പ്രതീക്ഷ, ലോകസമാധാനം: ഐക്യരാഷ്ട്ര സംഘടനയ്ക്ക് എൺപതാണ്ട്

പ്രതീക്ഷ, ലോകസമാധാനം: ഐക്യരാഷ്ട്ര സംഘടനയ്ക്ക് എൺപതാണ്ട്

ന്യൂയോർക്ക്: ലോകയുദ്ധങ്ങളും ജൂതവംശഹത്യയും ജനദുരിതവും തച്ചുടച്ച ഇരുപതാം നൂറ്റാണ്ടിന്റെ ഇരുണ്ടകാലങ്ങളിൽ പ്രതീക്ഷയുടെ ദീപമായി അവതരിച്ച ഐക്യരാഷ്ട്ര സംഘടനയ്ക്ക് എൺപതാണ്ട്. ഐക്യരാഷ്ട്ര സംഘടനയ്ക്കു (യുണൈറ്റഡ് നേഷൻസ് – യുഎൻ) വിത്തിട്ട യുഎൻ ചാർട്ടർ 1945 ജൂൺ 26ന് സാൻഫ്രാൻസിസ്കോയിൽ ഒപ്പുവച്ചതിന്റെ വാർഷികം പ്രമാണിച്ച് പൊതുസഭ ഇന്നലെ പ്ലീനറി യോഗം ചേർന്നു. സമാധാനവും വികസനവും മനുഷ്യാവകാശ സംരക്ഷണവും ഉറപ്പാക്കാനായി വിവിധ രാജ്യങ്ങൾ കൈകോർത്തു രൂപീകരിച്ച ആഗോള സംഘടനയാണ് യുഎൻ. രാജ്യങ്ങൾ തമ്മിലുള്ള തർക്കങ്ങളും മറ്റും യുദ്ധമായി പരിണമിക്കാതെ തടയുക, യുദ്ധമുണ്ടായാൽ വ്യാപ്തി നിയന്ത്രിക്കുക എന്നിവയും ലക്ഷ്യങ്ങളിൽപ്പെടുന്നു. നിലവിൽ അന്റോണിയോ ഗുട്ടെറസ് സെക്ര‌ട്ടറി ജനറലായുള്ള യുഎന്നിൽ 193 രാജ്യങ്ങൾ അംഗങ്ങളാണ്. 

രണ്ടാം ലോകയുദ്ധത്തിൽ ജർമനി, ഇറ്റലി, ജപ്പാൻ എന്നീ രാജ്യങ്ങളടങ്ങുന്ന അച്ചുതണ്ടു ശക്തികളെ പരാജയപ്പെടുത്തിയ സഖ്യശക്തികളായ ഫ്രാൻസ്, ബ്രിട്ടൻ, റഷ്യ, ചൈന, അമേരിക്ക എന്നിവരാണു  ഇതിന്റെ രൂപീകരണത്തിനു മുൻകയ്യെടുത്തത്. 1945 ഏപ്രിൽ 25നു സാൻഫ്രാൻസിസ്കോ സമ്മേളനം യുണൈറ്റഡ് നേഷൻസ് ചാർട്ടർ എഴുതിയുണ്ടാക്കി. 1945 ജൂൺ 26ന് ഇത് ഒപ്പുവച്ചു. 1945 ഒക്ടോബർ 24ന് യുഎൻ നിലവിൽ വന്നു. പൊതുസഭ, സുരക്ഷാസമിതി, സാമ്പത്തിക-സാമൂഹിക സമിതി, രാജ്യാന്തര നീതിന്യായ കോടതി, ട്രസ്റ്റീഷിപ് കൗൺസിൽ, സെക്രട്ടേറിയറ്റ് എന്നിവയാണ് പ്രധാന ഘടകങ്ങൾ.

The United Nations celebrates eighty years

Share Email
LATEST
More Articles
Top