അനാഥയെന്ന് പറഞ്ഞ് അനുകമ്പ നേടും: 12 വിവാഹം കഴിച്ച് പണവും സ്വർണവുമായി മുങ്ങുന്ന യുവതി പിടിയിൽ

അനാഥയെന്ന് പറഞ്ഞ് അനുകമ്പ നേടും: 12 വിവാഹം കഴിച്ച് പണവും സ്വർണവുമായി മുങ്ങുന്ന യുവതി പിടിയിൽ

തിരുവനന്തപുരം: പന്ത്രണ്ട് വിവാഹങ്ങൾ ചെയ്ത് മുങ്ങിയ യുവതി അറസ്റ്റില്‍. എറണാകുളം, കാഞ്ഞിരമറ്റം സ്വദേശിയും രണ്ട് വയസ്സുള്ള കുട്ടിയുടെ മാതാവുമായ രേഷ്മ (35) ആണ് അറസ്റ്റിലായത്. മറ്റൊരു വിവാഹത്തിന് ശ്രമിക്കുന്നതിനിടെയാണ് ഇവർ പിടിയിലായത്. മാട്രിമോണിയല്‍ സൈറ്റിൽ വിവാഹ പരസ്യം നല്‍കി തട്ടിപ്പുനടത്തിയ രേഷ്മ വിവിധ ജില്ലകളിലായാണ് 12 പേരെ വിവാഹം കഴിച്ചത്.

ആര്യനാട് പഞ്ചായത്ത് അംഗമായ യുവാവിനെ വിവാഹം ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയാണ് രേഷ്മ പിടിയിലായത്. പ്രതിശ്രുത വരനായ പഞ്ചായത്ത് അംഗവും സുഹൃത്തായ മറ്റെരു വാര്‍ഡ് അംഗവും ഭാര്യയും ചേര്‍ന്നാണ് രേഷ്മയുടെ തട്ടിപ്പ് പുറത്തുകൊണ്ടുവന്നത്. വിവാഹത്തിനായി ഒരുക്കിയ ഓഡിറ്റോറിയത്തിലേയ്ക്ക് പോകാന്‍ നിന്ന രേഷ്മയെ ആര്യനാട് പൊലീസ് നാടകീയമായി അറസ്റ്റ് ചെയ്യുകയായിരുന്നു.

45 ദിവസം മുന്‍പ് വിവാഹം കഴിച്ചതിന്റെ രേഖകള്‍ ബാഗില്‍നിന്ന് കണ്ടെടുത്തതിനെ തുടര്‍ന്നാണ് കബളിപ്പിച്ചതായി പഞ്ചായത്ത് അംഗവും ബന്ധുക്കളും മനസിലാക്കിയത്. മറ്റ് വിവാഹം കഴിച്ച രേഖകളും ഇവർ കണ്ടെത്തിരുന്നു.

വിവാഹപരസ്യം നല്‍കുന്ന ഗ്രൂപ്പില്‍ പഞ്ചായത്ത് അംഗം റജിസ്റ്റര്‍ ചെയ്ത ഫോണ്‍ നമ്പരിലേക്ക് മേയ് 29-നാണ് ആദ്യം കോള്‍ വന്നത്. യുവതിയുടെ അമ്മയാണെന്ന് സ്വയം പരിചയപ്പെടുത്തിയ സ്ത്രീ, മകള്‍ ജൂലൈ അഞ്ചിന് യൂണിവേഴ്സിറ്റിയില്‍ ഒരാവശ്യത്തിനായി വരുന്നുണ്ടെന്ന് പറഞ്ഞു. ഇവിടെ വെച്ച് ഇരുവരും പരസ്പരം കണ്ടു. താൻ ദത്തെടുക്കപ്പെട്ട കുട്ടിയാണെന്നും അതുകൊണ്ട് അമ്മയ്ക്ക് ഈ വിവാഹത്തിന് താൽപര്യക്കുറവുണ്ടെന്ന് രേഷ്മ യുവാവിനെ അറിയിക്കുകയും ചെയ്തു. അതോടെ രേഷ്മയെ വിവാഹംകഴിക്കാൻ തയാറാണെന്ന് യുവാവ് ഉറപ്പ് നല്‍കി.

തുടർന്ന് യുവാവ് വിവാഹം തീരുമാനിച്ച് ഒരുക്കങ്ങള്‍ തുടങ്ങുകയായിരുന്നു. വെള്ളിയാഴ്ചയാണ് വിവാഹം നടത്താൻ നിശ്ചയിച്ചിരുന്നത്. അഞ്ചാം തീയതി രേഷ്മയെ യുവാവ് കൂട്ടിക്കൊണ്ടുവന്ന് ഉഴമലയ്ക്കല്‍ ഉള്ള ഒരു വാര്‍ഡ് മെമ്പറുടെ വീട്ടില്‍ താമസിപ്പിച്ചിരുന്നു. വിവാഹദിവസം രാവിലെ, കുളികഴിഞ്ഞ് തനിക്ക് ബ്യൂട്ടി പാർലറിൽ പോകണമെന്ന് രേഷ്മ പറഞ്ഞു. വൈകാതെ ബ്യൂട്ടി പാര്‍ലറില്‍ പോകുകയും ചെയ്തു. വാര്‍ഡ് മെമ്പറുടെ ഭാര്യ കുളിമുറിയില്‍ കയറിയപ്പോള്‍ രേഷ്മ കുളിച്ചതിന്‍റെ ലക്ഷണങ്ങൾ കണ്ടില്ല. തുടര്‍ന്നാണ് രേഷ്മയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയത്.

ഇതോടെ വാര്‍ഡ് മെമ്പറുടെ ഭാര്യ രേഷ്മയുടെ ബാഗ് പരിശോധിച്ചു. അപ്പോഴാണ് മുൻ വിവാഹങ്ങളുടെ സട്ടിഫിക്കറ്റുകൾ കണ്ടെത്തിയത്. ഉടൻതന്നെ പൊലീസിനെ വിവരമറിയിച്ചു. പൊലീസ്ചോദ്യം ചെയ്യലില്‍ താൻ 12 വിവാഹങ്ങൾ കഴിച്ചതായി രേഷ്മ വെളിപ്പെടുത്തി. ഇതിൽ ഒരുവിവാഹത്തിൽ രേഷ്മയ്ക്ക് ഒരു കുട്ടിയുമുണ്ട്. ആദ്യവിവാഹമാണെന്ന് പറഞ്ഞാണ് രേഷ്മ വിവാഹങ്ങൾ നടത്താറുള്ളത്. വരനേക്കൊണ്ട് വിവാഹത്തിനു മുൻപുതന്നെ സ്വര്‍ണവും വസ്ത്രങ്ങളും വാങ്ങിപ്പിക്കും. തുടര്‍ന്ന് ഈ പണവും വസ്ത്രങ്ങളും കല്യാണാവശ്യത്തിനുള്ള പണവും കൈക്കലാക്കി വിവാഹപ്പിറ്റേന്നുതന്നെ മുങ്ങും. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

woman arrested for marriage fraud

Share Email
Top