വാഷിങ്ടൻ: യുഎസിലെ പുതിയ നികുതി ബിൽ സെനറ്റിൽ പാസായതോടെ ട്രംപ് ഭരണകൂടത്തിനും റിപ്പബ്ലിക്കൻ പാർട്ടിക്കുമെതിരെ വിമർശനവുമായി ഇലോൺ മസ്ക് വീണ്ടും രംഗത്ത്. പുതിയ ബിൽ തൊഴിൽമേഖലയെയും പുതിയ വ്യവസായങ്ങളെയും തകർക്കുമെന്ന് മസ്ക് ആരോപിച്ചു. 49ന് എതിരെ 51 വോട്ടുകൾക്കാണ് ബിൽ പാസായത്. രണ്ട് റിപ്പബ്ലിക്കൻ അംഗങ്ങൾ ബില്ലിനെ എതിർത്ത് വോട്ട് ചെയ്തു. സൈന്യത്തിനും അതിർത്തി സുരക്ഷയ്ക്കും കൂടുതൽ തുക ചെലവാക്കുന്ന പുതിയ നികുതി ബിൽ യുഎസിന്റെ പൊതുകടം കുത്തനെ കൂട്ടുമെന്നാണ് വിലയിരുത്തൽ.
റിപ്പബ്ലിക്കൻ പാർട്ടിയുടെ രാഷ്ട്രീയ ആത്മഹത്യയാണ് ഈ ബിൽ എന്ന് ഇലോൺ മസ്ക് എക്സിൽ കുറിച്ചു. യുഎസ് ഭരണകൂടത്തിന്റെ കാര്യക്ഷമതാ വകുപ്പ് മേധാവിയെന്ന സ്ഥാനം ഉപേക്ഷിച്ച് ട്രംപുമായി കൊമ്പുകോർത്ത മസ്ക് മുൻപ് തന്നെ ബില്ലിനെതിരെ ശക്തമായ വിമർശനവുമായി രംഗത്തുവന്നിരുന്നു. ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തവരെ ഓർത്ത് ലജ്ജ തോന്നുന്നുവെന്നും നിങ്ങൾ ചെയ്തത് തെറ്റാണെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് ഈ നടപടിയെന്നും മസ്ക് മുൻപ് ആരോപിച്ചിരുന്നു.
US Senate passes Big Beautiful bill: Musk criticizes again