കലാലയ കാലഘട്ടത്തിലെ നല്ലോർമ്മകൾ മനസിലേക്ക് വീണ്ടും എത്തിച്ചേരുമ്പോൾ ഓരോരുത്തരിലും പഴയകാല ഓർമയുടെ തിരയിളക്കം. അത്തരമൊരു ഓർമയുടെ
വേലിയേറ്റം ഒരുക്കുകയാണ്
നോർത്ത് അമേരിക്കയിലെ എസ്.ബി ആൻഡ് അസംപ്ഷൻ കോളജുകളിലെ അലുമ്‌നി അസോസിയേഷനുകൾ.
ചങ്ങനാശേരി എസ്.ബി ആൻഡ് അസംപ്ഷൻ കോളേജ് അലുമ്‌നി അസോസിയേഷനുകളുടെ നോർത്ത് അമേരിക്കയിലെ ഏകോപനം പൂർത്തിയായതായി സംഘടനയുടെ നാഷണൽ ലീഡേഴ്സ് കൗൺസിൽ അറിയിച്ചു. എസ്.ബി, അസംപ്ഷൻ പൂർവ്വവിദ്യാർഥികളുടെ അമേരിക്കയിലെ വിവിധ ചാപ്റ്ററുകളെ പ്രതിനിധീകരിച്ചു രൂപീകരിക്കപ്പെട്ട പതിനഞ്ച് അംഗ സമിതിയുടെ രണ്ടാമത് സൂം മീറ്റിംഗ് ജൂൺ പതിനെട്ട് ശനിയാഴ്‌ച നടന്നു. സംഘടന ഒരുക്കിയ ദേശീയ ഡാറ്റ ബേസിൽ വിവരങ്ങൾ നൽകി സജീവമായി പ്രവർത്തിക്കാൻ ആവേശകരമായി മുമ്പോട്ടുവന്ന അമേരിക്കയിലെ എല്ലാ തുറകളിലുമുള്ള പൂർവ്വവിദ്യാർഥികളെയും നാഷണൽ കൗൺസിൽ അഭിനന്ദിച്ചു.
അമേരിക്കയിലെ ഉന്നതവിദ്യാഭ്യാസ രംഗത്തും പ്രൊഫെഷണൽ മേഖലയിലും ശാസ്ത്ര-സാങ്കേതിക രംഗത്തും എസ്.ബി, അസംപ്ഷൻ പൂർവ വിദ്യാർഥികൾ അഭിമാനകരമായി നൽകിവരുന്ന നേതൃത്വവും സേവനമികവും പ്രയോജനപ്പെടുത്തി യുഎസ്സിലുള്ള പ്രമുഖ സർവ്വകലാശാലകളുമായി സഹകരിച്ച് വിദ്യാർഥികൾക്കായി ബൃഹത്തായ പദ്ധതികൾ ഭാവിയിൽ രൂപകല്പന ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു. പൂർവ്വ വിദ്യാർഥികളുടെ നാഷണൽ കൺവൻഷൻ 2026 ൽ അമേരിക്കയിൽ നടത്തും.
ദേശീയതലത്തിൽ രൂപീകരിച്ചിട്ടുള്ള അമേരിക്കയിലെ പൂർവ്വവിദ്യാർഥികളുടെ ഈ നവശൃംഖല, മൂന്ന് റീജിയനുകളായി (വെസ്റ്റ് കോസ്റ്റ്, മിഡ് വെസ്റ്റ് & സൗത്ത്, ഈസ്റ്റ് കോസ്റ്റ്) അതിന്റെ പ്രവർത്തനങ്ങൾ വിപുലീകരിക്കും. ഈ റീജിയണുകളിലുള്ള നഗരങ്ങൾ കേന്ദ്രീകരിച്ചു പുതിയ അലുമ്‌നി ചാപ്റ്ററുകൾ രൂപീകരിക്കുന്നതിന് ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ ദേശീയസമിതി നൽകുന്നതാണെന്നും ഭാരവാഹികൾ അറിയിച്ചു.
റീജിയണുകളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന്ന് ദയാലു ജോസഫ് കാലിഫോർണിയ (വെസ്റ്റ്), ബോബൻ കളത്തിൽ, കാർമൽ തോമസ് (ചിക്കാഗോ),ജോർജ്ജ് ജോസഫ് ഹ്യൂസ്റ്റൺ(മിഡ് വെസ്റ്റ് & സൗത്ത് ), ടോം പെരുമ്പായി, ജെയിൻ ജേക്കബ് ന്യൂ ജേഴ്സി(ഈസ്റ് കോസ്റ്റ്) എന്നിവർ നേതൃത്വം നൽകും. സംഘടനയുടെ ഏകോപനങ്ങൾക്ക് നേതൃത്വവും പ്രോത്സാഹനവും മാർഗ്ഗ നിർദ്ദേശങ്ങളും നൽകുന്ന ചങ്ങനാശേരി അതിരൂപതയുടെ അഭിവന്ദ്യ മെത്രാപ്പോലീത്ത മാർ തോമസ് തറയിൽ, എസ്.ബി അസംപ്ഷൻ കോളേജ് പ്രിൻസിപ്പൽമാർ, അധ്യാപകർ എന്നിവർക്ക് ഭാരവാഹികൾ നന്ദി പറഞ്ഞു.
നാഷണൽ കൗൺസിൽ അംഗങ്ങളായ മാത്യു ദാനിയേൽ, ഡോ. മനോജ് മാത്യു, പിന്റോ കണ്ണമ്പള്ളി, പ്രൊഫ. ജെയിംസ് ഓലിക്കര, ലീല മാരേട്ട്, ഷിബു അഗസ്റ്റിൻ, തോമസ് ഡിക്രൂസ്, സക്കറിയ വടകര എന്നിവർ ചർച്ചകൾക്ക് നേതൃത്വം നൽകി. അസംപ്ഷൻ കോളേജ് പൂർവ്വവിദ്യർഥിനി റോഷൻ ചെറിയാൻ സംഘടനയുടെ സെക്രട്ടറിയായി പ്രവർത്തിക്കും. സംഘടനയിൽ ചേർന്നു പ്രവർത്തിക്കാനും ചാപ്റ്ററുകൾ രൂപീകരിക്കാനും താല്പര്യമുള്ള പൂർവ്വവിദ്യാർഥികൾ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്.
https://forms.gle/wrE2qFfBqm8ub79GA
വിശദ വിവരങ്ങൾക്ക്:
നാഷണൽ കോർഡിനേറ്റേഴ്‌സായ മാത്യു ഡാനിയേൽ +1 (847) 373-9941), പിന്റോ കണ്ണമ്പള്ളി +1 (973) 337-7238), റോഷൻ ചെറിയാൻ +1 (914) 419-6743) എന്നിവരുമായി ബന്ധപ്പെടുക.
The heartbeats of SB and Assumption in North America