വാഷിങ്ടൻ: സെനറ്റിൽ വോട്ടെടുപ്പിനായി എത്തുന്ന ട്രംപിന്റെ ‘വൺ ബിഗ് ബ്യൂട്ടിഫുൾ ബില്ലി’നായി വൈറ്റ് ഹൗസിൽ പ്രചാരണ പരിപാടി നടത്തി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സമൂഹത്തിലെ നാനാതുറയിൽ നിന്നുള്ളവരെ ഉൾപ്പെടുത്തിയാണ് ബിഗ് ബ്യൂട്ടിഫുൾ ബിൽ (ബിബിബി) പരിപാടിക്ക് ട്രംപ് നേതൃത്വം നൽകിയത്. നിറഞ്ഞ സദസ്സിനു മുന്നിൽ ബില്ലിന്റെ ഗുണങ്ങൾ അവതരിപ്പിച്ച ട്രംപ്, സെനറ്റ് കൂടി ബിൽ പാസാക്കുന്നതോടെ നൽകിയ വാഗ്ദാനങ്ങൾ പാലിക്കപ്പെടുമെന്നും ഉറപ്പ് നൽകി.
‘‘നമ്മുടെ രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ നികുതി ഇളവ് ആയിരിക്കും സംഭവിക്കുക, യാത്രയ്ക്ക് നികുതിയില്ല, ഓവർടൈമിന് നികുതിയില്ല, മുതിർന്ന പൗരന്മാരുടെ സാമൂഹിക സുരക്ഷയ്ക്ക് നികുതിയില്ല. 3,000 പുതിയ അതിർത്തി പട്രോളിംഗ് ഏജന്റുമാരെ ഉൾപ്പെടുത്തി, ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും വലിയ അതിർത്തി നിയമനിർമ്മാണമായിരിക്കും ഈ ബില്ലിലൂടെ നടത്തുക. യുഎസിലെ കർഷകർ, ഓട്ടോമേക്കർമാർ, തുടങ്ങിയവർക്ക് ഈ ബിൽ വലിയ ഗുണം ചെയ്യും. പ്രസിഡന്റ് തിരഞ്ഞെടുപ്പ് സമയത്തെ പ്രചാരണ വേളയിൽ ഞാൻ സംസാരിച്ചതെല്ലാം ഒരു വൻ വിജയമായിരുന്നു, അതിനാൽ ഞങ്ങൾ അത് പൂർത്തിയാക്കാൻ പോകുന്നു.’’ – ‘ബിബിബി’ പരിപാടിക്കിടെ ട്രംപ് പറഞ്ഞു.
നികുതി ബിൽ പാസാക്കാൻ സെനറ്റിലെ അംഗങ്ങളെ സമ്മർദ്ദത്തിലാക്കുക എന്നതായിരുന്നു ‘ബിബിബി’ പരിപാടിയുടെ ലക്ഷ്യം. ട്രക്ക് ഡ്രൈവർമാർ, അഗ്നിശമന സേനാംഗങ്ങൾ, നിയമപാലകർ, ആരോഗ്യ പ്രവർത്തകർ, മറ്റ് തൊഴിലാളികൾ എന്നിവരെ വേദിയിൽ നിരത്തിയാണ് ‘ബിബിബി’ പരിപാടിക്ക് ട്രംപ് നേതൃത്വം നൽകിയത്. വരുമാനം കുറഞ്ഞ സാധാരണക്കാർക്ക് വൻ നികുതി ഇളവുകൾ തന്റെ ‘ബിബിബി’യിൽ ഉണ്ടെന്നാണ് പരിപാടിയിൽ ട്രംപ് പറഞ്ഞത്.
എന്നാൽ മെയ് മാസത്തിൽ അവതരിപ്പിച്ച ബിൽ സെനറ്റിൽ കാര്യമായ എതിർപ്പുകൾ നേരിടുന്ന ഘട്ടത്തിലാണ് ‘ബിബിബി’ പരിപാടിയുമായി ട്രംപ് രംഗത്തൈത്തിയത്. ജൂലൈ നാലിന് ബില്ലിന്റെ സമയപരിധി അവസാനിക്കാനിരിക്കെ സെനറ്റിലെ അംഗങ്ങൾക്കിടയിൽ ഏകാഭിപ്രായം സൃഷ്ടിക്കുകയാണ് ട്രംപിന്റെ ലക്ഷ്യമെന്നാണ് സൂചന. രണ്ടാം ട്രംപ് സർക്കാരിനു കീഴിലെ ഏറ്റവും പ്രധാന നിയമനിർമാണമായിരിക്കും ‘ബിബിബി’ എന്നും രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.
അതേസമയം എല്ലാ വർഷവും കുറഞ്ഞത് രേഖകളില്ലാത്ത 1 ദശലക്ഷം കുടിയേറ്റക്കാരെ നാടുകടത്തുക എന്ന തന്റെ ഭരണകൂടത്തിന്റെ ലക്ഷ്യം ട്രംപ് ആവർത്തിച്ചു. ഈ രാജ്യം സുരക്ഷിതമാക്കാൻ ബിൽ പാസാക്കുമെന്നും ട്രംപ് പറഞ്ഞു. അതിനിടെ വ്യാപാരവുമായി ബന്ധപ്പെട്ട് ബുധനാഴ്ച യുഎസും ചൈനയും തമ്മിൽ കരാറിൽ ഒപ്പുവെച്ചതായി ഡോണൾഡ് ട്രംപ് പറഞ്ഞു, ‘ബിബിബി’ പരിപാടിക്കിടെ വൈറ്റ് ഹൗസിൽ വച്ച് നടത്തിയ പ്രസംഗത്തിനിടെയാണ് അദ്ദേഹം ചൈനയുമായി വ്യാപാര കരാറിൽ ഒപ്പുവച്ചതായി അറിയിച്ചത്. കരാറിന്റെ വിശദാംശങ്ങൾ ട്രംപ് പുറത്തുവിട്ടിട്ടില്ല.
Trump holds Big Beautiful Bill campaign event at the White House