ഇറാനിൽ നടത്തിയ ആക്രമണങ്ങൾ വൻ വിജയമെന്ന് ആവർത്തിച്ച് ട്രംപ്, യുഎസ് നടപടിയെ പുകഴ്ത്തി നാറ്റോ സെക്രട്ടറി

ഇറാനിൽ നടത്തിയ ആക്രമണങ്ങൾ വൻ വിജയമെന്ന് ആവർത്തിച്ച് ട്രംപ്, യുഎസ് നടപടിയെ പുകഴ്ത്തി നാറ്റോ സെക്രട്ടറി

ഇറാനിലെ ആണവ കേന്ദ്രങ്ങളിൽ യുഎസ് നടത്തിയ ആക്രമണങ്ങൾ വൻ വിജയമാണെന്ന് ആവർത്തിച്ച് യു എസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. നെതർലൻഡ്‌സിൽ നടന്ന നാറ്റോ ഉച്ചകോടിയിൽ പങ്കെടുത്ത ശേഷം  വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
“കഴിഞ്ഞ വാരാന്ത്യം യുണൈറ്റഡ് സ്റ്റേറ്റ്സ് ഇറാനിലെ ആണവ സമ്പുഷ്ടീകരണ കേന്ദ്രങ്ങളിൽ അതി ബൃഹത്തായതും കൃത്യവുമായ ഒരു ആക്രമണം വിജയകരമായി നടത്തി. അത് വളരെ വളരെ വിജയകരമായിരുന്നു,” ട്രംപ് പറഞ്ഞു. ഈ ആക്രമണം ഇസ്രായേലും ഇറാനും തമ്മിലുള്ള വെടിനിർത്തൽ കരാറിന് വഴിയൊരുക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യുഎസ് എങ്ങനെയാണ് “അമേരിക്കൻ പ്രതിരോധത്തിന്റെ വിശ്വാസ്യത വീണ്ടെടുത്തത്” എന്നതിന് ഒരു ഉദാഹരണമായും അദ്ദേഹം ഈ സൈനിക നടപടിയെ വിശേഷിപ്പിച്ചു.

അതേസമയം, ലോകത്ത് സമാധാനം ഉറപ്പാക്കാൻ അമേരിക്കയ്ക്ക് ആവശ്യമുള്ളപ്പോൾ നടപടിയെടുക്കേണ്ടതുണ്ടെന്ന് നാറ്റോ സെക്രട്ടറി ജനറൽ മാർക്ക് റുട്ടെ പറഞ്ഞു.
ഇറാനിയൻ ആണവ കേന്ദ്രങ്ങളിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നടത്തിയ ആക്രമണങ്ങളെക്കുറിച്ച് ചോദിച്ചപ്പോൾ, ലോകത്ത് മറ്റാർക്കും ഇത് ചെയ്യാൻ കഴിയില്ല. അമേരിക്കയ്ക്ക് മാത്രമേ സാധിക്കൂ എന്നായിരുന്നു റൂട്ടെയുടെ മറുപടി.

ഇറാനിലെ ആണവകേന്ദ്രങ്ങൾക്കുനേരെ അമേരിക്ക നടത്തിയ ആക്രമണത്തിൽ കാര്യമായ നാശനഷ്ടങ്ങൾ സംഭവിച്ചതായി വ്യക്തമാക്കുന്ന ഉപഗ്രഹ ദൃശ്യങ്ങൾ പുറത്തുവന്നു. ആക്രമണത്തിന് മുൻപും ശേഷവുമുള്ള ഫൊർദൊ, നതാൻസ്, ഇസ്ഫഹാൻ എന്നിവിടങ്ങളിലെ ആണവകേന്ദ്രങ്ങളുടെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. യുഎസ് ആക്രമണത്തിൽ ആണവകേന്ദ്രങ്ങൾ തകർക്കപ്പെട്ടെന്ന പ്രസിഡന്‍റ് ട്രംപിന്‍റെ അവകാശവാദങ്ങൾ ശരിവയ്ക്കുംവിധത്തിലുള്ളതാണ് ദൃശ്യങ്ങൾ.

ഫൊർദൊ ആണവകേന്ദ്രത്തിന്റേതായി ചൊവ്വാഴ്ച പുറത്തുവന്ന ദൃശ്യങ്ങളിൽ, വലിയ ഗർത്തങ്ങളും തകർന്ന പ്രവേശന കവാടങ്ങളും കാണാം. ഇത് അമേരിക്കയുടെ ആക്രമണത്തിൽ തകർന്നതാണെന്നാണ് സൂചന. ഫൊർദോ ആണവനിലയത്തിലെ കൂറ്റൻ തൂണുകൾക്ക് കേടുപാടു പറ്റിയതായി ചിത്രത്തിൽ കാണാം. പുറത്തുനിന്ന് ഭൂഗർഭ അറയിലെ സമ്പുഷ്ടീകരണ ഹാളുകളിലേക്കുള്ള വായുസഞ്ചാരം നിയന്ത്രിക്കാൻ ഉപയോഗിക്കുന്നവയായിരിക്കാം ഇതെന്ന് റിപ്പോർട്ടിൽ പറയുന്നു. അതേസമയം, ആണവനിലയങ്ങളിൽ ആക്രമണം നടത്തിയെങ്കിലും ഇവിടെ നിന്ന് വികിരണങ്ങളൊന്നും തന്നെ പുറത്തേക്ക് വന്നിട്ടില്ലെന്ന് ഐഎഇഎ (International Atomic Energy Agency) അറിയിച്ചു.

Trump reiterates that strikes on Iran were a huge success NATO secretary praises US action

Share Email
Top