യുഎസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തൽ ചോർത്തിയതിന് പിന്നിൽ ഡെമോക്രാറ്റുകൾ: ആരോപണവുമായി ട്രംപ്

യുഎസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തൽ ചോർത്തിയതിന് പിന്നിൽ ഡെമോക്രാറ്റുകൾ: ആരോപണവുമായി ട്രംപ്

വാഷിങ്ടൺ: യു.എസ്.നടത്തിയ വ്യോമാക്രമണങ്ങൾ ഇറാന്റെ ആണവശേഷി നശിപ്പിച്ചില്ലെന്ന യുഎസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തൽ ചോർത്തിയതിന് പിന്നിൽ ഡെമോക്രാറ്റുകളാണെന്ന് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അവർക്കെതിരെ കേസെടുക്കണമെന്നും ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.

ഇറാനിലെ ആണവകേന്ദ്രങ്ങൾ ലക്ഷ്യമിട്ട് യു.എസ്.നടത്തിയ വ്യോമാക്രമണങ്ങളിലൂടെ ഇറാന്റെ ആണവ പദ്ധതികളെ ദുർബലമാക്കാൻ മാത്രമേ സാധിച്ചിട്ടുള്ളൂവെന്നും ആണവ പദ്ധതികളെ ഏതാനും മാസത്തേക്ക് വൈകിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ടെങ്കിലും വ്യോമാക്രമണങ്ങൾ ഇറാന്റെ ആണവശേഷി നശിപ്പിച്ചില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

ഈ വിവരം ചോർന്നത് എങ്ങനെയെന്നതിൽ എഫ്ബിഐ അന്വേഷണം പുരോഗമിക്കുകയാണ്. ഇതുവരെയും ഉറവിടം സംബന്ധിച്ച വിവരങ്ങൾ ലഭിച്ചിട്ടില്ലെന്ന് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. വിവരങ്ങൾ ചോർത്തിയതിന് പിന്നിൽ ഡെമോക്രാറ്റുകളാണെന്ന് വ്യക്തമാക്കുന്ന തെളിവുകളും ലഭിച്ചിട്ടില്ലെന്നാണ് വിവരം.

വിവരങ്ങൾ ചോർന്നതിന്റെ പശ്ചാത്തലത്തിൽ രഹസ്യ വിവരങ്ങൾ പങ്കുവെക്കുന്നത് പരിമിതപ്പെടുത്താൻ വൈറ്റ് ഹൗസ് പദ്ധതിയിടുന്നതായും റിപ്പോർട്ടുകളുണ്ട്. രഹസ്യാന്വേഷണ വിഭാഗത്തിലെ ആരെങ്കിലുമോ അല്ലെങ്കിൽ രേഖ ലഭിച്ച കാപ്പിറ്റോൾ ഹില്ലിലെ ആരെങ്കിലുമോ ആകാം ഇതിന് പിന്നിലെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് പറഞ്ഞിരുന്നു. നിയമവിരുദ്ധമായ പ്രവൃത്തിയിൽ ഉത്തരവാദികൾ മറുപടി പറയേണ്ടി വരുമെന്നും അവർ കൂട്ടിചേർത്തു.

ഇറാന്റെ ഭൂഗര്‍ഭ ആണവകേന്ദ്രങ്ങളില്‍ നടത്തിയ ബോംബാക്രമണത്തെ തുടര്‍ന്ന് ഇറാനിലെ ആണവപദ്ധതിയെ ‘തുടച്ചുനീക്കി’ എന്ന് ട്രംപ് പ്രസ്താവന നടത്തിയിരുന്നു. എന്നാല്‍ ട്രംപിന്റെ ഈ അവകാശവാദത്തിന് വിരുദ്ധമാണ് രഹസ്യാന്വേഷണ ഏജന്‍സിയുടെ കണ്ടെത്തൽ. യുഎസ് വ്യോമാക്രമണങ്ങളില്‍ ഫൊര്‍ദോയിലുള്ള ആണവകേന്ദ്രം പൂര്‍ണ്ണമായും നശിപ്പിച്ചു എന്ന് ഡൊണാള്‍ഡ് ട്രംപ് ആവര്‍ത്തിച്ച് അവകാശപ്പെട്ടിരുന്നു. ഇറാന്റെ ആണവ കേന്ദ്രങ്ങള്‍’പൂര്‍ണ്ണമായും നശിപ്പിക്കപ്പെട്ടു’ എന്ന മുന്‍ വാദത്തിന് വിപരീതമായി യുഎസിന്റെ ആക്രമണങ്ങള്‍ ഇറാന്റെ ആണവ പദ്ധതിയെ ‘ദുര്‍ബലപ്പെടുത്തി’ എന്നാണ് ട്രംപ് ഭരണകൂടം ചൊവ്വാഴ്ച ഐക്യരാഷ്ട്രസഭ സുരക്ഷാ സമിതിയെ അറിയിച്ചത്.

Trump accuses Democrats of leaking US intelligence findings

Share Email
Top