തൃശൂര്‍: അതിശക്തമായ മഴയില്‍ കൊടകരയില്‍ ഇരുനില കെട്ടിടം ഇടിഞ്ഞു വീണ് മൂന്ന് ഇതര സംസ്ഥാന തൊഴിലാളികള്‍ മരിച്ചു. തൊഴിലാളികള്‍ താമസിച്ചിരുന്ന കെട്ടിടമാണ് തകര്‍ന്നു വീണത്. ബംഗാള്‍ സ്വദേശികളായ രൂപേല്‍, രാഹുല്‍, അലി എന്നിവരാണ് മരിച്ചത്. തകര്‍ന്നുവീണ കോണ്‍ക്രീറ്റ് ബീമിന്റെ അടിയില്‍പ്പെട്ടാണ് ഇവര്‍ മരണപ്പെട്ടത്.
വെള്ളിയാഴ്ച്ച രാവിലെ ആറോടെയാണ് അപകടം സംഭവിച്ചത്. കെട്ടിടത്തിന്റെ മുന്‍ഭാഗമാണ ഇടിഞ്ഞുവീണത്. ഈ സമയം കെട്ടിടത്തിനുള്ളില്‍ ഉണ്ടായിരുന്ന മൂന്ന് പേരും കുടുങ്ങുകയായിരുന്നു. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ ഫയര്‍ഫോഴ്‌സും പോലീസും കെട്ടിടാവിശിഷ്ടങ്ങള്‍ നീക്കി ആദ്യം രണ്ടു പേരെയാണ് പുറത്തെടുത്തത്.
പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ രൂപേലിനെയും രാഹുലിനെയും ഉടന്‍ തന്നെ തൊട്ടടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. തുടര്‍ന്നു നടത്തിയ തെരച്ചിലിലാണ് അലിയെയും കണ്ടെത്തിയത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അലിയുടെ ജീവനും രക്ഷിക്കാന്‍ സാധിച്ചില്ല. മൂന്ന് പേരുടെയും മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. . കെട്ടിടത്തില്‍ 17 പേരാണ് താമസിച്ചിരുന്നത്.
Three workers die in Kodakara house collapse, all Bengali nationals killed