അദാനിക്ക് വീണ്ടും യുഎസിൽ കുരുക്ക്: യുഎസ് ഉപരോധം മറികടന്ന് ഇറാനിൽനിന്ന് LPG ഇറക്കുമതി ചെയ്തെന്ന് റിപ്പോർട്ട്

അദാനിക്ക് വീണ്ടും യുഎസിൽ കുരുക്ക്: യുഎസ് ഉപരോധം മറികടന്ന് ഇറാനിൽനിന്ന് LPG  ഇറക്കുമതി ചെയ്തെന്ന് റിപ്പോർട്ട്

വാഷിങ്ടൺ: യുഎസ് ഉപരോധം മറികടന്ന് ഗുജറാത്തിലെ മുന്ദ്ര തുറമുഖം വഴി ഗൗതം അദാനിയുടെ കമ്പനികൾ ഇറാനിൽനിന്ന് ദ്രവീകൃത പെട്രോളിയം വാതകം (എൽപിജി) ഇറക്കുമതി ചെയ്തോയെന്ന് യുഎസ് നീതിന്യായവകുപ്പ് അന്വേഷിക്കുന്നതായി റിപ്പോർട്ട്. ‘വോൾ സ്ട്രീറ്റ് ജേണലാ’ണ് തിങ്കളാഴ്ച ഇക്കാര്യം റിപ്പോർട്ടുചെയ്തത്.

അദാനിപോർട്സിന്റെ ഉടമസ്ഥതയിലുള്ള മുന്ദ്ര തുറമുഖത്തിനും പേർഷ്യൻ ഉൾക്കടലിനും ഇടയിൽ സഞ്ചരിച്ച ചരക്കുകപ്പലുകളുടെ പ്രവർത്തനരീതി ആരോപണം സാധൂകരിക്കുന്നതായി റിപ്പോർട്ട് പറയുന്നു.

ചിലസമയത്ത് ട്രാക്ക് ചെയ്യാനാകാത്തവിധം കപ്പലുകളുടെ സിഗ്നലുകൾ നഷ്ടപ്പെട്ടു. സമുദ്രത്തിൽവെച്ച് കപ്പലുകളിൽനിന്ന് കപ്പലുകളിലേക്ക് ചരക്കുകൾ കൈമാറി. അനധികൃതമായ വ്യാപാരം നടക്കുന്ന അവസരങ്ങളിലാണ് ഇത്തരം തന്ത്രങ്ങൾ പയറ്റാറുള്ളതെന്നും യുഎസ് ഉപരോധമുള്ള ഇറാനുമായി നടത്തുന്ന വ്യാപാരത്തിലാണ് അത് കൂടുതലായി കാണാറുള്ളതെന്നും റിപ്പോർട്ട് പറയുന്നു.

അതേസമയം, യുഎസ് ഉപരോധം ലംഘിച്ചിട്ടില്ലെന്നും അന്വേഷണത്തെക്കുറിച്ച് അറിയില്ലെന്നും അദാനിഗ്രൂപ്പ് പറഞ്ഞു. സൗരോർജപദ്ധതിക്കുള്ള കരാർ കിട്ടുന്നതിനായി ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് 25 കോടി ഡോളർ കൈക്കൂലി നൽകിയെന്നും ഇക്കാര്യം യുഎസ് നിക്ഷേപകരിൽനിന്നു മറച്ചുവെച്ചെന്നുമുള്ള കേസിൽ 2024 നവംബറിൽ ഗൗതം അദാനിക്കെതിരേ യുഎസ് കുറ്റപത്രം സമർപ്പിച്ചിരുന്നു.

US Report claims Adani imported LPG from Iran bypassing US sanctions

Share Email
Top