യുഎസ്-ചൈന വ്യാപാരക്കരാർ: സ്ഥിരീകരിച്ച് ചൈനയും

യുഎസ്-ചൈന വ്യാപാരക്കരാർ: സ്ഥിരീകരിച്ച് ചൈനയും

ബാങ്കോക്ക്: ചൈനയുമായി വ്യാപാരക്കരാറിലൊപ്പുവെച്ചെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇക്കാര്യം ചൈന സ്ഥിരീകരിച്ചു. ഇന്ത്യയുമായി വളരെ വലിയ വ്യാപാരക്കരാർ ഉടനുണ്ടാക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

ചൈനയ്ക്കെതിരേയുള്ള വ്യാപാരനിയന്ത്രണങ്ങൾ യുഎസ് എടുത്തുകളയുമെന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയം പറഞ്ഞു. അതനുസരിച്ച് യുഎസിലേക്കുള്ള കയറ്റുമതിയിൽ ചൈന ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പുനഃപരിശോധിച്ച് തങ്ങൾ ഉചിതമായ നടപടി സ്വീകരിക്കുമെന്നും മന്ത്രാലയം അറിയിച്ചു. ഈയാഴ്ച ആദ്യമാണ് ചൈനയുമായി കരാർ ഒപ്പിട്ടതെന്ന് യുഎസ് വാണിജ്യസെക്രട്ടറി ഹോവാർഡ് ലുട്‌നിക് ബ്ലൂംബർഗിനോട് പറഞ്ഞു.

ഒപ്പിട്ടെന്നല്ലാതെ കരാർ സംബന്ധിച്ച മറ്റു വിവരങ്ങളൊന്നും ട്രംപ് പുറത്തുവിട്ടില്ല. അതേസമയം, ചൈന അപൂർവധാതുക്കയറ്റുമതിക്ക് സമ്മതിച്ചിട്ടുണ്ടെന്നും അത് നടപ്പായാൽ വ്യാപാരവുമായി ബന്ധപ്പെട്ട് അവർക്കെതിരേയുള്ള നടപടികളെല്ലാം യുഎസ് അവസാനിപ്പിക്കുമെന്നും ലുട്‌നിക് പറഞ്ഞു.

‘ജനീവ’ക്കരാർ നടപ്പാക്കാൻ ട്രംപ് സർക്കാരും ചൈനയും തീരുമാനിച്ചെന്നും ചൈനയിൽനിന്നുള്ള അപൂർവധാതുക്കൾ യുഎസിലേക്ക് വീണ്ടുമെത്തുന്നതിന് കരാർ വഴിതുറക്കുമെന്നും പേരുവെളിപ്പെടുത്താത്ത വൈറ്റ് ഹൗസ് ഉദ്യോഗസ്ഥൻ പറഞ്ഞു. വൈദ്യുതവാഹനങ്ങളിലും മറ്റുമുപയോഗിക്കുന്ന അപൂർവ ധാതുക്കളുടെ കയറ്റുമതിക്ക് അനുമതി നൽകുന്നത് വേഗത്തിലാക്കാൻ ചൈന ഈയാഴ്ച ആദ്യം തീരുമാനിച്ചിരുന്നു. യുഎസിലേക്കുള്ള അപൂർവധാതുക്കയറ്റുമതിയിൽ ചൈന നിയന്ത്രണമേർപ്പെടുത്തിയതാണ് യുഎസ്-ചൈന വ്യാപാരക്കരാർചർച്ചകളിൽ പ്രധാന കീറാമുട്ടിയായിരുന്നത്.

വൈദ്യുതക്കാർ, റോബോട്ടുകൾ, വിമാനം, അർധചാലകം, കാറ്റാടിയന്ത്രം, ഇലക്‌ട്രോണിക് ഉപകരണങ്ങൾ തുടങ്ങിയവയുടെ നിർമാണത്തിന് അത്യാവശ്യമായ ഏഴ് അപൂർവധാതുക്കളുടെ കയറ്റുമതിക്ക് പ്രത്യേക പെർമിറ്റ് എടുക്കണമെന്ന നിബന്ധന ഏപ്രിലിലാണ് ചൈന കൊണ്ടുവന്നത്. ഏപ്രിൽ രണ്ടിന് ട്രംപ് പ്രഖ്യാപിച്ച പകരച്ചുങ്കത്തിനുള്ള മറുപടിയായിരുന്നു ഈ നിയന്ത്രണം. മേയ് ആദ്യം സ്വിറ്റ്‌സർലൻഡിലെ ജനീവയിൽ നടന്ന ചർച്ചയിൽ പരസ്പരം പകരച്ചുങ്കം ചുമത്തുന്നത് 90 ദിവസത്തേക്ക് മരവിപ്പിക്കാൻ ഇരുരാജ്യങ്ങളും തീരുമാനിച്ചിരുന്നു. പിന്നീട് ലണ്ടനിൽ നടന്ന ചർച്ചയിലാണ് കരാറും തുടർച്ചർച്ചകളും സംബന്ധിച്ച രൂപരേഖയുണ്ടാക്കിയത്.

US-China trade deal: China confirms

Share Email
Top