തിരുവനന്തപുരം: നിലമ്പൂര്‍ തെരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തിലേക്ക് അടുക്കുന്നതോടെ സര്‍ക്കാരിനെ കൂടുതല്‍ പ്രതിരോധത്തിലാക്കാന്‍ ആശാ സമരക്കാരും. ആശാ സമരത്തെ അപമാനിച്ചവര്‍ക്ക് വോട്ടില്ല എന്ന മുദ്രാവാക്യവുമായി ആശമാര്‍ നിലമ്പൂര്‍ മണ്ഡലത്തില്‍ പ്രചാരണം നടത്തും. കേരള ആശ ഹെല്‍ത്ത് വര്‍ക്കേഴ്സ് അസോസിയേഷന് സംസ്ഥാന വൈസ് പ്രസിഡന്റ് എസ്. മിനിയുടെ നേതൃത്വത്തില്‍ ആശമാരുടെ സംഘം ഈ മാസം 12 ന് നിലമ്പൂരില്‍ എത്തും.
ഏറ്റവും ന്യായമായ ആവശ്യങ്ങള്‍ അംഗീകരിക്കാതെ ആശമാരോട് ക്രൂരമായ അവഗണന തുടരുന്ന സര്‍ക്കാരിനെതിരെ ആശമാര്‍ പ്രതിഷേധ പരിപാടി സംഘടിപ്പിക്കുമെന്നും തുടര്‍ന്ന് വീട് കയറി വോട്ടര്‍മാരെ നേരില്‍ കണ്ടും പ്രചാരണം നടത്തുമെന്നുമാണ് ആശാ സമരസമിതി ഭാരവാഹികള്‍ വ്യക്തമാക്കുന്നത്.
സെക്രട്ടേറിയറ്റ് പടിക്കല്‍ ഫെബ്രുവരി 10 ന് ആരംഭിച്ച ആശമാരുടെ രാപകല്‍ സമരം 120-ാം ദിവസത്തിലെത്തി നില്‍ക്കുകയാണ്. കുടുംബ സംഗമം ,മഹാസംഗമം, നിയമസഭാ മാര്‍ച്ച് ,വനിതാ സംഗമം ,സെക്രട്ടേറിയറ്റ് ഉപരോധം, നിരാഹാര സമരം , കൂട്ട ഉപവാസം, മുടി മുറിക്കല്‍ സമരം തുടങ്ങി വിവിധ സമരമുറകളിലൂടെ കടന്നുവന്ന സമരത്തിന്റെ നാലാം ഘട്ടമായി പ്രഖ്യാപിച്ച രാപകല്‍ സമരയാത്ര സംസ്ഥാനത്ത് പര്യടനം തുടരുകയാണ്.
മേയ് അഞ്ചിന് കാസര്‍ഗോഡ് നിന്ന് ആരംഭിച്ച രാപകല്‍ സമര യാത്രയുടെ 36-ാം ദിവസമാണ് ഇന്ന്. യാത്ര പത്തനംതിട്ട ജില്ലയില്‍ എത്തിയിരിക്കുകയാണ്. കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ പര്യടനം പൂര്‍ത്തിയാക്കി 46-ാം ദിവസമാണ് യാത്ര സെക്രട്ടറിയേറ്റ് പടിക്കലെ സമരവേദിയില്‍ എത്തിച്ചേരും.
‘Those who insulted the Asha movement will not have votes’