പ്രസിഡൻ്റ് ട്രംപിനെ കൂസലില്ലാതെ വിമർശിക്കുന്ന യുവ തുർക്കി, ഇന്ത്യൻ വംശജൻ, ന്യൂയോർക്ക് നഗര പിതാവാകുമോ ഈ ചെറുപ്പക്കാരൻ? അറിയാം സൊഹ്​റാൻ മംദാനിയെ

പ്രസിഡൻ്റ് ട്രംപിനെ കൂസലില്ലാതെ വിമർശിക്കുന്ന യുവ തുർക്കി, ഇന്ത്യൻ വംശജൻ, ന്യൂയോർക്ക് നഗര പിതാവാകുമോ ഈ ചെറുപ്പക്കാരൻ? അറിയാം സൊഹ്​റാൻ മംദാനിയെ

അമേരിക്കയിൽ പ്രസിഡൻ്റ് ട്രംപിൻ്റെ അജയ്യമമായ തേരോട്ടമാണ് നടക്കുന്നത്. അദ്ദേഹത്തിൻ്റെ കുടിയേറ്റ വിരുദ്ധ നയങ്ങൾക്ക് എതിരെ ചെറുതും വലുതുമായ നിരവധി പ്രതിഷേധങ്ങളും നടക്കുന്നുണ്ട്. ന്യൂയോർക്കിൽ നടക്കുന്ന ഭരണവിരുദ്ധ പ്രതിഷേധങ്ങളുടം ചുക്കാൻ പിടിക്കുന്നത് മുപ്പത്തിമൂന്നുകാരനായ ഒരു ചെറുപ്പക്കാരനാണ്. പ്രസിഡൻ്റിൻ്റെ നടപടികളെ ഫാസിസം എന്നു വിളിക്കാനും ട്രംപ് അമേരിക്കയുടെ ആകെ ദുസ്വപ്നമാണെന്നു പൊതുവിടത്തിൽ പറയാനും ധൈര്യംകാട്ടിയ ആ ചെറുപ്പക്കാരൻ ഇന്ന് അമേരിക്കയുടെ ആകെ ശ്രദ്ധാകേന്ദ്രമാണ്.

ന്യൂയോര്‍ക്ക് സിറ്റി മേയര്‍ സ്ഥാനാര്‍ഥിയാകാനുള്ള ഡെമോക്രാറ്റിക് പാര്‍ട്ടിക്കുള്ളിലെ പ്രൈമറി വിജയിച്ചാണ് അമേരിക്കന്‍ ഡൊമോക്രാറ്റിക് സോഷ്യലിസ്റ്റ് രാഷ്ട്രീയധാരയുടെ യുവമുഖവും ഇന്ത്യന്‍ വംശജനുമായ സൊഹ്​റാൻ വാര്‍ത്തകളില്‍ നിറയുന്നത്.

ഡൊമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രമുഖ നേതാവും മുന്‍ ന്യൂയോര്‍ക്ക് ഗവര്‍ണറുമായ ആന്‍ഡ്രൂ കുമോയെ പരാജയപ്പെടുത്തിയാണ് സൊഹ്​റാൻ പാര്‍ട്ടി തിരഞ്ഞെടുപ്പില്‍ വിജയിച്ചത്. നവംബറില്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ ന്യൂയോര്‍ക്ക് നഗരത്തിൻ്റെ മേയറായിരിക്കും സൊഹ്​റാൻ മംദാനി. നിലവില്‍ ന്യൂയോര്‍ക്ക് സ്‌റ്റേറ്റ് അസംബ്ലിയിലെ പ്രതിനിധിയായ സൊഹ്​റാൻ സ്വയം വിശേഷിപ്പിക്കുന്നത് ഒരു ഡൊമാക്രാറ്റിക് സോഷ്യലിസ്റ്റ് എന്നാണ്.

ഇന്ത്യയില്‍ ജനിച്ച യുഗാണ്ടന്‍ അക്കാദമീഷ്യനായ മഹ്‌മൂദ് മംദാനിയുടെയും ഇന്ത്യന്‍ ചലച്ചിത്ര സംവിധായിക മീര നായരുടെയും മകനാണ് സൊഹ്​റാൻ മംദാനി. സലാം ബോംബെ, മണ്‍സൂണ്‍ വെഡ്ഡിങ് തുടങ്ങിയ സിനിമകളുടെ സംവിധായികയാണ് ഓസ്‌കര്‍ നോമിനി കൂടിയായ മീര നായര്‍. യുഗാണ്ടയുടെ തലസ്ഥാനമായ കംപാലയിലാണ് സൊഹ്രാന്‍ ജനിച്ചതും തന്റെ കുട്ടിക്കാലം ചെലവഴിച്ചതും. അദ്ദേഹത്തിന്റെ ഏഴാമത്തെ വയസ്സിലാണ് മംദാനി കുടുംബം ന്യൂയോര്‍ക്കിലേക്ക് കുടിയേറുന്നത്. 2018ലാണ് അദ്ദേഹത്തിന് അമേരിക്കന്‍ പൗരത്വം ലഭിക്കുന്നത്. ഈ വര്‍ഷം ആദ്യം സിറിയന്‍ കലാകാരിയായ റാമ ദുവാജിയെ വിവാഹം ചെയ്തു.

ആഫ്രിക്കന്‍ പഠനത്തില്‍ ബിരുദം നേടിയിട്ടുള്ള അദ്ദേഹം നേരത്തെ ഒരു സാമൂഹ്യപ്രവര്‍ത്തകനായിട്ടായിരുന്നു ജോലി ചെയ്തിരുന്നത്. റാപ്പറും എഴുത്തുകാരനുമെല്ലാമായ അദ്ദേഹം ജപ്തി ഭീഷണി നേരിട്ടിരുന്ന സാധാരണക്കാര്‍ക്ക് വേണ്ടിയുള്ള നിയമപോരാട്ടങ്ങള്‍ നടത്തിയാണ് പൊതുശ്രദ്ധയിലേക്ക് വരുന്നത്. 2020ല്‍ ന്യൂയോര്‍ക്ക് സ്‌റ്റേറ്റ് അസംബ്ലിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

ലോകത്തിലെ ഏറ്റവും സമ്പന്നമായ നഗരങ്ങളിലൊന്നായ ന്യൂയോര്‍ക്കിലെ സാധാരണക്കാരായ ജനങ്ങളുടെ വക്താവായാണ് സൊഹ്​റാൻ രാഷ്ട്രീയത്തിലിറങ്ങുന്നത്. വിലക്കയറ്റവും ഉയര്‍ന്ന ജീവിതച്ചെലവും വാടകയുമൊക്കെയാണ് അദ്ദേഹം തന്റെ പ്രസംഗങ്ങളില്‍ ഉയര്‍ത്തിക്കാണിക്കാറുള്ളത്. നഗരത്തിലെ അതിസമ്പന്നരായ ഒരു ശതമാനത്തിന് അനുകൂലമായാണ് നിയമങ്ങളെല്ലാം രൂപീകരിക്കപ്പെടുന്നതെന്നും ഇതില്‍ മാറ്റമുണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.

ന്യൂയോര്‍ക്ക് നഗരത്തിലെ ഏറ്റവും സാധാരണക്കാരായ ആളുകളില്‍ വലിയൊരു വിഭാഗത്തിന്റെ പിന്തുണ കുറഞ്ഞ കാലം കൊണ്ട് സൊഹ്​റാൻ നേടിയിട്ടുണ്ട്. തൊഴിലാളികള്‍ക്കിടയിലും കുടിയേറ്റ ജനവിഭാഗങ്ങള്‍ക്കിടയിലും അദ്ദേഹം വലിയ മുന്നേറ്റമുണ്ടാക്കുന്നുണ്ട്. ഹിന്ദിയും ഉറുദുവും സ്പാനിഷുമെല്ലാം സംസാരിച്ച് ജനങ്ങള്‍ക്കിടയില്‍ പിന്തുണ തേടുന്ന അദ്ദേഹത്തിന്റെ വീഡിയോകള്‍ സാമൂഹിക മാധ്യമങ്ങള്‍ ഹിറ്റാണ്. ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റ് ഉള്‍പ്പടെയുള്ള ഫെഡറല്‍ ഏജന്‍സികളുടെ കടുത്ത വിമര്‍ശകന്‍ കൂടിയാണ് സൊഹ്​റാൻ.

കുടിയേറ്റ വിഷയവുമായി ബന്ധപ്പെട്ട് സൊഹ്​റന്റെ പിതാവിനെയും ഫെഡറല്‍ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തത് വലിയ വാര്‍ത്തയായിരുന്നു. കുടിയേറ്റ വിഷയത്തിലും പലസ്തീൻ വിഷയത്തിലും ട്രംപിൻ്റെ കടുത്ത വിമർശകനാണ് സെഹ്റാൻ. അതുകൊണ്ടു തന്നെ ഇയാളുടെ ജയപരാജയങ്ങൾ ട്രംപ് ഭരണൂടത്തിനുള്ള ഒരു ലിറ്റ്മസ് ടെസ്റ്റാണ്.

Who is Zohran Mamdani the democratic mayor candidate for New York City

Share Email
LATEST
More Articles
Top