മരിച്ചവരുടെ ഡിഎന്‍എ സാമ്പിളുകളും ഭൗതികാവശിഷ്ടങ്ങളുമായി സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റ് ബഹിരാകാശത്തേക്ക്

മരിച്ചവരുടെ ഡിഎന്‍എ സാമ്പിളുകളും ഭൗതികാവശിഷ്ടങ്ങളുമായി സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റ് ബഹിരാകാശത്തേക്ക്

കാലിഫോര്‍ണിയ: മരിച്ച നിരവധിപേരുടെ ഡിഎന്‍എ സാമ്പിളുകളും ഭൗതികാവശിഷ്ടങ്ങളുമായി സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റ് ബഹിരാകാശത്തേക്ക്. ട്രാന്‍സ്‌പോര്‍ട്ടര്‍-14 റൈഡ്‌ഷെയര്‍ മിഷന്റെ ഭാഗമാണിതെന്ന് സ്‌പേസ്‌ഡോട്ട്‌കോം റിപ്പോര്‍ട്ട് ചെയ്തു. ഹൂസ്റ്റണ്‍ ആസ്ഥാനമായുള്ള സെലസ്റ്റിസ് എന്ന കമ്പനിയാണ് ഇതിന് പിന്നില്‍. 150-ലധികം സാമ്പിളുകളടങ്ങിയ പേടകങ്ങള്‍ വഹിച്ചുകൊണ്ടാണ് ബഹിരാകാശയാത്ര. ബഹിരാകാശത്ത് എത്തിയ ശേഷം പേടകങ്ങള്‍ അവയുടെ റിക്കവറി വാഹനത്തില്‍ ഭൂമിയിലേക്ക് തിരികെ വരുമെന്ന് കമ്പനി അറിയിച്ചു.

ഈ പേടകങ്ങള്‍ പസഫിക് സമുദ്രത്തില്‍ സുരക്ഷിതമായി ഇറങ്ങും. അവിടെ നിന്ന് അവ വീണ്ടെടുത്ത് കുടുംബാംഗങ്ങള്‍ക്ക് തിരികെ നല്‍കും. പ്രതികൂല കാലാവസ്ഥ കാരണം വിക്ഷേപണ തീയതി ഞായറാഴ്ചയില്‍ നിന്ന് തിങ്കളാഴ്ചയിലേക്ക് മാറ്റിയിരുന്നു. കാലിഫോര്‍ണിയയിലെ വാണ്ടന്‍ബര്‍ഗ് സ്‌പേസ് ഫോഴ്‌സ് ബേസില്‍നിന്ന് വിക്ഷേപിക്കുന്ന വാഹനം ലോ എര്‍ത്ത് ഓര്‍ബിറ്റില്‍ (ഭൂമിയുടെ താഴ്ന്ന ഭ്രമണപഥം) എത്തും. അന്തരീക്ഷത്തിലേക്ക് സാവധാനത്തില്‍ തിരികെ പ്രവേശിക്കുന്നതിന് മുന്‍പ് ഭൂമിയെ ചുറ്റി ഇത് രണ്ടോ മൂന്നോ തവണ പൂര്‍ണ ഭ്രമണപഥം പൂര്‍ത്തിയാക്കും.

മരിച്ചവരുടെ ഭൗതികാവശിഷ്ടങ്ങളും ഡിഎന്‍എ സാമ്പിളുകളും ബഹിരാകാശത്തേക്ക് അയയ്ക്കുന്നത് എന്തിനാണ് എന്നതാണ് കൗതുകകരം. പ്രിയപ്പെട്ടവരെ ആദരിക്കുന്നതിനുള്ള ഒരു സവിശേഷമായ മാര്‍ഗ്ഗമാണിതെന്ന് കമ്പനി പറയുന്നു. നക്ഷത്രങ്ങള്‍ക്കിടയിലൂടെയുള്ള പ്രിയപ്പെട്ടവരുടെ യാത്ര അവര്‍ക്കുള്ള സ്ഥിരമായ ഒരു ആദരാഞ്ജലി ആയിരിക്കുമെന്നും അവര്‍ പറയുന്നു. ബഹിരാകാശ ശവസംസ്‌കാരത്തിന്റെ (സ്‌പേസ് ബറിയല്‍) പ്രവണത എടുത്തുകാട്ടുന്നതാണ് ദൗത്യം. മുന്‍പും ഇതുണ്ടായിട്ടുണ്ട്.

സ്റ്റാര്‍ ട്രെക്കിന്റെ സ്രഷ്ടാവായ ജീന്‍ റോഡന്‍ബെറിയാണ് 1992-ല്‍ തന്റെ ഭൗതികാവശിഷ്ടങ്ങള്‍ ബഹിരാകാശത്ത് സംസ്‌കരിച്ച ആദ്യത്തെ വ്യക്തി. പ്രശസ്ത ബഹിരാകാശ യാത്രികനായ യൂജിന്‍ മെര്‍ലെ ഷൂമേക്കറാണ് ചന്ദ്രനില്‍ ഭൗതികാവശിഷ്ടങ്ങള്‍ സംസ്‌കരിച്ച ആദ്യത്തെ വ്യക്തി. മനശാസ്ത്രജ്ഞനും തത്വചിന്തകനുമായ തിമോത്തി ലിയറിയുടെ ഭൗതികാവശിഷ്ടങ്ങളും ബഹിരാകാശത്തേക്ക് അയച്ചിട്ടുണ്ട്. ഭൗതികാവശിഷ്ടങ്ങള്‍ ബഹിരാകാശത്തേക്ക് വിക്ഷേപിച്ച് പ്രിയപ്പെട്ടവരെ ആദരിക്കുന്നതിനുള്ള ഒരു സവിശേഷ മാര്‍ഗമാണ് ബഹിരാകാശ ശവസംസ്‌കാരം. ഭൗതികാവശിഷ്ടങ്ങള്‍ ബഹിരാകാശത്തേക്ക് വിക്ഷേപിക്കുന്നു. അവിടെ ചുറ്റിത്തിരിഞ്ഞശേഷം അവ അന്തരീക്ഷത്തിലേക്ക് തിരികെ പ്രവേശിക്കുമ്പോള്‍ കത്തിനശിക്കുന്നു. ഇതാണ് സാധാരണ സംഭവിക്കാറുള്ളത്.

SpaceX’s Falcon 9 rocket launches into space with DNA samples and remains of the deceased

Share Email
LATEST
More Articles
Top