ഓക്സ്ഫോര്‍ഡ്: ബ്രിട്ടനിലെ ബ്ലെന്‍ഹൈം കൊട്ടാരത്തില്‍ നിന്ന് 50 കോടിയിലധികം രൂപ വിലമതിക്കുന്ന 18 കാരറ്റ് സ്വര്‍ണ്ണ ടോയ്ലറ്റ് മോഷ്ടിച്ച കേസില്‍ ഓക്സ്ഫോര്‍ഡില്‍ നിന്നുള്ള രണ്ട് പേര്‍ക്ക് തടവ് ശിക്ഷ വിധിച്ച് കോടതി. 2019 സെപ്റ്റംബറില്‍ ഓക്സ്ഫോര്‍ഡ്ഷെയറിലെ ചരിത്രപ്രസിദ്ധമായ ബ്ലെന്‍ഹൈം കൊട്ടാരത്തില്‍ നിന്ന് ഇറ്റാലിയന്‍ കലാകാരന്‍ മൗറീഷ്യോ കാറ്റെലന്‍ നിര്‍മ്മിച്ച ‘അമേരിക്ക’ എന്ന അമൂല്യ കലാസൃഷ്ടി മോഷണം പോയത് ലോക ശ്രദ്ധ നേടിയിരുന്നു. ജെയിംസ് ജിമ്മി ഷീന്‍ (40), മൈക്കിള്‍ ജോണ്‍സ് (39) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
കൊട്ടാരത്തില്‍ നടന്ന ഒരു ആര്‍ട്ട് എക്‌സിബിഷനിടെ, ഗ്ലാമറസ് ലോഞ്ച് പാര്‍ട്ടി കഴിഞ്ഞ് മണിക്കൂറുകള്‍ക്ക് ശേഷമാണ് കള്ളന്മാര്‍ അതിക്രമിച്ചുകയറി ഈ സ്വര്‍ണ്ണ ടോയ്ലറ്റ് മോഷ്ടിച്ചത്. ജിമ്മി ഷീന് നാല് വര്‍ഷത്തെ തടവ് ശിക്ഷയാണ് കോടതി വിധിച്ചത്. മൈക്കിള്‍ ജോണ്‍സിന് രണ്ട് വര്‍ഷവും മൂന്ന് മാസവും തടവ് ശിക്ഷ ലഭിച്ചു. പ്രതികള്‍ക്ക് സ്വര്‍ണ്ണ ടോയ്ലറ്റിന്റെ മോഷണം നടത്താന്‍ വെറും അഞ്ചര മിനിറ്റ് മാത്രമാണ് വേണ്ടി വന്നതെന്ന് കണ്ടെത്തി. ഇത് ഈ സംഘത്തിന്റെ കൃത്യമായ ആസൂത്രണവും വേഗതയും വെളിവാക്കുന്നു.
സംഭവസ്ഥലത്ത് നിന്ന് ഷീനിന്റെ ഡിഎന്‍എ സാമ്പിളുകള്‍, ഇയാളുടെ വസ്ത്രങ്ങളില്‍ നിന്ന് സ്വര്‍ണ്ണക്കഷണങ്ങള്‍, കൂടാതെ ഇയാളുടെ ഫോണില്‍ നിന്ന് കുറ്റകൃത്യവുമായി ബന്ധപ്പെട്ട സന്ദേശങ്ങള്‍ എന്നിവ പോലീസ് കണ്ടെത്തിയിരുന്നു. ”ഇത്രയും വലിയ അളവില്‍ തെളിവുകള്‍ ഒരു പ്രതിയുടെ ഫോണില്‍ നിന്ന് ലഭിക്കുന്നത് അപൂര്‍വമാണ്…” കേസ് അന്വേഷണത്തിന് നേതൃത്വം നല്‍കിയ സീനിയര്‍ ക്രൗണ്‍ പ്രോസിക്യൂട്ടര്‍ ഷാന്‍ സോണ്ടേഴ്സ് പറഞ്ഞു.
മോഷണം പോയ സ്വര്‍ണ്ണ ടോയ്ലറ്റ് ഇതുവരെ കണ്ടെത്താനായിട്ടില്ല. ഈ വിലപിടിപ്പുള്ള കലാസൃഷ്ടി ഉരുക്കി വിറ്റിരിക്കാമെന്നാണ് അധികൃതര്‍ സംശയിക്കുന്നത്. ലോക ശ്രദ്ധ നേടിയ ഈ മോഷണം, കലാസൃഷ്ടികളുടെ സുരക്ഷയെക്കുറിച്ചും ആഢംബര മ്യൂസിയങ്ങളിലെ സുരക്ഷാ വീഴ്ചകളെക്കുറിച്ചുമുള്ള വലിയ ചര്‍ച്ചകള്‍ക്ക് വഴിതെളിയിച്ചു.
Two men from Oxford were jailed for stealing a gold toilet named ‘America’