വാഷിംഗ്ടൺ : ഇസ്രയേൽ – ഇറാൻ ഏറ്റുമുട്ടലിൽ ഇസ്രയേലിന് അമേരിക്ക പിന്തുണ നല്കിയെന്ന ആരോപണവുമായി ഇറാൻ രംഗത്തെത്തിയതിനു പിന്നാലെ ഇറാനെതിരേ അതിരൂക്ഷ വിമർശനവും താക്കീതുമായി അമേരിക്കൻ പ്രസിഡന്റ് ട്രംപ്.
ഇറാൻ ഏതെങ്കിലും രീതിയിൽ യുഎസിനുനേരെ ആക്രമിക്കാൻ ശ്രമിച്ചാൽ ഇതുവരെ കാണാത്ത രീതിയിലുള്ള തിരിച്ചടിയുണ്ടാകുമെന്ന് ട്രംപ് വ്യക്തമാക്കി.ഇ സ്രയേൽ ഇറാനിൽ നടത്തിയ ആക്രമണത്തിൽ യുഎസിന് ഒരു പങ്കുമില്ലെന്നും ട്രൂത്ത് സോഷ്യലിൽ പങ്കുവച്ച കുറിപ്പിൽ ട്രംപ് പറഞ്ഞു.
ഇറാനെയും ഇസ്രയേലിനെയും യുദ്ധം ഒഴിവാക്കാനുളള ഉടമ്പടിയിൽ ഒപ്പുവപ്പിച്ച് ഈ രക്തരൂഷിത യുദ്ധം അവസാനിപ്പിക്കാൻ ഇപ്പോഴും വളരെയെളുപ്പത്തിൽ യുഎസിന് കഴിയുമെന്നും ട്രംപ് കൂട്ടിച്ചേർത്തു.ഇറാൻ-ഇസ്രയേൽ സംഘർഷം അതിരൂക്ഷമായ സാഹചര്യത്തിലാണ് ട്രംപിന്റെ മുന്നറിയിപ്പ്. നേരത്തെ ഇറാന്റെ എണ്ണപ്പാടങ്ങളിലും മിസൈൽ കേന്ദ്രങ്ങളിലും ആയുധ സംഭരണശാലകളിലും ഇസ്രയേൽ ആക്രമണം നടത്തിയിരുന്നു. ഇതിനു തിരിച്ചടിയായി ടെൽ അവീവ് അടക്കമുള്ള ഇസ്രയേൽ നഗരങ്ങളിൽ ഇറാനും മിസൈലാക്രമണം നടത്തി.
ഇറാൻ അയച്ച .ഡ്രോണുകൾ തകർത്തതായി ഇസ്രയേൽ സൈന്യം അവകാശപ്പെട്ടു. ഇറാന്റെ ആക്രമണത്തിൽ ഇസ്രയേലിൽ ആറുപേർ കൊല്ലപ്പെട്ടു. ഇരുരാജ്യങ്ങളിലുമായി നിരവധി പേർക്ക് പരുക്കേറ്റു.
Trump warns Iran: if it moves against America, there will be severe repercussions