തരൂരിന് പിന്തുണയുമായി താരിഖ് അന്‍വര്‍

തരൂരിന് പിന്തുണയുമായി താരിഖ് അന്‍വര്‍

ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിനു പിന്നാലെ ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂറിന്റെ പേരില്‍ കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ നടത്തിയ പരാമര്‍ശങ്ങളില്‍ കോണ്‍ഗ്രസിനുള്ളിലുണ്ടായ ഭിന്നതയില്‍ തരൂരിനെ പിന്തുണച്ച് താരിഖ് അന്‍വര്‍. ഓപ്പറേഷന്‍ സിന്ദൂറിനു പിന്നാലെ ഇന്ത്യയുടെ നിലപാട് വ്യക്തമാക്കാനായി ലോക രാജ്യങ്ങളില്‍ ദൗത്യത്തില്‍ പങ്കെടുത്ത ശശി തരൂര്‍ എം പിയുടെ നിലപാടിനെ താരിഖ് അന്‍വര്‍ അനുകൂലിച്ചു. തരൂരിന്റെ നീക്കങ്ങളില്‍ ഹൈക്കമാന്‍ഡ് ശക്തമായ അതൃപ്തി തുടരുമ്പോഴാണ് പ്രവര്‍ത്തക സമിതിയംഗമായ താരിഖ് അന്‍വറിന്റെ പിന്തുണ.

തരൂര്‍ അച്ചടക്കമുള്ള നേതാവാണെന്ന് താരിഖ് അന്‍വര്‍ സ്വകാര്യ വാര്‍ത്താചാനലിനു നല്കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. മുമ്പ് കേരളത്തിന്റെ ചുമതലയുണ്ടായിരുന്ന പ്രവര്‍ത്തക സമിതിയംഗമാണ് താരിഖ് അന്‍വര്‍.
തരൂര്‍ പാര്‍ട്ടി ലൈന്‍ ലംഘിച്ചിട്ടില്ലെന്ന് പറഞ്ഞ താരിഖ് അന്‍വര്‍, തരൂര്‍ അദ്ദേഹത്തിന്റെ നിലപാട് വ്യക്തമാക്കുന്നതില്‍ എന്താണ് തെറ്റെന്നും ചോദിച്ചു.

വിദേശകാര്യ വിഷയങ്ങളില്‍ ശശി തരൂരിന് മികച്ച പാണഡിത്യമുണ്ട്. ഓരോ പാര്‍ട്ടിയും പ്രതിനിധി സംഘത്തിലേക്ക് അവരുടെ പ്രതിനിധികളെ തെരഞ്ഞെടുക്കുന്നു. ആര് വിചാരിച്ചാലും കോണ്‍ഗ്രസിനെ തകര്‍ക്കാനാവില്ല. ശശി തരൂര്‍ വഴി കേരളത്തില്‍ വേരുകളുണ്ടാക്കാനാണ് ബിജെപി ശ്രമിക്കുന്നത്. തരൂരിനെതിരെ പാര്‍ട്ടി അച്ചടക്ക നടപടിയെടുക്കില്ലെന്നാണ് കരുതുന്നതെന്നും താരിഖ് അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.

Tariq Anwar supports Tharoor
Share Email
LATEST
More Articles
Top