വാഷിംഗ്ടൺ: അകന്നതിനുപിന്നാലെ ഉറ്റചങ്ങാതിയായിരുന്നഇലോൺ മസ്കിനെ തള്ളിപ്പറഞ്ഞ് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. മസ്കിനെ ഭ്രാന്തനായ മനുഷ്യൻ എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. വെളിവില്ലാത്ത മനുഷ്യനോട് ഇനി സംസാരിക്കാൻ താൽപര്യമില്ലെന്നും ട്രംപ് പ്രസ്താവിച്ചു. മസ്കുമായി ഫോൺ കോൾ ഷെഡ്യൂൾ ചെയ്തിട്ടുണ്ടെന്ന മാധ്യമ റിപ്പോർട്ടുകളെക്കുറിച്ച് ചോദിച്ചപ്പോഴാണ് ട്രംപിന്റെ മറുപടി. ഭ്രാന്തനായ ആളെയാണോ നിങ്ങൾ ഉദ്ദേശിക്കുന്നത്?” എന്നായിരുന്നു ട്രംപിന്റെ ചോദ്യം. എനിക്ക് അയാളോട് സംസാരിക്കാൻ പ്രത്യേകിച്ച് താൽപ്പര്യമില്ല, മസ്കിന് എന്നോട് സംസാരിക്കാൻ താൽപര്യമുണ്ട്. അയാൾ ഭ്രാന്തനായ ഒരു മനുഷ്യനാണ് – ട്രംപ് പറഞ്ഞു.
കൂടാതെ ട്രംപ് തന്റെ ടെസ്ല കാർ വിൽക്കാൻ തീരുമാനിച്ചതായും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങൾ വഴി ഇരുവരും പരസ്യമായി ഏറ്റുമുട്ടിയിരുന്നു. അധികാരത്തിലേറിയ ശേഷം ട്രംപ് രൂപീകരിച്ച കാര്യക്ഷമത വകുപ്പിന്റെ (ഡോജ്) തലവനായിരുന്നു മസ്ക്. എന്നാൽ ട്രംപിന്റെ ബിഗ് ബ്യൂട്ടിഫുൾ ബിൽ എന്ന പേരിലിറങ്ങിയ ധനവിനിയോഗ ബില്ലിന്റെ പേരിലാണ് ഇരുവരും തമ്മിൽ അകലാൻ തുടങ്ങിയതെന്നാണ് വിവരം. ടെസ്ലയുടെ ഓഹരികൾ ഇടിഞ്ഞതിനു പിന്നാലെയാണ് താൻ ഡോജ് വിടുന്നതെന്ന് മസ്ക് പറഞ്ഞെങ്കിലും ഇരുവർക്കുമിടയിലുള്ള അസ്വാരസ്യങ്ങൾ മറനീക്കി പുറത്തുവന്നിരുന്നു.
ട്രംപിന്റെ ബില്ലിനെ വെറുപ്പുളവാക്കുന്നത് എന്നാണ് മസ്ക് വിശേഷിപ്പിച്ചത്. എക്സ് പോസ്റ്റുകളിലൂടെയാണ് മസ്ക് ട്രംപിന്റെ ബിഗ് ബ്യൂട്ടിഫുൾ ബില്ലിനെ വെറുപ്പുളവാക്കുന്ന മ്ലേച്ഛത എന്ന് വിശേഷിപ്പിച്ചത്. ക്ഷമിക്കണം, പക്ഷേ എനിക്ക് ഇനി ഇത് സഹിക്കാൻ കഴിയില്ല,. ഈ വമ്പിച്ച, അതിരുകടന്ന, ധനവിനിയോഗ ബിൽ വെറുപ്പുളവാക്കുന്നയാണ്. ഇതിന് വോട്ട് ചെയ്തവരെ ഓർത്ത് ലജ്ജിക്കുന്നു: നിങ്ങൾ തെറ്റ് ചെയ്തുവെന്ന് നിങ്ങൾക്കറിയാം – മസ്ക് എക്സിൽ കുറിച്ചു.
അടുത്ത വർഷം നവംബറിൽ, അമേരിക്കൻ ജനതയെ വഞ്ചിച്ച എല്ലാ രാഷ്ട്രീയക്കാരെയും ഞങ്ങൾ പുറത്താക്കുമെന്നും മറ്റൊരു പോസ്റ്റിൽ മസ്ക് പറഞ്ഞു. കഴിഞ്ഞ വർഷം ട്രംപിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി 250 മില്യൺ ഡോളറിലധികമാണ് മസ്ക് ചെലവഴിച്ചത്. ഫെഡറൽ ബ്യൂറോക്രസിയെ കാര്യക്ഷമമാക്കുന്നതിനുള്ള ഉന്നതതല പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാനെന്ന പേരിലാണ് ട്രംപ് ഡോജ് രൂപീകരിച്ചത്. ഡോജിന്റെ ഭാഗമായി സർക്കാർ സംവിധാനത്തിൽ വലിയ വെട്ടിച്ചുരുക്കലുകളും കടുത്ത നടപടികളും മസ്ക് സ്വീകരിച്ചിരുന്നു. ട്രംപ് ഭരണകൂടം നേരിയ ഭൂരിപക്ഷത്തിലാണ് ബിഗ് ബ്യൂട്ടിഫുൾ ബിൽ പാസാക്കിയത്. ബില്ല് അപര്യാപ്തമാണെന്നും ഡോജിന്റെ പ്രവർത്തനങ്ങൾക്ക് തടയിടുമെന്നുമാണ് മസ്ക് പ്രതികരിച്ചത്. ഭീമമായ ചെലവുണ്ടാക്കുന്ന ബിൽ എന്നാണ് മസ്ക് ബിഗ് ബ്യൂട്ടിഫുൾ ബില്ലിനെ വിശേഷിപ്പിച്ചത്. “ഒരു ബിൽ വലുതാകാം അല്ലെങ്കിൽ മനോഹരമായിരിക്കാം എന്ന് ഞാൻ കരുതുന്നു, പക്ഷേ അത് രണ്ടും ആകുമോ എന്ന് എനിക്കറിയില്ല” മസ്ക് പറഞ്ഞു. ഇതിന് പിന്നാലെയാണ് ഡോജ് നേതൃത്വത്തിൽ നിന്നും ഇലോൺ മസ്കിന്റെ പിന്മാറ്റം. ട്രംപിന്റെ നികുതി, കുടിയേറ്റ ബില്ലിനെയും മസ്ക് പരസ്യമായി വിമർശിച്ചിരുന്നു.
Trump calls Musk a crazy man: Does not want to talk to a man who doesn’t have any knowledge