ശുഭാംശുവും സംഘവും ബഹിരാകാശ നിലയത്തിൽ; അടുത്ത 14 ദിവസങ്ങൾ അതിശയകരമായിരിക്കും; ആദ്യസന്ദേശം

ശുഭാംശുവും സംഘവും ബഹിരാകാശ നിലയത്തിൽ; അടുത്ത 14 ദിവസങ്ങൾ അതിശയകരമായിരിക്കും; ആദ്യസന്ദേശം

ഫ്‌ലോറിഡ: ചരിത്രം പിറന്നു. ഇന്ത്യൻ ബഹിരാകാശ സഞ്ചാരി ശുഭാംശു ശുക്ലയും സംഘവും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ പ്രവേശിച്ചു. വ്യാഴാഴ്ച വൈകുന്നേരം 4നാണ് പേടകം നിലയത്തിലെ ഹാർമണി മോഡ്യൂളുമായി ഡോക്ക് ചെയ്തത്.

രാജ്യാന്തര ബഹിരാകാശ നിലയത്തിൽ നിന്ന് തന്റെ ആദ്യ സന്ദേശം അയച്ച് ബഹിരാകാശ യാത്രികൻ ശുഭാംശു ശുക്ല. അടുത്ത 14 ദിവസങ്ങൾ അതിശയകരമായിരിക്കും എന്ന ആദ്യസന്ദേശമാണ് ശുഭാംശു ശുക്ല അയച്ചിരിക്കുന്നത്. രാജ്യാന്തര ബഹിരാകാശ നിലയത്തിൽ എത്തുന്ന ആദ്യ ഇന്ത്യക്കാരനായ ശുഭാംശു ശുക്ല ഉൾപ്പെട്ട ആക്‌സിയം –4 ദൗത്യസംഘം രാജ്യാന്തര ബഹിരാകാശ നിലയത്തിൽ ഡോക്കിങ് നടപടികൾ കഴിഞ്ഞ ദിവസമാണ് പൂർത്തിയാക്കിയത്.

രണ്ട് മണിക്കൂർ നീണ്ട നടപടി ക്രമങ്ങൾക്ക് ശേഷമാണ് സംഘം നിലയത്തിനുള്ളിലേക്ക് പ്രവേശിച്ചത്. ചരിത്രത്തിലാദ്യമായിട്ടാണ് ഒരു ഇന്ത്യക്കാരൻ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ പ്രവേശിക്കുന്നത്.
ഇനിയുള്ള 14 ദിവസം ആക്‌സിയം ദൗത്യാംഗങ്ങൾക്ക് ബഹിരാകാശ നിലയത്തിൽ ഗവേഷണങ്ങളുടെയും പരീക്ഷണങ്ങളുടെയും കാലമാണ്. ഇന്നലെയാണ് ശുഭാംശു ശുക്ല അടക്കം നാല് പേർ ആക്‌സിയം 4 ദൗത്യത്തിൽ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് യാത്ര തിരിച്ചത്.

സ്‌പേസ് എക്‌സിൻറെ ഗ്രേസ് ക്രൂ ഡ്രാഗൺ പേടകത്തിലായിരുന്നു ഇവരുടെ യാത്ര. മുതിർന്ന അമേരിക്കൻ ആസ്ട്രനോട്ട് പെഗ്ഗി വിറ്റ്‌സൺ, പോളണ്ട് സ്വദേശി സ്ലാവോസ് ഉസ്‌നാൻസ്‌കി, ഹംഗറിയിൽ നിന്നുള്ള ടിബോർ കാപു എന്നിവരാണ് ആക്‌സിയം 4 ദൗത്യ സംഘത്തിലുള്ള മറ്റംഗങ്ങൾ.
ആക്‌സിയം സ്‌പേസിൻറെ യൂട്യൂബ് ചാനലിൽ പേടകം നിലയവുമായി ഡോക്ക് ചെയ്യുന്നതിൻറെയും സംഘം നിലയത്തിലേക്ക് പ്രവേശിക്കുന്നതിൻറെയും ദൃശ്യങ്ങൾ തത്സമയം സംപ്രേഷണം ചെയ്തിരുന്നു.


ബഹിരാകാശ നിലയത്തിലെ ഓർബിറ്റൽ ലബോറട്ടറിയിൽ എത്തിയ തനിക്ക് കൂടുതൽ സുഖം തോന്നുന്നതായും ഭൂമിയെ ഐഎസ്എസിൽ നിന്ന് കണ്ട ചുരുക്കം ചിലരിൽ ഒരാളാകാൻ കഴിഞ്ഞതിൽ തനിക്ക് അഭിമാനമുണ്ടെന്നും ശുഭാംശു പറഞ്ഞു. ”ഞാൻ ബഹിരാകാശത്ത് എത്തുന്ന 634–ാം സഞ്ചാരിയാണ്. ഇവിടെ എത്തിച്ചേരാൻ കഴിഞ്ഞത് ഒരു പദവിയാണ്. നിങ്ങൾ എന്നെ സ്വാഗതം ചെയ്തു, അക്ഷരാർത്ഥത്തിൽ ഞങ്ങൾക്കായി നിങ്ങളുടെ വാതിലുകൾ തുറന്നിട്ടതുപോലെ. ഇവിടെ ഒരു കുഞ്ഞിനെ പോലെയാണ് ഞാൻ. നടക്കാൻ പഠിക്കുന്നു. ഭക്ഷണം കഴിക്കാൻ പരിശീലിക്കുന്നു. ഗുരുത്വാകർഷണം ഇല്ലാത്തിടത്ത് ജീവിക്കാൻ പഠിക്കുന്നു. ആദ്യ ചുവടുവയ്പുകളിലെ പിഴവുകൾ പോലും ഞങ്ങൾ പരസ്പരം ആസ്വദിക്കുന്നു. ഞാൻ ഒരുപാട് ഉറങ്ങുന്നുണ്ടെന്നാണ് സഹപ്രവർത്തകർ പറയുന്നത്.” – ശുഭാംശു പറഞ്ഞു.

”ഈ വീക്ഷണകോണിൽ നിന്ന് ഭൂമിയെ കാണാൻ അവസരം ലഭിച്ച ചുരുക്കം ചിലരിൽ ഒരാളാകാൻ കഴിയുന്നത് ഒരു പദവിയാണ്. ഐഎസ്എസിലെ അടുത്ത രണ്ടാഴ്ച അതിശയകരമായിരിക്കും. അത് സത്യമാണ്. ഇപ്പോൾ എനിക്ക് കൂടുതൽ സുഖം തോന്നുന്നു. ഇവിടെ വരുന്നതിന് മുൻപ് എന്നെ സംബന്ധിച്ച് ഉണ്ടായിരുന്ന എല്ലാ പ്രതീക്ഷകളെല്ലാം അസ്ഥാനത്തായിരിക്കുന്നു. അടുത്ത 14 ദിവസങ്ങളിൽ ഒരുമിച്ച് പ്രവർത്തിക്കാം. ശാസ്ത്രവും ഗവേഷണവും പുരോഗമിക്കും, എനിക്ക് വളരെ ആത്മവിശ്വാസമുണ്ട്.” – അദ്ദേഹം പറഞ്ഞു.

Subhanshu and team enter space station; next 14 days will be amazing; first message

Share Email
LATEST
Top