തൃശൂർ: ഹൃദ്രോഗ ചികിത്സയിൽ ചരിത്ര അധ്യായം കുറിച്ച് തൃശ്ശൂർ ജനറൽ ആശുപത്രിയിലെ കാർഡിയോളജി വിഭാഗം. 48 വയസ്സ് പ്രായമുള്ള സ്ത്രീയ്ക്കാണ് ഈ ആശുപത്രിയിൽ അട്രിയൽ സെപ്റ്റൽ ഡിഫെക്ട് (എഎസ്ഡി) ഡിവൈസ് ക്ലോഷർ എന്ന ഹൃദയ ശസ്ത്രക്രിയ വിജയകരമായി നടത്തിയത്.
ജന്മനാ ഹൃദയ ഭാഗത്ത് ഉണ്ടാകുന്ന ദ്വാരത്തെ ഒരു ഉപകരണം വെച്ച് അടയ്ക്കുന്ന അപൂർവമായിട്ടുള്ള ശസ്ത്രക്രിയയാണ് എഎസ്ഡി ഡിവൈസ് ക്ലോഷർ. കീഹോൾ വഴിയാണ് ഇത് ചെയ്തിട്ടുള്ളത്. 2022 ഏപ്രിൽ 20 ന് ആരംഭിച്ച തൃശ്ശൂർ ജനറൽ ആശുപത്രിയിലെ കാത്ലാബിൽ ഇതുവരെ 3,500 ഓളം ശസ്ത്രക്രിയ വിജയകരമായി പൂർത്തീകരിച്ചു.
കൺസൾട്ടന്റ് കാർഡിയോളജിസ്റ്റുമാരായ ഡോ. എ കൃഷ്ണകുമാർ, ഡോ. വിവേക് തോമസ് എന്നിവർ ശസ്ത്രക്രിയ നയിച്ചു. ഡോ. ആദർശ്, ഡോ. അശ്വതി, കാത്ലാബ് ടെക്നീഷ്യൻമാരായ ദിവ്യ, ശ്രീലക്ഷ്മി, നഴ്സിങ് ഓഫീസർമാരായ ജിന്റോ, ശ്രുതി, ഷഹീദ എന്നിവരടങ്ങിയ സംഘത്തിന്റെ കഠിന പ്രയത്നമാണ് വിജയ പൂർത്തീകരണത്തിന് പിന്നിൽ. ഈ സമ്പൂർണ പ്രൊസീജ്യർ ഡോ. ആന്റണി പത്താടൻ പ്രോക്ട് ചെയ്ത് വിവിധ ഘട്ടങ്ങളിൽ നിർദ്ദേശങ്ങളും പിന്തുണയും നൽകി വിജയത്തിലേക്ക് നയിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ. താജ് പോൾ പണയ്ക്കൽ എല്ലാ സംവിധാനങ്ങളും പിന്തുണയും ഉറപ്പാക്കിയതിലൂടെ ഉയർന്ന നിലവാരമുള്ള ചികിത്സ വിജയകരമാക്കാൻ നിർണായകമായ പങ്ക് വഹിച്ചു.
ചിത്രം: ശസ്ത്രക്രിയ നടത്തിയ തൃശൂർ ജനറൽ ആശുപത്രിയിലെ ഡോക്ടർമാരുടെ സംഘം
Thrissur General Hospital writes a historical chapter in heart disease treatment