോടെയാണ് വീക്ഷിക്കുന്നത്. മത്സരം ആരംഭിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‌ക്കെ ഫൈനല്‍ മത്സരം മഴ കൊണ്ടുപോകുമോ എന്നാണ് സംശയം.
അഹമ്മദാബാദില്‍ ഇപ്പോള്‍ മഴ പെയ്യുകയാണെന്നാണ് സമൂഹമാധ്യമങ്ങളില്‍ ക്രിക്കറ്റ് ആരാധകര്‍ കുറിക്കുന്നത്. മഴ പെയ്യുന്നതിന്റെ ചിത്രങ്ങളും ആരാധകര്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഉച്ചവരെ അഹമ്മദാബാദില്‍ തെളിഞ്ഞ കാലാവസ്ഥയായിരുന്നു. എന്നാല്‍ ടോസിന് മണിക്കൂറുകള്‍ക്ക് മുമ്പ് മഴയെത്തിയത് കീരീടപ്പോരാട്ടത്തിന്റെ വീറും വാശിയും മഴയില്‍ അലിഞ്ഞുപോകുമോ എന്ന കടുത്ത ആശങ്കയിലാണിപ്പോള്‍ ആരാധകര്‍.
ഐപിഎല്‍ ഫൈനലിന് ബിസിസിഐ റിസര്‍വ് ദിനം പ്രഖ്യാപിച്ചിട്ടുള്ളതിനാല്‍ ഇന്ന് ഫൈനല്‍ പൂര്‍ത്തിയാക്കാനായില്ലെങ്കില്‍ മത്സരം നാളെ നടത്തും. കഴിഞ്ഞ ദിവസം പഞ്ചാബ് കിംഗ്‌സും മുംബൈ ഇന്ത്യന്‍സും തമ്മിലുള്ള രണ്ടാം ക്വാളിഫയര്‍ പോരാട്ടം മഴ മൂലം മണിക്കൂറുകള്‍ വൈകിയാണ് ആരംഭിച്ചത്.
കലാശപ്പോരാട്ടം മഴ ഇന്ന് തടസപ്പെടുത്തിയാല്‍ റിസര്‍വ് ദിനമായ നാളത്തേക്ക് മത്സരം മാറ്റും. നാളെയും മത്സരം സാധ്യമായില്ലെങ്കില്‍ പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തിയ പഞ്ചാബ് കിംഗ്‌സിനെ ചാമ്പ്യന്‍മാരായി പ്രഖ്യാപിക്കും.