ന്യൂഡൽഹി: മൊബൈൽ ഫോൺ ഉപയോഗിച്ചുള്ള തട്ടിപ്പുകൾ തടയാൻ പുതിയ നിയമങ്ങളുമായി ടെലികോം വകുപ്പ് . സൈബർ കുറ്റകൃത്യങ്ങൾ തുടർക്കഥയാകുന്ന സാഹചര്യത്തിലാണ് സൈബർ സുരക്ഷാ നിയമങ്ങളിൽ മാറ്റം വരുത്തി തട്ടിപ്പുകൾ തടയാൻ സർക്കാർ ഒരുങ്ങുന്നത്. ഇതിന്റെ ഭാഗമായി പുതിയ നിയമനിർമാണത്തിനാണ് ഒരുങ്ങുന്നത്.
ജൂൺ 24ന് പ്രസിദ്ധീകരിച്ച കരട് നിയമത്തിൽ, ഫോൺ നമ്പർ സ്ഥിരീകരിക്കുന്നതിന് പുതിയ സംവിധാനം ഉണ്ടാക്കുമെന്നാണ് വ്യക്തമാക്കുന്നത്. യുപിഐ ഇടപാടുകൾക്ക് ഫോൺ നമ്പർ ഉപയോഗിക്കുന്ന ബാങ്കുകൾ പോലുള്ള സ്ഥാപനങ്ങളും ഇതിൽ ഉൾപ്പെടും. പുതിയ നിയമങ്ങൾ പ്രാബല്യത്തിലാകുന്നതോടെ സൈബർ തട്ടിപ്പുകൾ ഒരു പരിധി വരെ തടയാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പുതിയ നിയമത്തിലെ പ്രധാന ഭാഗം മൊബൈൽ നമ്പർ വാലിഡേഷൻ (എംഎൻവി) പ്ലാറ്റ്‌ഫോം ആണ്. ഇതുവഴി അംഗീകൃത സ്ഥാപനങ്ങൾക്കും ലൈസൻസ് നേടുന്നവർക്കും ഫോൺ നമ്പർ ശരിയാണോ എന്ന് പരിശോധിക്കാൻ കഴിയും. ഈ നമ്പറുകൾ ഒരു ഡാറ്റാബേസിലാണ് ഉണ്ടാവുക. അതിലൂടെ ആധികാരികത ഉറപ്പുവരുത്താനാകും.
പുതിയ നിയമം അനുസരിച്ച്, ഒരു മൊബൈൽ നമ്പറിന്റെ സ്ഥിരീകരണം നടത്താൻ നിശ്ചിത തുക ഈടാക്കും. കേന്ദ്ര സംസ്ഥാന സർക്കാരുകൾ അംഗീകരിച്ച സ്ഥാപനങ്ങൾക്ക് ഒരു നമ്പറിന് 1.5 രൂപയാണ് നിരക്ക്. മറ്റുള്ളവർ ഒരു നമ്പർ വെരിഫൈ ചെയ്യാൻ 3 രൂപ നൽകണം. പുതിയ കരട് നിയമത്തെക്കുറിച്ച് ടെലികോം വകുപ്പ് അഭിപ്രായങ്ങൾ തേടിയിട്ടുണ്ട്. താല്പര്യമുള്ളവർക്ക് 30 ദിവസത്തിനകം അഭിപ്രായം അറിയിക്കാം.
പുതിയ നിയമങ്ങൾ സർക്കാർ ഏജൻസികൾക്കും നിയമപാലകർക്കും കൂടുതൽ അധികാരം നൽകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. വ്യക്തികളുടെ വിവരങ്ങൾ ശേഖരിക്കാൻ ഇത് സഹായിക്കും. പുറത്തുവരുന്ന റിപ്പോർട്ടുകളനുസരിച്ച് ഒരു ബാങ്ക് പുതിയ സംവിധാനം പരീക്ഷിച്ച് തുടങ്ങിയിട്ടുണ്ട്. തട്ടിപ്പ് നടത്തിയ നമ്പറുകൾ ഇതുവഴി കണ്ടെത്താനാകും.
ഇങ്ങനെ തട്ടിപ്പുകൾ നടത്തിയതായി കണ്ടെത്തുന്ന നമ്പറുകൾ 90 ദിവസത്തേക്ക് പ്രവർത്തനരഹിതമാക്കും. 90 ദിവസത്തിന് ശേഷം ഈ നമ്പറിന്റെ വിവരങ്ങൾ ഡാറ്റാബേസിൽ നിന്ന് നീക്കം ചെയ്യും. പിന്നീട് ആ നമ്പർ എടുക്കുന്ന ഉപയോഗിക്കുന്ന വ്യക്തിയ്ക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാനാണിത്. നിയമം നടപ്പിലാക്കുന്നതിലൂടെ മൊബൈൽ ഫോൺ ഉപയോഗിച്ചുള്ള തട്ടിപ്പുകൾ കുറയ്ക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Cyber security rules to change; Telecom Department to prevent fraud using mobile phones











