ഇറാനുമായുള്ള ആണവചർച്ചകൾ പുനരാരംഭിക്കുമെന്ന് യുഎസ്

ഇറാനുമായുള്ള ആണവചർച്ചകൾ പുനരാരംഭിക്കുമെന്ന് യുഎസ്

റിയാദ്: ഇറാനുമായി ആണവ കരാറിലേക്ക് എത്താൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഇറാനുമായുള്ള ചർച്ചകൾക്കുള്ള ശ്രമം യുഎസ് സജീവമാക്കിയിട്ടുണ്ട്. ഇസ്രായേലുമായുളള യുദ്ധം അവസാനിച്ച സാഹചര്യത്തില്‍ ഇറാനുമായി അമേരിക്ക അടുത്തയാഴ്ച ചര്‍ച്ച നടത്തിയേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. ഇരുരാജ്യങ്ങളും തമ്മില്‍ ആണവകരാറില്‍ ഒപ്പുവെക്കാനാണ് സാധ്യതയെന്നും റിപ്പോർട്ടുകൾ പറയുന്നു. അടുത്തയാഴ്ച ചര്‍ച്ച ഉണ്ടാകുമെന്ന വിവരം നെതര്‍ലന്‍ഡ്സില്‍ നടന്ന നാറ്റോ യോഗത്തിനിടെ ട്രംപ് തന്നെയാണ് സൂചന നൽകിയത്. ഇറാന്‍ ആണവായുധം നിര്‍മിക്കുന്നത് തടയാനുളള 2015 ലെ കരാറില്‍ നിന്ന് ട്രംപ് ആദ്യം പ്രസിഡന്‍റായ കാലത്ത് അമേരിക്ക പിന്മാറിയിരുന്നു. എന്നാല്‍ ട്രംപിന്‍റെ പ്രഖ്യാപനത്തോട് ഇറാന്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

അതിനിടെ യു എസ് ആക്രമണത്തില്‍ ഫോര്‍ദോ അടക്കമുളള ആണവ കേന്ദ്രങ്ങള്‍ക്ക് നാശനഷ്ടങ്ങള്‍ സംഭവിച്ചെന്ന് ഇറാന്‍ സ്ഥിരീകരിച്ചിട്ടുണ്ട്. വിദേശകാര്യവക്താവ് ഇസ്മായില്‍ ബാഗെയി രാജ്യാന്തര മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം അറിയിച്ചത്. എന്നാല്‍ നാശനഷ്ടത്തിന്‍റെ തോത് വെളിപ്പെടുത്താന്‍ അദ്ദേഹം തയ്യാറായില്ല.

US says it will resume nuclear talks with Iran

Share Email
Top