കണ്ണീരിലാഴ്ത്തിയ ആകാശ ദുരന്തം

കണ്ണീരിലാഴ്ത്തിയ ആകാശ ദുരന്തം

സൈമൺ വളാച്ചേരിൽ (ചീഫ് എഡിറ്റർ)

നമ്മളേവരുടെയും ഉള്ളുലച്ച വിമാന അപകടമായിരുന്നു അഹമ്മദാബാദ് സർദാർ വല്ലഭായി പട്ടേൽ ഇന്റർനാഷണൽ എയർപോർട്ടിന് തൊട്ടുള്ള ജനവാസ ജനവാസ മേഖലയിൽ സംഭവിച്ചത്. വിമാനത്തിലുണ്ടായിരുന്നവരും അത് ഒരു അഗ്നിഗോളമായി പതിച്ച ബി.ജെ മെഡിക്കൽ കോളേജ് ഹോസ്റ്റലിലെ മെസ്സിലുണ്ടായിരുന്ന വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവരും അകാലത്തിൽ ഈ ലോകത്തോട് വിടചൊല്ലി. ആകെ 294 പേർ മരിച്ചുവെന്നാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുന്നത്.

പത്തനംതിട്ട പുല്ലാട്ട് സ്വദേശിനിയായ നേഴ്‌സ് രഞ്ജിത ഗോപകുമാറിന്റെ വിയോഗം തീരാദുഖമായി അവശേഷിക്കുന്നു. അപകടത്തിൽ നിന്ന് ദൈവത്തിന്റെ കരങ്ങളിലൂടെ രക്ഷപെട്ട ഇന്ത്യൻ വംശജനായ ബ്രിട്ടീഷ് പൗരൻ വിശ്വാസ് കുമാർ രമേശ് (40) അവിശ്വസനീയമായാണ് ജീവിതത്തിലേയ്ക്ക് തിരിച്ചെത്തിയത്. ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയുടെ മരണവും അപ്രതീക്ഷിതമായിരുന്നു.

ഏറ്റവും സുരക്ഷിതമെന്ന് പറയുന്ന ബോയിങ് ഡ്രീംലൈനർ 787-8 വിമാനം വീണ് തകർന്നതിന്റെ യഥാർത്ഥ കാരണങ്ങൾ കണ്ടെത്തുന്നതിനായി ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചുകഴിഞ്ഞു. 11 വർഷം പഴക്കമുള്ള വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സും ഫ്‌ളൈറ്റ് ഡാറ്റ റെക്കോർഡറും സമാനതകളില്ലാത്ത ഈ ദുരന്തത്തിന്റെ കാര്യകാരണങ്ങളിലേയ്ക്ക് വെളിച്ചം വീശുമെന്നാണ് പ്രതീക്ഷ. എങ്കിലും പ്രാഥമികമായ ചില നിഗമനങ്ങളിൽ വിദഗ്ധർ എത്തിയിട്ടുണ്ട്. വിമാനം സുരക്ഷിതമായ ഉയരം കൈവരിക്കുന്നതിന് മുമ്പുണ്ടായ ഈ ദുരന്തം സൂചിപ്പിക്കുന്നത് രണ്ട് എഞ്ചിനുകളുടെയും തകരാറാണ്.

വിമാനത്തിന്റെ ഫ്‌ളാപ്പുകൾ ശരിയായി പ്രവർത്തിക്കാതിരുന്നതും ലാൻഡിങ് ഗിയറുകൾ മടങ്ങാതിരുന്നതും അപകടകാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. അതേസമയം വിമാനത്തിലുണ്ടായിരുന്ന വലിയ തോതിലുള്ള ഇന്ധന ശേഖരം ദുരന്തത്തിന്റെ തീവ്രത പതിൻമടങ്ങ് വർധിപ്പിക്കുകയും ചെയ്തു.
ലോകത്ത് സർവീസ് നടത്തുന്നവയിൽ ഏറ്റവും സുരക്ഷിതമെന്ന് പേരുകേട്ടതാണ് ബോയിങ്ങിന്റെ ഡ്രീംലൈനർ വിമാനങ്ങൾ. ദീർഘദൂര സർവീസുകൾക്ക് ഉത്തമമാണ് ഇവ.

പക്ഷേ, ഡ്രീംലൈനർ വിമാനത്തിലെ ചില സുരക്ഷാ പ്രശ്‌നങ്ങൾ അടുത്തകാലത്ത് ബോയിങ്ങിലെ മുൻ ഉദ്യോഗസ്ഥൻ ചൂണ്ടിക്കാട്ടിയിരുന്നു. പരാതികൾ പലവട്ടം ഉയർന്നിരുന്നെങ്കിലും ബോയിങ് കമ്പനി അധികൃതർ അത് നിരാകരിക്കുകയായിരുന്നുവെന്ന അക്ഷേപങ്ങളും ഇപ്പോൾ പുറത്തുവരുന്നുണ്ട്. അഹമ്മദാബാദിൽ നിന്ന് ലണ്ടനിലേയ്ക്ക് പറക്കും മുമ്പ് ഡൽഹിയിൽ നിന്നും സർദാർ വല്ലഭായി പട്ടേൽ ഇന്റർനാഷണൽ എയർപോർട്ടിലെത്തിയ വിമാനത്തിന്റെ എയർ കണ്ടീഷനും ഡിസ്‌പ്ലേ സ്‌ക്രീനും പ്രവർത്തന രഹിതമായിരുന്നുവത്രേ. മണിക്കുറുകൾ താമസിച്ചാണ് വിമാനം ഡൽഹിയിൽ നിന്ന് പുറപ്പെട്ടതു തന്നെ. അറ്റകുറ്റപ്പണികൽ കൃത്യമായി നടത്തിയിരുന്നില്ലെന്നും റിപ്പോർട്ടുകളുണ്ട്.

വിമാനയാത്രകൾ ഒഴിച്ചുകൂടാനാകാത്ത കാലമാണിത്. അതുകൊണ്ട് അത് പരമാവധി സുരക്ഷിതമാക്കുക എന്നത് ബന്ധപ്പെട്ട എല്ലാ കേന്ദ്രങ്ങളും അതിശ്രദ്ധ ചെലുത്തേണ്ട പരമപ്രധാന കാര്യവുമാണ്. വിമാനയാത്ര ഭയരഹിതവും സുരക്ഷിതവും സന്തോഷകരവുമാക്കാൻ ബന്ധപ്പെട്ട അധികൃതർ എന്ത് നടപടിയെടുക്കുമെന്ന് കാത്തിരിക്കുകയാണ് പ്രവാസികൾ ഉൾപ്പെടെയുള്ളവർ. ഇക്കാര്യത്തിൽ പ്രവാസി ഇന്ത്യക്കാരുടെ ആശങ്കകൾ ദൂരീകരിക്കപ്പെടേണ്ടതുണ്ട്.

ഏതായാലും ഇന്ത്യയെ ഞെട്ടിച്ച ഏറ്റവും വലിയ വിമാന അപകടങ്ങളുടെ പട്ടികയിലേയ്ക്ക് അഹമ്മദാബാദ് ദുരന്തവും എഴുതിച്ചേർക്കപ്പെടുകയാണ്. ഈ വിമാനത്തിലെ ഓരോ വ്യക്തികൾക്കും ഒരു ലക്ഷ്യവും ഒട്ടേറെ സ്വപ്നങ്ങളും പ്രതീക്ഷകളുമുണ്ടായിരുന്നു. വിമാനം റൺവേ വിട്ട് 30 സെക്കന്റുകൾക്കുള്ളിൽത്തന്നെ നിലം പതിച്ചപ്പോൾ ഒന്നുറക്കെ നിലവിളിക്കാൻ പോലും ആർക്കും സാധിച്ചിട്ടുണ്ടാവില്ല. എന്താണ് സംഭവിക്കുന്നതെന്നറിയാതെ അവരെല്ലാം ഒരുപിടി ചാരമായി.

ഹൃദയഭേദകമായ ഈ അപകടത്തിൽ പൊലിഞ്ഞ മലയാളി നേഴ്‌സ് രഞ്ജിത ഉൾപ്പെടെയുള്ളവർക്ക് നേർകാഴ്ച ആദരാഞ്ജലികളർപ്പിക്കുന്നു. വിടചൊല്ലിയവരുടെ ദുഖത്തോടൊപ്പം പങ്കുചേർന്നുകൊണ്ട് പരിക്കേറ്റ മെഡിക്കൽ വിദ്യാർത്ഥികൾ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് പ്രാർത്ഥിക്കുകയും ചെയ്യുന്നു.

Share Email
Top