കൊച്ചി: അറബിക്കടലില്‍ കൊച്ചി തീരത്തിനോട് അടുത്ത് നൂറു കണക്കിന് കണ്ടെയ്‌നറുകളുമായി മുങ്ങിയ ചരക്കു കപ്പലിനുള്ളില്‍ പരിശോധന നടത്താന്‍ വിദേശ സംഘമെത്തി.
കഴിഞ്ഞ മാസം 24 ന് മുങ്ങിയ കപ്പലിനുള്ളില്‍ പാരിസ്ഥിതിക പ്രശ്‌നം ഉണ്ടാക്കുന്ന രാസമാനില്യങ്ങള്‍ ഉള്‍പ്പെയെയുള്ളവയുടെ വന്‍ ശേഖരം ഉളളതായ വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. ഈ സാഹചര്യത്തില്‍ ഇന്ന് ആരംഭിക്കുന്ന പരിശോധന ഏറെ നിര്‍ണായകമാണ്. ചരക്കു കപ്പലിനുള്ളില്‍ പരിശോധന നടപടികള്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് ഷിപ്പിംഗും കപ്പല്‍ കമ്പനിയായ എംഎസ്‌സിയും ചേര്‍ന്നാണ് നടത്തുക. ദക്ഷിണാഫ്രിക്കയില്‍ നിന്നെത്തിയ മുങ്ങല്‍ വിദഗ്ധരുടെ സംഘം ആദ്യം കപ്പല്‍ മുങ്ങിയ സ്ഥലത്ത് കടലിന്റെ അടിത്തട്ടില്‍ പരിശോധന നടത്തി മാപ്പിംഗ് പൂര്‍ത്തിയാക്കും. തുടര്‍ന്ന് കണ്ടെയ്‌നറുകള്‍ പുറത്ത് എടുക്കാനുള്ള നടപടികളിലേക്ക് കടക്കും. ഇതിനും കപ്പലിലെ എണ്ണ നീക്കം ചെയ്യുന്നതിനുമായി കപ്പല്‍ കമ്പനി മറ്റൊരു സ്ഥാപനത്തെ നിയമിച്ചിട്ടുണ്ട്.
കപ്പല്‍ മുങ്ങിയ മേഖല പൂര്‍ണമായും കോസ്റ്റ് ഗാര്‍ഡിന്റെ നിരീക്ഷണത്തിലാണ്. .കപ്പലിലെ കണ്ടെയ്‌നറുകള്‍ നിന്നും പോളിത്തീന്‍ സാധനങ്ങള്‍ ഉള്‍പ്പെടെയുള്ളവ തീരമേഖലകളില്‍ ദിവസങ്ങളായി എത്തുന്നുണ്ട്. കൊല്ലം, തിരുവനന്തപുരം, ആലപ്പുഴ തീരങ്ങളിലായി നിരവധി കണ്ടെയ്‌നറുകളും ഒഴുകിയെത്തി. ഇവയ്ക്കുള്ളില്‍ കാര്യമായ സാധനങ്ങള്‍ ഒന്നുമുണ്ടായിരുന്നില്ല. സാധനങ്ങള്‍ ഉളള കണ്ടെയ്‌നറുകള്‍ കപ്പലിനുളളിലും കടല്‍ത്തട്ടിലും ആയി കിടക്കാനാണ് സാധ്യതയെന്നു വിദഗ്ധര്‍ വ്യക്തമാക്കുന്നു. ഇതിനിടെ കപ്പലിനുള്ളിലെ സാധനങ്ങളക്കെുറിച്ച് ഏകദേശം വിവരങ്ങള്‍ പുറത്തു വന്നു.
കപ്പലിലുണ്ടായിരുന്ന 13 കണ്ടെയ്നറില്‍ കാല്‍സ്യം കാര്‍ബൈഡായിരുന്നു. കാല്‍സ്യം കാര്‍ബൈഡ് വെള്ളവുമായി ചേര്‍ന്നാല്‍പെട്ടെന്ന് തീപിടിക്കുന്ന അസറ്റലിന്‍ വാതകമായി മാറും. ഇവയില്‍ എട്ട് എണ്ണം കപ്പലിന്റെ അകത്തെ അറയിലാണ്. ബാക്കി കണ്ടെയ്നറുകള്‍ പുറത്തുമാണ് സൂക്ഷിച്ചിരുന്നത്. ക്യാഷ് എന്ന് എഴുതിയ നാല് കണ്ടെയ്നറില്‍ കശുവണ്ടി ഉണ്ടായിരുന്നു.46 കണ്ടെയ്നറില്‍ തേങ്ങയും കശുവണ്ടിയും ആയിരുന്നു.87 കണ്ടെയ്നറില്‍ തടി ആണുണ്ടായിരുന്നത് പോളിത്തീന്‍ തുണിത്തരങ്ങളും തേങ്ങയും വിവിധ കണ്ടെയ്‌നറുകളില്‍ ഉള്ളതായും റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നു.













