തിരുവനന്തപുരം: സംസ്ഥാനത്തെ സർവകലാശാലകളുടെ സാമ്പത്തീക പ്രതിസന്ധി ഗവർണർക്ക് മുന്നിൽ തുറന്നു കാട്ടി വൈസ് ചാൻസിലർമാർ. ഗവർണറുമായി നടത്തിയ കൂടിക്കാഴ്ച്ചയിലാണ് വി.സിമാർ സാമ്പത്തീക പ്രതിസന്ധി ചൂണ്ടിക്കാട്ടിയത്.
സർവകലാശാലകളുടെ പദ്ധതി വിഹിതത്തിൽ 50 ശതമാനം വരെ സർക്കാർ വെട്ടിക്കുറയ്ക്കുന്നെന്നും ഇത് ഗുരുതര സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കുന്നെന്നും വൈസ്ചാൻസലർമാർ പറഞ്ഞു ദൈനംദിന പ്രവർത്തനങ്ങളെ ഇത് ബാധിക്കുന്നു. ഇക്കാര്യം സർക്കാരിന്റെ ശ്രദ്ധയിൽപെടുത്തി പരിഹരിക്കുമെന്ന് ഗവർണർ ആർ.വി ആർലേക്കർ വി.സിമാർക്ക് ഉറപ്പു നൽകി.
ഇന്ദിരാഗാന്ധി ഓപ്പൺ സർവകലാശാലയുടെ കോഴ്സുകൾ എല്ലാ സർവകലാശാലകളും അംഗീകരിക്കണമെന്ന് ഗവർണർ വി.സിമാരോട് നിർദ്ദേശിച്ചു. കോഴ്സുകൾ അംഗീകരിക്കുന്നതിൽ തടസമില്ലെന്നും പി.എസ്.സി തുല്യതാ സർട്ടിഫിക്കറ്റ് ആവശ്യപ്പെടുന്നതാണ് പ്രശ്നമെന്നും വി.സിമാർ അറിയിച്ചു. ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളുടെ ചട്ടങ്ങൾ (സ്റ്റാറ്റ്യൂട്ട്) ഉടൻ തയ്യാറാക്കണമെന്ന് ഗവർണർ നിർദ്ദേശിച്ചു. സാങ്കേതിക സർവകലാശാലയിലെ ബഡ്ജറ്റ് വി.സിയുടെ പ്രത്യേക അധികാരമുപയോഗിച്ച് അംഗീകരിക്കാൻ നേരത്തേ ചാൻസലർ നിർദ്ദേശിച്ചിരുന്നു. എന്നാൽ 26വരെ നയപരമായ തീരുമാനങ്ങൾ പാടില്ലെന്ന് ഹൈക്കോടതി ഉത്തരവുള്ളതായി വി.സി അറിയിച്ചു.
അക്കാഡമിക് കലണ്ടർ കൃത്യമായി പാലിക്കണമെന്നും പരീക്ഷയും ഫലപ്രഖ്യാപനവും സമയത്ത് നടത്തണമെന്നും വി.സിമാരോട് ഗവർണർ നിർദ്ദേശിച്ചു.
Vice Chancellors reveal financial crisis of universities to Governor